തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നം ഗൗരവമായി കണക്കിലെടുത്ത് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാർ ഇടപെടുന്നു. സാധ്യമായ അടിയന്തര നടപടികൾ ഉടനടി സ്വീകരിക്കുമെന്ന് ജലവിഭവ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് വ്യക്തമാക്കി. തലസ്ഥാന നഗരിയിൽ പ്രത്യേകിച്ച് തമ്പാനൂരിലും, ചാക്കയിലും ഉൾപ്പെടെ വെള്ളക്കെട്ട് പ്രശ്നം ഇപ്പോൾ ഉണ്ടാകാൻ എന്താണ് കാരണമായതെന്ന് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ജലസേചന വകുപ്പിന്റെ സംസ്ഥാന ചീഫ് എൻജിനീയർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം കോർപ്പറേഷൻ ആവശ്യപ്പെട്ടത് പ്രകാരം പാർവതി പുത്തനാറും, ആമയിഴഞ്ചാൻ തോടും ശുദ്ധീകരിക്കുന്നതിന് ആവശ്യമായ പ്രാഥമിക അനുമതി ജലസേചന വകുപ്പ് നൽകിയെന്നാണ് ഉന്നത ഉദ്യോഗസ്ഥർ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എങ്കിലും ഇക്കാര്യങ്ങൾ സംബന്ധിച്ച് തിരുവനന്തപുരം മേയർ ഉൾപ്പെടെയുള്ള വരെ ചർച്ചയ്ക്ക് വിളിക്കാൻ സർക്കാർ സന്നദ്ധമാണെന്ന് മന്ത്രി അറിയിച്ചു.
തലസ്ഥാന നഗരിയിൽ ഉണ്ടായ വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ സത്വര നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് മന്ത്രിമാരായ കെ. മുരളീധരൻ, സി. പി. ജോൺ എന്നിവർ ജല വിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫുമായി ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് പ്രശ്നങ്ങളും, പരിഹാര നടപടികളും പരിശോധിക്കുന്നതിന് വേണ്ടിയും, ആവശ്യമായ പരിഹാര നടപടികൾ കൈക്കൊള്ളുന്നതിന് വേണ്ടിയും, മൂന്നു മന്ത്രിമാരുടെയും സാന്നിധ്യത്തിൽ ജൂൺ രണ്ടിന് വൈകുന്നേരം നാലുമണിക്ക് സെക്രട്ടറിയേറ്റിലെ ജലവിഭവ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ വച്ച് ഉന്നതതല യോഗം വിളിച്ചുചേർക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
അതെസമയം തിരുവനന്തപുരത്തെ വെള്ളക്കെട്ട് കോർപ്പറേഷൻ്റെ മാത്രം വീഴ്ചയല്ലെന്ന് മേയർ വി വി രാജേഷ് അവകാശപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് പ്രശ്നം. കോര്‍പറേഷൻ മാത്രം വിചാരിച്ചാൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒൻപത് വകുപ്പുകൾ ഒന്നിച്ച് പ്രവർത്തിക്കേണ്ട കാര്യമാണിതെന്നും അവരെ ഏകോപിപ്പിക്കാൻ കോർപ്പറേഷന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം താൻ മുഖ്യമന്ത്രിയെ ധരിപ്പിച്ചെന്നും വിവി രാജേഷ് പറഞ്ഞിരുന്നു.
വെള്ളക്കെട്ട് പല കാലങ്ങളിലുണ്ടായ അശാസ്ത്രീയമായ നിര്‍മാണം കൊണ്ട് സംഭവിച്ചതാണെന്ന് മേയര്‍ പറഞ്ഞു. ഇത് പരിഹരിക്കാൻ ആമയിഴഞ്ചാൻ തോടും പാര്‍വതിപുത്തനാറും പൂര്‍ണമായും മുകളിൽ സ്ലാബിടണം. എങ്കിൽ പ്രശ്നം അവസാനിക്കും. അതിന് കോർപറേഷൻ മുൻകൈയെടുക്കാം. പക്ഷേ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പദ്ധതികളുമായി ബന്ധപ്പെടുത്തി ഫണ്ട് ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.







