നയപ്രഖ്യാപനത്തില്‍ പറയേണ്ട കാര്യങ്ങളൊന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍,

0
11

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്‍റെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം. നയരാഹിത്യമാണ് പ്രസംഗമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. പുതുയുഗ കേരളത്തിനുള്ള റൂട്ട് മാപ്പ് ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൃത്യമായ കാഴ്‌ചപ്പാടില്ലാത്ത നയപ്രഖ്യാപനമാണ്. കേന്ദ്ര അവഗണനയില്‍ സര്‍ക്കാരിന് മൗനമാണ്. യുദ്ധ സാഹചര്യത്തെ മറികടക്കാനുള്ള പ്രഖ്യാപനമില്ല. സാമ്പത്തിക സ്ഥിതി അപകടത്തിലാണെന്ന് വരുത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കപ്പെട്ട നിലയില്‍ ഇടതുമുന്നണി അധികാരം വിട്ടൊഴിഞ്ഞപ്പോള്‍ 5429 കോടിയിലേറെ രൂപ ഖജനാവില്‍ നീക്കിയിരുപ്പുണ്ട്. ഇക്കാര്യം സതീശന്‍ സര്‍ക്കാര്‍ മറച്ച് വയ്ക്കുന്നു. പരമ്പരാഗത വ്യവസായ മേഖലയെക്കുറിച്ച് പരാമര്‍ശമില്ല. കിഫ്‌ബിയെക്കുറിച്ചും കുടുംബശ്രീയെക്കുറിച്ചും മൗനം പാലിക്കുന്നു.

വാഗ്‌ദാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്നു. സംസ്ഥാനത്തിന്‍റെ പൊതുകടം കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ശതമാനം കുറച്ചു. കടക്കെണിയില്‍ ആദ്യ പതിനെട്ട് സംസ്ഥാനങ്ങളില്‍ കേരളം ഇല്ലെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. കേരളത്തിന്‍റ വികസനത്തെ പുറകോട്ട് അടിക്കുമോയെന്ന ആശങ്കയുണ്ട്.

വന്ദേമാതരത്തില്‍ സര്‍ക്കാരിന്‍റെ നിലപാട് ശരിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. വന്ദേമാതരം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ല. വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വന്ദേമാതരം പൂര്‍ണമായും ആലപിക്കാത്തത് അനാദരവാണെന്നായിരുന്നു ബിജെപി എംഎല്‍എ വി മുരളീധരന്‍റെ ആക്ഷേപം.

 

 

ഡിജിപി സഭാതലത്തിലെത്തിയത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യം സ്‌പീക്കറുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. നയപ്രഖ്യാപന വേളയില്‍ ഡിജിപി സഭയിലെത്തുന്നത് ഇല്ലാത്ത കീഴ്‌വഴക്കമാണ്. അതേസമയം അശ്രദ്ധകാരണമാകാം ഇത്തരമൊരു അബദ്ധം പറ്റിയത് എന്നാണ് സ്‌പീക്കര്‍ പ്രതികരിച്ചത്.

പ്രതിപക്ഷ പാര്‍ട്ടികളെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുന്നുവെന്നായിരുന്നു ഇഡി റെയ്‌ഡിനെക്കുറിച്ചുള്ള പിണറായിയുടെ പ്രതികരണം. കെജ്‌രിവാളിന്‍റെ കാര്യത്തില്‍ ഇക്കാര്യം തെളിഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി ഇതര നേതാക്കള്‍ക്കെതിരെ കേന്ദ്ര ഉപയോഗിക്കുന്ന ആയുധമാണ് ഇഡിയെന്നും പിണറായി പറഞ്ഞു. അതേസമയം വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്ത് കൊണ്ടാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നീക്കങ്ങള്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. മകള്‍ വീണയുടെ അക്കൗണ്ട് ക്ലോസ് ചെയ്‌തു. പറയത്തക്ക പണമൊന്നും വീണയുടെ അക്കൗണ്ടില്‍ ഇല്ലെന്നും പിണറായി പറഞ്ഞു.

കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഇരട്ട സമീപനമാണ് ഉള്ളത്. അവരുടെ കേസുകളില്‍ അവര്‍ ആശങ്കപ്പെടുന്നു. എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ അവര്‍ സന്തോഷിക്കുന്നുവെന്നും പിണറായി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here