ആദ്യ ഡൽഹി സന്ദർശനത്തിന് തയ്യാറെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്;

0
10

ചെന്നൈ: തൻ്റെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനത്തിന് തയ്യാറെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം വിജയ് നടത്തുന്ന ആദ്യ ഡൽഹി സന്ദർശനമാണിത്. ദേശീയ തലസ്ഥാനം സന്ദർശിക്കാനായി വിജയ് ചെന്നൈ വിമാനത്താവളത്തിലെത്തിൽ എത്തിച്ചേർന്നു.

തമിഴ്‌നാട് മന്ത്രി ആധവ് അർജുനയും മറ്റ് മുതിർന്ന മന്ത്രിമാരും വിജയ്‌യുടെ കൂടെ ഡൽഹി സന്ദർശന വേളയിൽ ഉണ്ടാവുമെന്നാണ് കരുതുന്നത്. സന്ദർശന സമയത്ത് രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാർ എന്നിവരുമായി വിജയ് കൂടിക്കാഴ്‌ച നടത്തും. മുഖ്യമന്ത്രിയും സംഘവും ദേശീയ തലസ്ഥാനത്തെ തമിഴ്‌നാട് ഹൗസ് സന്ദർശിക്കുമെന്നും വൃത്തങ്ങൾ പറയുന്നു.

പിന്നീട് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതി സന്ദർശിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം വിജയ് തമിഴ്‌നാട് ഹൗസിലേക്ക് തിരിക്കും. ഡൽഹി പര്യടനത്തിനിടെ, ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) തമിഴ്‌നാട് സർക്കാർ സ്ഥാപിച്ച തമിഴ് കവി തിരുവള്ളുവരുടെ പ്രതിമയും തമിഴ്‌നാട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

നാളെ രാവിലെ വിജയ് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്‌ണനുമായി സൗഹൃദ കൂടിക്കാഴ്‌ച നടത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ, ഡൽഹിയിലെ നിരവധി മുതിർന്ന കേന്ദ്ര മന്ത്രിമാർ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തുമെന്നും പ്രതീക്ഷിക്കുന്നു.

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുൾപ്പെടെ മുതിർന്ന കോൺഗ്രസ് നേതാക്കളെയും വിജയ് കാണുമെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. ഇന്ന് രാത്രി, ഡൽഹിയിലെ നിരവധി ഇടതുപക്ഷ നേതാക്കളും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് നേതാക്കളും മുഖ്യമന്ത്രി വിജയുമായി തമിഴ്‌നാട് ഹൗസിൽ വച്ച് സൗഹൃദ കൂടിക്കാഴ്‌ച നടത്തിയേക്കും.

വിജയ്‌യുടെ ഡൽഹി സന്ദർശനവുമായി ബന്ധപ്പെട്ട് നടത്തേണ്ട സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ച് ഇന്നലെ ചെന്നൈ വിമാനത്താവളത്തിലെ വിഐപി ലോഞ്ചിൽ സുരക്ഷാ അവലോകന യോഗം ചേർന്നിരുന്നു. യോഗത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ, ചെന്നൈ വിമാനത്താവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയിലെ (ബിസിഎഎസ്) മുതിർന്ന ഉദ്യോഗസ്ഥർ, വിഐപി സുരക്ഷാ ഉദ്യോഗസ്ഥർ, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലെ (സിഐഎസ്എഫ്) മുതിർന്ന ഉദ്യോഗസ്ഥർ, ചെന്നൈ സിറ്റി പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here