കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. അനുവാദമില്ലാതെ വിദേശ സഹായം സ്വീകരിച്ചത് സര്‍ക്കാര്‍ പദ്ധതിക്കാണെന്നും, ലൈഫ് മിഷന്‍ കരാര്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലൈഫ് മിഷന്‍ സി.ഇ.ഒ സര്‍ക്കാര്‍ പ്രതിനിധിയാണെന്നും ഇതെല്ലാം കൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നാണ് സി.ബി.ഐ നിരീക്ഷണം.
സംസ്ഥാനം നേരിട്ട് വിദേശ സഹായം സ്വീകരിച്ചില്ലെന്ന വാദം നിലനില്‍ക്കില്ലെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. യൂണിടാകും കോണ്‍സുലേറ്റും തമ്മിലാണ് പണമിടപാടുമായി ബന്ധപ്പെട്ട കരാറെങ്കിലും ഇതിലെ രണ്ടാം കക്ഷി സര്‍ക്കാരാണ്.വിദേശ സഹായം സ്വീകരിച്ചതിന്റെ പ്രയോജനവും സര്‍ക്കാരിനാണ്. വിദേശ സഹായം സ്വീകരിച്ചതില്‍ സര്‍ക്കാരിന് ബാദ്ധ്യതയില്ലെങ്കില്‍ സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിടം പണിയാന്‍ കോണ്‍സുലേറ്റിന് അനുവാദം കൊടുത്തത് എന്തിനാണെന്നും ചോദ്യമുണ്ട്.
സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ അതിലെ ഉദ്യേഗസ്ഥ അഴിമതിയും അന്വേഷിക്കാമെന്നാണ് ശുപാര്‍ശ. ലൈഫ് മിഷന്‍ ഇടപാട് സംബന്ധിച്ച അന്വേഷണം വേഗത്തിലാക്കാനാണ് സി.ബി.ഐയ്ക്ക് കിട്ടിയിരിക്കുന്ന നിര്‍ദേശം. സംസ്ഥാന വിജിലന്‍സ് കൂടി പദ്ധതിയിലെ കോഴ ഇടപാട് സംബന്ധിച്ച് സമാന്തര അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് കേന്ദ്ര ഏജന്‍സിയുടെ തലപ്പത്തുനിന്ന് നിര്‍ദേശമെത്തിയത്.
അനുവാദമില്ലാതെ വിദേശ ധനസഹായം സ്വീകരിച്ചുവെന്ന കേസില്‍ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാതാക്കളായ യൂണിടാക് ബില്‍ഡേഴ്സിനെതിരെ സി.ബി.ഐ കേസെടുത്തിരുന്നു. സ്ഥാപനത്തിന്റെ ഓഫീസിലും മറ്റും ഇന്നലെ പരിശോധനയും നടത്തി. കേസില്‍ ഒന്നാം പ്രതിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലുളള ലൈഫ് മിഷന്‍ ഓഫീസിലും വൈകാതെ പരിശോധന ഉണ്ടാകുമെന്നാണ് വിവരം.