എബോള വൈറസ്; വിമാനയാത്രക്കാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യമന്ത്രാലയം

0
15

ന്യൂഡൽഹി: എബോള ബാധിത രാജ്യങ്ങളിൽ നിന്നുള്ള വിമാന യാത്രക്കാർക്ക് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) പ്രത്യേക നിർദേശം പുറപ്പെടുവിച്ചു. ഇന്ത്യയിൽ എബോള രോഗം പടരുന്നത് തടയുന്നതിനായി വിദേശ യാത്രക്കാർക്കാണ് ഡിജിഎച്ച്എസ് പ്രത്യേക നിർദേശം പുറപ്പെടുവിച്ചത്. മുൻകരുതൽ എന്ന നിലയിൽ രാജ്യത്തുടനീളം നിരീക്ഷണവും തയ്യാറെടുപ്പ് നടപടികളും കേന്ദ്രം ശക്തിപ്പെടുത്തിയിട്ടുണ്ട്.

നടപടികൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്‌തവയുടെ നേതൃത്വത്തിൽ ബുധനാഴ്‌ച എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാരുമായി ഉന്നതതല അവലോകന യോഗം ചേർന്നു. ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഉചിതമായ പ്രതിരോധ, നിരീക്ഷണ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

2014-ൽ ആഫ്രിക്കയിൽ എബോള പൊട്ടിപ്പുറപ്പെട്ടപ്പോൾ ഉൾപ്പെടെ, ഇത്തരം സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയ്ക്ക് മുൻ പരിചയമുണ്ടെന്ന് മന്ത്രാലയം പറഞ്ഞു. ആരോഗ്യ അധികാരികൾ പുറപ്പെടുവിച്ച ഔദ്യോഗിക ഉപദേശങ്ങളും വിവരങ്ങളും പരിഭ്രാന്തരാകാതെ പിന്തുടരാൻ കേന്ദ്രം പറഞ്ഞു.ഇന്ത്യയിൽ ഇതുവരെയും എബോള വൈറസ് രോഗത്തിൻ്റെ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

തുടർന്നും രാജ്യത്ത് കേസുകളുണ്ടാകാതിരിക്കാനാണ് എബോള ബാധിത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായി നിർദേശം പുറപ്പെടുവിച്ചത്. കോംഗോയിലും ഉഗാണ്ടയിലും മെയ് 18 വരെയുണ്ടായ എബോള കേസുകളിൽ 132 മരണങ്ങൾ ഉൾപ്പെടെ ആകെ 528 കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

നിർദേശങ്ങൾ

യാത്ര കഴിഞ്ഞ് എത്തിച്ചേരുന്നതിനു മുമ്പും ശേഷവുമുള്ള സ്‌ക്രീനിംഗ്, ക്വാറൻ്റൈൻ പ്രോട്ടോക്കോളുകൾ, കേസ് മാനേജ്‌മെൻ്റ്, റഫറൽ സംവിധാനങ്ങൾ, ലബോറട്ടറി പരിശോധന എന്നിവ ഉൾക്കൊള്ളുന്ന വിശദമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (എസ്‌ഒ‌പി) എല്ലാ സംസ്ഥാനങ്ങളുമായും യുടികളുമായും ഇതിനകം പങ്കുവച്ചിട്ടുണ്ട്. ഏകോപിത നിരീക്ഷണം, സമയബന്ധിതമായ റിപ്പോർട്ടിംഗ്, നിയുക്ത ആരോഗ്യ സൗകര്യങ്ങളുടെ തയ്യാറെടുപ്പ് എന്നിവയുടെ പ്രാധാന്യം കേന്ദ്ര ആരോഗ്യ സെക്രട്ടറി ഊന്നിപ്പറഞ്ഞു.

സഞ്ചാര നിയന്ത്രണങ്ങഴും പരിശോധനകളും കാരണം ചില മേഖലകളിൽ സമ്പർക്ക രോഗ വ്യാപനം വെല്ലുവിളി നിറഞ്ഞതായി തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഉഗാണ്ടയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട 12 സംശയാസ്‌പദമായ കേസുകളിൽ രണ്ടെണ്ണം ലബോറട്ടറി പരിശോധനയിലൂടെ സ്ഥിരീകരിച്ചതായും ബാക്കിയുള്ളവ നെഗറ്റീവ് ആണെന്നും എക്‌സിലെ ഒരു പ്രസ്‌താവനയിൽ ലോകാരോഗ്യ സംഘടന അറിയിച്ചു.

ഇക്കാര്യങ്ങൾ പാലിക്കുക

  • വ്യക്തി ശുചിത്വം, പരിസര ശുചിത്വം പാലിക്കുക
  • എബോള ബാധിത പ്രദേശത്തു നിന്നും ജന സമ്പർക്കം ഒഴിവാക്കുക.
  • രോഗ ബാധിതരുടെ രക്തം സ്വീകരിക്കാതിരിക്കുക.
  • രോഗ ബാധിതരുടെ ശരീര സ്രവങ്ങൾ സ്‌പർശിക്കാതിരിക്കുക.
  • ആൽക്കഹോൾ അടങ്ങിയിട്ടുള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.
  • ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അംഗീകൃത ആരോഗ്യ പ്രവർത്തകരെ സമീപിക്കുക.

ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

പനി, തലവേദന, ക്ഷീണം, ഛർദ്ദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്നത് ശ്രദ്ധിക്കുകയും എത്രയും വേഗം റിപ്പോർട്ട് ചെയ്യുകയും വേണം. ഇതിനുപുറമെ, എബോള രോഗമുണ്ടെന്ന് സംശയിക്കുന്ന/ സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ഏതൊരു യാത്രക്കാരനും ഇമിഗ്രേഷൻ ക്ലിയറൻസിന് മുമ്പ് വിമാനത്താവള ആരോഗ്യ വിഭാഗത്തെ നിർബന്ധമായും അറിയിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here