ടെഹ്‌റാൻ : ഏപ്രിലിൽ പ്രഖ്യാപിച്ച വെടിനിർത്തൽ പ്രകാരം, പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇറാൻ ഡ്രോൺ നിർമ്മാണം ആരംഭിച്ചതായി റിപ്പോർട്ട്. യുഎസ് ഇന്‍റലിജൻസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിലെ സംഘർഷത്തിൽ നശിപ്പിക്കപ്പെട്ട പ്രധാന ആയുധ സംവിധാനങ്ങൾക്കായി മിസൈൽ സൈറ്റുകൾ, ലോഞ്ചറുകൾ എന്നിവ ഇറാൻ പുനർനിർമ്മിക്കുന്നത് മേഖലയില്‍ ഇപ്പോഴും ഭീഷണി ഉയർത്തുന്നു എന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
സൈനിക ശേഷി പുനർനിർമ്മിക്കുന്നതിനുള്ള ഇറാന്‍റെ ശേഷി നശിപ്പിക്കപ്പെട്ടു എന്ന് അമേരിക്ക അവകാശവാദം ഉന്നയിക്കുമ്പോഴാണ് ഇറാൻ ആയുധ സംവിധാനങ്ങള്‍ പുനർനിർമ്മിക്കുന്നത്. ആറ് മാസത്തിനുള്ളിൽ ഇറാന് ഡ്രോൺ ആക്രമണ ശേഷി പൂർണ്ണമായും പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് യുഎസ് ഇന്‍റലിജൻസ് കണക്കുകൾ സൂചിപ്പിക്കുന്നുവെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ വാർത്താ ശൃംഖലയായ സിഎൻഎന്നിനോട് പറഞ്ഞു. “ഇറാൻ ഐസി പുനഃസംഘടിപ്പിക്കുന്നതിനുള്ള എല്ലാ സമയപരിധികളും മറികടന്നു,” എന്ന് യുഎസ് ഉദ്യോഗസ്ഥൻ സിഎൻഎന്നിനോട് പ്രതികരിച്ചു.
ഇറാന്‍റെ ഡ്രോൺ ആക്രമണങ്ങൾ പ്രാദേശിക രാജ്യങ്ങൾക്ക് തലവേദനയാണ്. കാരണം യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇറാനിൽ ബോംബാക്രമണം നടത്തിയാല്‍, അത് അയൽ രാജ്യങ്ങളെ കൂടി ബാധിച്ചേക്കാം. റഷ്യയിൽ നിന്നും ചൈനയിൽ നിന്നും ലഭിക്കുന്ന പിന്തുണയും, യുഎസും ഇസ്രയേലും പ്രതീക്ഷിച്ചത്ര നാശനഷ്‌ടങ്ങൾ വരുത്തിയില്ല എന്നതും ഇറാന്‍റെ സൈനിക പുനർനിർമ്മാണത്തിന് ഉത്തേജകമാണെന്ന് ഒരു അടുത്ത വൃത്തം സിഎൻഎന്നിനോട് പറഞ്ഞു. ഉദാഹരണത്തിന്, സംഘർഷത്തിനിടയിൽ ചൈന ഇറാന് മിസൈലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഘടകങ്ങൾ നൽകുന്നു. എന്നാൽ യുഎസ് ഉപരോധം കാരണം അത്തരം സഹായങ്ങള്‍ നിലവില്‍ കുറവാണ് – യുഎസ് ഇന്‍റലിജൻസുമായി അടുത്തിടപഴകുന്ന രണ്ട് വൃത്തങ്ങൾ സിഎൻഎന്നിനോട് പറഞ്ഞു.
ചൈന ഇറാന് മിസൈൽ നിർമ്മിക്കുന്നതിനുള്ള ഘടകങ്ങൾ നൽകുന്നുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ആഴ്‌ച സിബിഎസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതൽ വിശദീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. അതേസമയം ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ ഈ അവകാശവാദങ്ങളെ നിഷേധിച്ചു. ആരോപണം വസ്‌തുതാ വിരുദ്ധമാണ് എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, അമേരിക്കയുടെ സൈന്യം ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമാണെന്നും പ്രസിഡന്‍റ് തീരുമാനിക്കുന്ന സമയത്തും സ്ഥലത്തും സൈനിക നീക്കം നടത്താൻ ആവശ്യമായതെല്ലാം അവരുടെ പക്കലുണ്ടെന്നും ചീഫ് പെന്‍റഗൺ വക്താവ് സീൻ പാർനെൽ സിഎൻഎന്നിനോട് ഒരു പ്രസ്‌താവനയിൽ പറഞ്ഞു.







