2026ല്‍ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്‌ചവെക്കുന്ന കറന്‍സിയായി ഇന്ത്യന്‍ രൂപ. ഇന്ന് രൂപ ഡോളറിനെതിരെ 96.90 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ക്രൂഡ് ഓയില്‍ വില വര്‍ധന, ഡോളര്‍ ശക്തമാവുന്നത്, ജിയോപൊളിറ്റിക്കല്‍ അനിശ്ചിതത്വങ്ങള്‍ എന്നിവയാണ് പ്രധാനമായും രൂപയുടെ ഇടിവിന് കാരണമാവുന്നതെന്നാണ് വിലയിരുത്തൽ. ഡോളറിനെതിരെ രൂപയുടെ മൂല്യം 20 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 96.90 എന്ന റെക്കോർഡ് നിലയിലെത്തുകയായിരുന്നു.
പശ്ചിമേഷ്യൻ പ്രതിസന്ധികളും ആഗോള വിപണിയിൽ ക്രൂഡ് ഓയിലിൻ്റെ വില വർധിക്കുന്നതുമാണ് രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണം. ഇത് കൂടാതെ എഫ്‌ഐഐകളുടെ പിൻവലിക്കലും ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകളിലെ ഇടിവും രൂപയെ സമ്മർദ്ദത്തിലാക്കിയെന്ന് ഫോറെക്‌സ് വ്യാപാരികൾ പറയുന്നു.
കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 50 പൈസ ഇടിഞ്ഞ് 96.70 എന്ന നിലയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ തുടർച്ചയായ എട്ടാം ദിവസം മൂല്യം ഇടിഞ്ഞത് കനത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്. തന്നെയുമല്ല, ഓഹരികൾക്ക് പുറമെ സ്മോൾക്യാപ്പ്, മിഡ്ക്യാപ്പ് സൂചികകളും ഒരു ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയതും നിക്ഷേപകർക്കിടയിലെ ആശങ്ക വർധിപ്പിച്ചു.
അതേസമയം, ഗ്രീൻബാക്കിൽ ഡോളർ സൂചിക 0.01 ശതമാനം ഉയർന്ന് 99.262 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡിൻ്റെ ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിൽ 0.35 ശതമാനം ഇടിഞ്ഞ് ബാരലിന് 110.59 യുഎസ് ഡോളറിലെത്തി.
ആഭ്യന്തര ഓഹരി വിപണിയിൽ സെൻസെക്‌സ് 517.11 പോയിൻ്റ് ഇടിഞ്ഞ് 74,667.51 എന്ന നിലയിലും നിഫ്റ്റി 152.45 പോയിൻ്റ് ഇടിഞ്ഞ് 23,475.80 എന്ന നിലയിലും വ്യാപാരം ആരംഭിച്ചു. ചൊവ്വാഴ്‌ച (മെയ് 19) മൂന്ന് സെഷനുകളിലായി വിദേശ സ്ഥാപന നിക്ഷേപകർ 2,457.49 കോടി രൂപയുടെ ഓഹരികൾ വാങ്ങി വിറ്റഴിച്ചു.
രൂപയുടെ മൂല്യം ഇടിയുന്നതിൻ്റെ മറ്റ് കാരണങ്ങൾ
രാജ്യാന്തര വിപണിയിൽ ഭൂരിഭാഗം മേഖലകളും കനത്ത നഷ്‌ടത്തിലാണിപ്പോൾ മുന്നോട്ട് പോകുന്നത്. ഇതിന് പിന്നാലെ കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക നയങ്ങളാണ് രൂപയുടെ മൂല്യത്തകർച്ചയ്‌ക്ക് പിന്നിലെ പ്രധാന കാരണം. ഇതിൽ വ്യാപാരക്കമ്മിയാണ് എടുത്ത് പറയേണ്ടത്. ഇത് രാജ്യത്തിൻ്റെ ഇറക്കുമതി, കയറ്റുമതിയേക്കാൾ വളരെ ഉയർന്നിരിക്കുന്നു. സ്വർണം, ഇലക്‌ട്രോണിക് ഉപകരണം, അസംസ്‌കൃത എണ്ണ എന്നിവയുടെ ഇറക്കുമതി വർധിച്ചപ്പോൾ ഡോളറിന് ആവശ്യകത ഉയർന്നു. എന്നാൽ അതിനനുസരിച്ച് കയറ്റുമതി വളർച്ച ഉണ്ടാകാത്തത് രൂപയ്‌ക്ക് കനത്ത തിരിച്ചടിയായി.
ഡോളറിനെതിരെ രൂപയുടെ മൂല്യം തുടർച്ചയായി കുറയുന്നത് സാധാരണക്കാരായ ജനങ്ങളുടെ ജീവിതം കൂടുതൽ ദുസഹമാക്കും. രൂപയുടെ മൂല്യത്തകർച്ച വെറും സാമ്പത്തിക പ്രശ്‌നമല്ല. രാജ്യത്തിൻ്റെ ഭരണ പ്രതിസന്ധിയുടെ പ്രതിഫലനമായാണ് ഇത് പ്രകടമാകുന്നത്.







