ന്യൂഡൽഹി: രാജ്യത്തെ കോടികണക്കിന് തൊഴിലാളികളുടെ പ്രൊവിഡൻ്റ് ഫണ്ട്, ഇൻഷുറൻസ് പദ്ധതികൾ എന്നിവ കൈകാര്യം ചെയ്യുന്ന എംബ്ലോയീസ് പ്രോവിഡൻ്റ് ഫണ്ട് ഓർഗനേസേഷൻ (EPFO) സേവന രംഗത്ത് വലിയ മാറ്റങ്ങൾക്ക് തയാറെടുക്കുകയാണ്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇപിഎഫ്ഒ കേസുകള്‍ വേഗത്തിൽ തീർക്കുന്നതിനും, കൂടുതൽ എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്ട്‌സ്ആപ്പ് സേവനം ആരംഭിക്കാനൊരുങ്ങുന്നു.
വിവിധ കോടതികളിലും, ട്രൈബ്യൂണലുകളിലും കെട്ടികിടക്കുന്ന കേസുകൾ തീർപ്പാക്കാൻ ഇപിഎഫ്ഒ ‘മിഷൻ മോഡ്’ എന്ന പേരിൽ ഡ്രൈവ് നടത്തും. നിധി ആപ്കെ നികട് പദ്ധതിയുടെ ഭാഗമായി ഉപഭോക്തൃ കോടതികളിലെ കേസുകൾ വേഗത്തിൽ പരിഹരിക്കാനാണ് തീരുമാനം. വ്യവഹാരങ്ങൾ കുറയ്ക്കുന്നതിലും പരാതി പരിഹാരം വേഗത്തിലാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
അതേസമയം മുൻ കാലങ്ങളിൽ രണ്ടുവർഷത്തിനിടെ ആയിരക്കണക്കിന് കേസുകൾ തീർപ്പാക്കാൻ കഴിഞ്ഞെന്ന് ഇപിഎഫ്‌ഒ വ്യക്തമാക്കി. 2024 ഏപ്രിൽ ഒന്നിന് 4936 ആയിരുന്ന ഉപഭോക്തൃ കേസുകൾ 2026 മാർച്ച് 31 ഓടെ 2646 ആയി കുറഞ്ഞു. അതുപോലെ ഇപിഎഫ്ഒയിലെ ആകെ കേസുകളുടെ എണ്ണം 31036ൽ നിന്ന് 27639 ആയി താഴ്ന്നു. ഏകദേശം 3397 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
10 വർഷത്തിലേറെയായ പഴയ കേസുകളിലും വൻ കുറവുണ്ടായി. 8539 ഉണ്ടായിരുന്ന പഴയ കേസുകൾ 4,665 ആയി കുറഞ്ഞു. 45 ശതമാനത്തളം തീർപ്പാക്കലാണുണ്ടായത്. ഇപിഎഫ്ഒയുടെ മിഷൻ മോഡ്, നിധി ആപ്കെ നികട് തുടങ്ങിയ പദ്ധതികളിലൂടെയാണ് ഇത്രയധികം കുറവ് കേസുകളിൽ തീർപ്പാക്കിയതെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
വാട്‌സാപ് വഴി ഇനി ഇപിഎഫ്ഒ സേവനങ്ങൾ
കോടതിയിലെ കേസുകൾ കുറയ്ക്കുന്നതിനൊപ്പം, അംഗങ്ങൾക്ക് സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനുമായാണ് വാട്‌സാപ്പ് പ്ലാറ്റ്ഫോം സേവനം പ്രാവർത്തികമാക്കുന്നത്. അംഗങ്ങൾ അവരുടെ ഗ്രീൻ ടിക്ക് ഉള്ള ഔദ്യോഗിക വാട്‌സാപ്പ് നമ്പറിലേക്ക് ഹലോ എന്ന് സന്ദേശം അയച്ചാൽ സേവനം ഉടനടിതന്നെ ലഭ്യമാകും. പ്രാദേശിക ഭാഷകളിൽ തന്നെ അംഗങ്ങൾക്ക് മറുപടി ലഭിക്കുകയും ചെയ്യും.
24 മണിക്കൂറും സേവനം
പിഎഫ് ബാലൻസും ക്ലെയിം സ്റ്റാറ്റസും ഇനി വാട്‌സാപ്പ് സേവനത്തിലൂടെ അറിയാൻ സാധിക്കും. അവസാന അഞ്ച് ട്രാൻസാക്ഷനുകൾ കാണൽ, ക്ലെയിം സ്റ്റാറ്റസ് പരിശോധിക്കൽ തുടങ്ങിയ സേവനങ്ങൾ വളരെ എളുപ്പമാക്കാനാണ് ഇപിഎഫ്ഒയുടെ ഈ പദ്ധതി. കൂടാതെ ആധാർ സേവനം പൂർത്തിയാകാത്തതോ, ഡെബിറ്റ് കാർഡ് ഇല്ലാത്തവരോ ആയ പിഎംവിബിആർവൈ (പ്രധാനമന്ത്രി വിക്ഷിത് ഭാരത് റോസ്ഗർ യോജന) ഗുണഭോക്താക്കൾക്കും വാട്‌സാപ്പ് വഴിയുള്ള സേവനം ലഭ്യമാകും.
ഓഫിസിലേക്കുള്ള യാത്രയും ഫോണ്‍കോളുകളും കുറയ്‌ക്കാം
രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സാമൂഹ്യ മാധ്യമമാണ് വാട്‌സാപ്പ്. ഇതിലൂടെ സേവനങ്ങൾ ഉപയോഗിക്കുന്നത് അംഗങ്ങൾക്കും, ഇപിഎഫ്ഒക്കും കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തൽ. ഈ പുതിയ നടപടികളിലൂടെ ഓഫിസുകളിലെ തിരക്കും, കോൾ സെൻ്ററുകളിലെ സമ്മർദ്ദവും കുറയുമെന്നാണ് പ്രതീക്ഷ. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് സേവനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ വേഗത്തിലും, എളുപ്പത്തിലും എത്തിക്കാനുള്ള വലിയ നീക്കമായാണ് ഈ മാറ്റത്തെ കാണുന്നത്.






