ഇന്ത്യൻ ഇറക്കുമതികൾക്ക് അമേരിക്ക തീരുവ ഏർപ്പെടുത്തുന്നതിനെ പരോക്ഷമായി പരാമർശിച്ച്, അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്ന ഏകപക്ഷീയമായ ഉപരോധങ്ങൾക്കെതിരെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ രംഗത്തെത്തി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സായുധ സംഘട്ടനങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ, കോവിഡ്-19 മഹാമാരിയുടെ അനന്തരഫലങ്ങൾ എന്നിവയുൾപ്പെടെ ഒന്നിലധികം പ്രതിസന്ധികൾ കാരണം ആഗോള വ്യവസ്ഥ സമ്മർദ്ദത്തിലാണെന്ന് ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലെ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ജയ്ശങ്കർ പറഞ്ഞു. “അന്താരാഷ്ട്ര നിയമങ്ങൾക്കും യുഎൻ ചാർട്ടറിനും വിരുദ്ധമായ ഏകപക്ഷീയ നടപടികളും ഉപരോധങ്ങളും വർദ്ധിച്ച് വരുന്നത് ഗൗരവമായി കാണേണ്ടതുണ്ട്. ഇത്തരം നടപടികൾ വികസ്വര രാജ്യങ്ങളെയാണ് ദോഷകരമായി ബാധിക്കുന്നത്. ചർച്ചകൾക്ക് പകരമാകാൻ ഇത്തരം നീതിരഹിതമായ നടപടികൾക്കോ, നയതന്ത്രത്തിന് പകരമാകാൻ സമ്മർദ്ദ തന്ത്രങ്ങൾക്കോ കഴിയില്ല,” ജയശങ്കർ വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഇറക്കുമതികൾക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചത്. ഇതിനെ തുടർന്ന് റഷ്യൻ എണ്ണ ഇറക്കുമതി നിർത്തിയില്ലെങ്കിൽ കൂടുതൽ ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, 2026 ഫെബ്രുവരിയിലെ യുഎസ് ഇന്റർനാഷണൽ ട്രേഡ് ടാരിഫ് റൂളിംഗിനെ തുടർന്ന് ഈ നികുതി നിരക്കുകളിൽ കുറവ് വരുത്തുകയായിരുന്നു.
ബ്രിക്സ് കൂട്ടായ്മയിലെ വികസിത രാജ്യങ്ങൾക്കിടയിൽ ഇറാൻ-ഇസ്രായേൽ സംഘർഷത്തെ ചൊല്ലിയുള്ള ഭിന്നതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ യോഗം ചേരുന്നത്. ഇറാനും യു.എ.ഇയും തമ്മിലുള്ള വ്യത്യസ്ത നിലപാടുകൾ സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്നതിന് തടസ്സമാകുന്നതായി നയതന്ത്രജ്ഞർ സൂചിപ്പിച്ചു. 2026-ലെ ബ്രിക്സ് അധ്യക്ഷ പദവി ഇന്ത്യയ്ക്കാണ്.
ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ
പശ്ചിമേഷ്യയിലെ സ്ഥിതി പരാമർശിച്ചുകൊണ്ട്, തുടർച്ചയായ അസ്ഥിരത സമുദ്ര സുരക്ഷയെയും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിട്ടുണ്ടെന്ന് ജയ്ശങ്കർ പറഞ്ഞു. ഹോർമുസ് കടലിടുക്ക്, ചെങ്കടൽ തുടങ്ങിയ പ്രധാന ജലപാതകളിലൂടെയുള്ള തടസ്സമില്ലാത്ത കപ്പൽ ഗതാഗതം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഗാസ മുനമ്പിലെ മാനുഷിക പ്രതിസന്ധിയെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. പലസ്തീൻ പ്രശ്നത്തിന് ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ഇന്ത്യയുടെ പിന്തുണ അദ്ദേഹം ആവർത്തിച്ചു. സുസ്ഥിരമായ വെടിനിർത്തൽ, തടസ്സമില്ലാത്ത സഹായ ലഭ്യത, വിശ്വസനീയമായ സമാധാന പ്രക്രിയ എന്നിവ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലെബനൻ, സിറിയ, സുഡാൻ, യെമൻ, ലിബിയ എന്നിവിടങ്ങളിലെ അസ്ഥിരതയ്ക്ക് തുടർച്ചയായ നയതന്ത്ര ഇടപെടൽ ആവശ്യമാണെന്നും ജയ്ശങ്കർ വ്യക്തമാക്കി.
‘ഭീകരവാദത്തിന് ഒരു ന്യായീകരണവുമില്ല’
ഭീകരവാദത്തിന് ഒരു തരത്തിലുള്ള ന്യായീകരണവുമില്ലെന്നും അതിർത്തി കടന്നുള്ള ഭീകരവാദം അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ സ്ഥിരവും അല്ലാതെയുമായ അംഗത്വ വിഭാഗങ്ങൾ വിപുലീകരിച്ച് പരിഷ്കാരങ്ങൾ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “സഹകരണം അത്യാവശ്യമാണ്, ചർച്ചകൾ അനിവാര്യമാണ്, പരിഷ്കാരങ്ങൾ വൈകിക്കൂടാ,” എന്ന സന്ദേശത്തോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.







