തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം കേരളം കാത്തിരുന്ന ചോദ്യത്തിൻ്റെ സസ്പെൻസ് കോൺഗ്രസ് ഹൈക്കമാൻഡ് അവസാനിപ്പിച്ചു. കേരളത്തിൽ ഉജ്വല വിജയം നേടിയ മുന്നണിയെ കഴിഞ്ഞ അഞ്ച് വർഷം കെട്ടുറപ്പോടെ നയിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ വരുന്ന അഞ്ച് വർഷം കേരളത്തെ നയിക്കും.
11 ദിവസമായി തുടർന്നുവന്ന അനിശ്ചിതത്വത്തിനും ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നടത്തിയ അന്തിമ ചർച്ചയ്ക്കൊടുവിലാണ് സതീശനെ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി നേതാവായി എഐസിസി പ്രഖ്യാപിച്ചത്. എഐസിസി ആസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വിളിച്ചുകൂട്ടിയ വാർത്താസമ്മേളനത്തിലായിരുന്നു നിർണായക പ്രഖ്യാപനം.
പിന്മാറി വേണുഗോപാൽ
അവസാന നിമിഷം വരെ മുഖ്യമന്ത്രി പദത്തിനായി സമ്മർദം ശക്തമാക്കിയ കെസി വേണുഗോപാൽ ഹൈക്കമാൻഡ് നിർദേശപ്രകാരം പിന്മാറുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന നിമിഷം വരെ രംഗത്തുണ്ടായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് മന്ത്രിസഭയിൽ നിർണായക സ്ഥാനമുണ്ടാകുമെന്നാണ് സൂചന.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരിൽ ഭൂരിപക്ഷത്തിൻ്റെ പിന്തുണ കെസി വേണുഗോപാലിനായിരുന്നെങ്കിലും, തെരഞ്ഞെടുപ്പിനെ മുന്നിൽനിന്നു നയിക്കുകയും യുഡിഎഫ് ടീമിൻ്റെ ക്യാപ്റ്റനായി വിജയകരമായി മുന്നേറുകയും ചെയ്തത് സതീശനായിരുന്നു എന്ന പൊതുവിലയിരുത്തലിലാണ് നറുക്കുവീണത്.
എംഎൽഎമാരുടെ ഭൂരിപക്ഷം എന്ന സാങ്കേതിക പിന്തുണ എന്നതിനപ്പുറം കേരളത്തിൻ്റെ ജനാഭിലാഷവും ഘടകകക്ഷികളുടെ അഭിപ്രായവും ഹൈക്കമാൻഡ് പരിഗണിച്ചു. യുഡിഎഫിലെ രണ്ടാമത്തെ ഘടകകക്ഷിയായ മുസ്ലിം ലീഗിൻ്റെ ശക്തമായ സമ്മർദം ഹൈക്കമാൻഡിന് കണക്കിലെടുക്കേണ്ടി വന്നു. മറ്റു ഘടകകക്ഷികളായ കേരള കോൺഗ്രസ്, ആർഎസ്‌പി, സിഎംപി എന്നീ കക്ഷികളും സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന അഭിപ്രായത്തിലായിരുന്നു. ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കുന്നത് കേരള ജനതയോടുള്ള വെല്ലുവിളിയായിരിക്കുമെന്നും ഫലം അനുകൂലമാകണമെന്നില്ലെന്നും ഘടകകക്ഷികൾ ഹൈക്കമാൻഡിനെ ധരിപ്പിച്ചു.
പിന്തുണയുമായി മുതിർന്ന നേതാക്കൾ
മുതിർന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, വിഎം സുധീരൻ, കെ മുരളീധരൻ എന്നിവരുടെ പിന്തുണയും സതീശൻ്റെ തെരഞ്ഞെടുപ്പിൽ നിർണായകമായി. മെയ് നാലിന് ഫലപ്രഖ്യാപനത്തിനു പിന്നാലെ എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും സംസ്ഥാനത്തെത്തി എംഎൽഎമാരുടെയും ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായം തേടി റിപ്പോർട്ട് കൈമാറിയിരുന്നു. പിന്നാലെ വേണുഗോപാലിനെയും സതീശനെയും ചെന്നിത്തലയെയും ഡൽഹിക്ക് വിളിപ്പിച്ചു ചർച്ച നടത്തി.
കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫുമായും എഐസിസി ആശയവിനിമയം നടത്തി. ഇതിന് പിന്നാലെ മുൻ കെപിസിസി പ്രസിഡൻ്റുമാരായ വിഎം സുധീരൻ, കെ സുധാകരൻ, എംഎം ഹസൻ, കെ മുരളീധരൻ, കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വർക്കിങ് പ്രസിഡൻ്റുമാരായ പിസി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എപി അനിൽകുമാർ എന്നിവരെയും ഹൈക്കമാൻഡ് ചർച്ചയ്ക്ക് വിളിച്ചിരുന്നു.
പൊതുവികാരം സതീശന് അനുകൂലമാണെന്ന റിപ്പോർട്ടും തീരുമാനത്തെ സ്വാധീനിച്ചു. തുടർന്ന് വൈകിട്ട് 5.30ഓടെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അന്തിമ തീരുമാനം ഉണ്ടായത്. ഞായറാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിയും ഘടകകക്ഷി നേതാക്കളും സത്യപ്രതിജ്ഞ ചെയ്യും. വൈകാതെ മന്ത്രിസഭാ വികസനവും നടക്കും.








