കോഴിക്കോട്: അസഹനീയമായ ചൂടിന് ശേഷം കേരളത്തിൽ വേനൽ മഴ നൽകിയ ആശ്വാസം ചെറുതല്ല. പക്ഷെ മഴയുടെ ഭാഗമായി സംസ്ഥാനത്ത് ഇടിയും മിന്നലും ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ദുരന്ത വാർത്തകളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ മങ്കട പന്തല്ലൂർ മലയിലുണ്ടായ ദുരന്തം നാടിനെ ആകെ ദുഃഖത്തിൽ ആഴ്‌ത്തിയിരിക്കുകയാണ്. പ്രദേശത്തുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് വിദ്യാർഥികൾക്കാണ് ജീവൻ നഷ്‌ടമായത്. സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു മിന്നലിൽ നാല് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേക്കുന്ന സംഭവവും ഉണ്ടാവുന്നത്.
ഇത്തവണ വേനൽ മഴ ആരംഭിച്ചതോടെ സംസ്ഥാനത്തിൻ്റെ പല ഭാഗത്തും ഇടിമിന്നലേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കൂടാതെ ഇത്തവണ കാലവർഷം നേരത്തെ എത്തുമെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഇടിമിന്നൽ ശക്തമാകനുള്ള സാധ്യതയും കൂടതലാണ്. പുതുമഴക്കും പോക്കുമഴക്കുമാണ് ഇടിമിന്നൽ ശക്തമാകുന്നത്.
എന്താണ് മിന്നൽ
ഇടിമുഴക്കത്തോടെ മേഘങ്ങളിൽ (ക്യൂമുലോ നിംബസ്) നിന്നും ഭൗമോപരിതലത്തിലേക്ക് പ്രവഹിക്കുന്ന അമിത ഊർജ്ജത്തോടെയുള്ള തിളങ്ങുന്ന വൈദ്യുത ഡിസ്‌ചാർജ്ജാണ് മിന്നൽ. ഇവ വളരെ വേഗത്തിൽ, സെക്കൻ്റിൻ്റെ പത്തിലൊന്ന് സമയത്തിനുള്ളിൽ, സംഭവിക്കുന്നു. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ദശ ലക്ഷക്കണക്കിന് വോൾട്ട് വൈദ്യുത ഡിസ്‌ചാർജ്ജും മുപ്പതിനായിരത്തോളം ഡിഗ്രി ചൂടും സൃഷ്‌ടിക്കപ്പെടുന്നു.
മിന്നൽ ഉണ്ടാകുന്നതിൻ്റെ സമയവും, അവ പതിക്കുന്ന സ്ഥലവും കൃത്യമായി പ്രവചിക്കുക പ്രയാസകരമാണ് എന്നിരുന്നാലും ഇവ ഉണ്ടാകുന്ന കാലം എല്ലാ പ്രദേശങ്ങളിലും അറിവുള്ളതാണ്. കേരളത്തിൽ സാധാരണയായി ഒക്ടോബർ മുതൽ ജൂൺ വരെ (തുലാം – ഇടവം) യുള്ള മാസങ്ങളിൽ മിന്നൽ ഉണ്ടാകാറുണ്ട്. ഉച്ചകഴിഞ്ഞുള്ള സമയങ്ങളിലാണ് മിന്നൽ കൂടുതലായി ഉണ്ടാകുന്നത്.
മിന്നൽ ഉണ്ടാകുന്നത് എന്തുകൊണ്ട് ?
മേഘങ്ങളിൽ വച്ച് ഏറ്റവും വലിപ്പമേറിയ ക്യൂമുലോ നിംബസ് ആണ് മിന്നൽ ഉണ്ടാകുന്നതിന്
കാരണം. താപ സംവാഹകരായ ഇത്തരം മേഘങ്ങളാണ് കേരളത്തിലുണ്ടാകുന്ന മിന്നലിന് ഹേതുവാകുന്നത്. സൂര്യ രശ്മികളുടെ കഠിന താപത്തിനാൽ പ്രഭാത സമയങ്ങളിലാണ് ക്യൂമുലോ നിംബസ് മേഘങ്ങൾ രൂപപ്പെടുന്നത്.
മിന്നൽ അപകടകാരിയാകുന്നത് എങ്ങനെ ?
സെക്കൻ്റിൻ്റെ പത്തിലൊന്ന് അംശം സമയത്തിനുള്ളിൽ മിന്നൽ സംഭവ്യമാകുന്നതിനാൽ, ഇതു മൂലമുണ്ടാകുന്ന ആഘാതങ്ങളിൽ നിന്നും മനുഷ്യജീവനുകൾക്ക് രക്ഷപ്പെടുക അസാധ്യമാണ്. എന്നിരുന്നാലും മിന്നലിനെക്കുറിച്ചുള്ള ശരിയായ അറിവ് ഒരു പരിധിവരെ അപകടം കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ഒരു പ്രദേശത്ത് മിന്നൽ ഉണ്ടാകുന്ന കാലം, ദിവസം, സമയം എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കുക എന്നത് സുപ്രധാനമായ കാര്യമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം മിന്നൽ ഉണ്ടാകുന്നതിന് ഒരു പ്രത്യേക കാലം ഉള്ളതിനാൽ പ്രസ്‌തുത കാലയളവിൽ പ്രതിരോധ നടപടികൾ മുൻകൂറായി എടുക്കാവുന്നതാണ്
സംരക്ഷണം ലഭിക്കുന്ന സ്ഥലങ്ങൾ
വലുതും ചെറുതുമായ കെട്ടിടങ്ങളുടെ ഉൾഭാഗം. പർവ്വതങ്ങളിൽ കാണപ്പെടുന്ന പാർശ്വ ഭാഗങ്ങളിൽ സ്‌പർശിക്കാതെ ഒരാൾക്ക് ഇരിക്കുകയോ നിൽക്കുകയോ ചെയ്യാൻ കഴിയുന്ന, പൊള്ളയായ ഭാഗങ്ങൾ. ഈ സ്ഥങ്ങളിൽ എല്ലാം തന്നെ മിന്നലിൽ നിന്ന് ചെറിയ രീതിയിൽ സംരക്ഷണം ലഭിക്കും.
മിന്നൽ ഉള്ളപ്പോൾ ഒഴിവാക്കേണ്ട സ്ഥലങ്ങളും സാഹചര്യങ്ങളും:
ഒരു പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ വസ്‌തുക്കളിലാണ് പ്രധാനമായും മിന്നൽ വന്നു പതിക്കുന്നത്, പ്രത്യേകിച്ചും ലോഹനിർമ്മിതമായ വസ്‌തുക്കളിൽ. ലോഹവസ്‌തു വലുതാണെങ്കിൽ മിന്നൽ സാധ്യത വീണ്ടും കൂടുന്നതാണ്. മിന്നൽ ഉണ്ടാകുമ്പോൾ തുറസായ സ്ഥലത്തും കുന്നിൻ മുകളിലും നിൽക്കുന്ന ഒറ്റപ്പെട്ട മരങ്ങളുടെ അടിയിൽ നിൽക്കുന്നത് ഒഴിവാക്കേണ്ടതാണ്.
മിന്നൽ പല തരം
മരത്തിൻ്റെ ഉയരം കൂടുന്തോറും അപകട സാധ്യത കൂടുന്നു. ഒറ്റപ്പെട്ട മരങ്ങളുടെ കൂട്ടവും ഒറ്റപ്പെട്ട മരത്തെപ്പോലെ അപകടകരമാണ്. ഇടിമിന്നലേറ്റുള്ള അപകടങ്ങളും മരണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ചില നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. താഴെ പറയുന്ന നിർദേശങ്ങൾ നോക്കാം…
ഇടിമിന്നൽ സമയത്ത് വീടിനുള്ളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ:
- വൈദ്യുതി ബന്ധം വിച്ഛേദിക്കുക. മിന്നൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ടിവി, ഫ്രിഡ്‌ജ്, കമ്പ്യൂട്ടർ തുടങ്ങിയ ഗൃഹോപകരണങ്ങളുടെ പ്ലഗുകൾ സോക്കറ്റിൽ നിന്നും ഊരിയിടുക.
- കാറ്റും ഇടിയും ഉള്ളപ്പോൾ ജനലുകളും വാതിലുകളും അടച്ചുപൂട്ടിയിടുക.
- വീടിനുള്ളിൽ ഇരിക്കുമ്പോൾ കോൺക്രീറ്റ് ഭിത്തിയിലോ തറയിലോ സ്‌പർശിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. മരം കൊണ്ട് നിർമ്മിച്ച വസ്‌തുക്കളിൽ ഇരിക്കുക.
- കുളിക്കുന്നതും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ വൈദ്യുതി സഞ്ചരിക്കാൻ സാധ്യതയുണ്ട്.
- ലാൻഡ്‌ഫോൺ ഒഴിവാക്കുക. കോർഡ്‌ഡ് ഫോൺ ഉപയോഗിക്കരുത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് താരതമ്യേന സുരക്ഷിതമാണ്.
- മിന്നലിനെ ഉൾഭാഗത്തേയ്ക്ക് തുളച്ച് കയറാൻ അനുവദിക്കാ ത്തതും പൊട്ടാത്തതുമായ ലോഹ പ്രതലങ്ങളാൽ, ഭാഗികമായോ പൂർണ്ണമായോ ചുറ്റപ്പെട്ട സ്ഥലങ്ങളിൽ ഒരു വ്യക്തി സുരക്ഷിതനായിരിക്കും.
വീടിന് പുറത്താണെങ്കിൽ
1. ഇടിമിന്നലിൻ്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
2. വാഹനത്തിനുള്ളിലാണെങ്കിൽ തുറസായ സ്ഥലത്ത് നിർത്തി ലോഹഭാഗങ്ങളിൽ സ്‌പർശിക്കാതെ ഇരിക്കുക.
3. കാൽ പാദങ്ങളും കാൽ മുട്ടും കൈകൾ മുട്ടിൽ ചേർത്തു പിടിച്ച് ചുറ്റിവരിഞ്ഞ് താടി മുട്ടിനു മുകളിൽ ഉറപ്പിച്ച് നിലത്ത് കുത്തിയിരിക്കുക.
4. മിന്നൽ സമയത്ത് പൊക്കം കൂടിയ മരത്തിൻ്റെ അരികിൽ പെട്ടാൽ, അതിൻ്റെ ചില്ലകളുടെ അടുത്തുനിന്നും ദൂരെ മാറി കുത്തിയിരിക്കുക.
5. ടെറസിനു മുകളിൽ വിളക്കുകൾ ഘടിപ്പിക്കുന്നതിന് ലോഹകമ്പികൾ ഒഴിവാക്കുക.
6. ടെറസിൽ അയ കെട്ടുന്നതിനായി ലോഹ ദണ്ഡുകളും, ലോഹ വയറുകളും ഒഴിവാക്കുക.
7. വൻമരങ്ങളുള്ള വനങ്ങളുടെ അരികിൽ നിൽക്കുന്നത് അപകടകരമാണ്.
8. തുറസായ സ്ഥലത്തുള്ളതും, മതിയായ സുരക്ഷാ കവചമില്ലാത്തതുമായ കളപ്പുര, ചെറുകെട്ടിടങ്ങൾ, നിരീക്ഷണ ടവറുകൾ, കുടിലുകൾ എന്നിവയും അപകടകരം ആണ്.
9. സുരക്ഷാ കവചമില്ലാത്ത വൈദ്യുത ലൈനുകൾ, ലോഹഘടനകൾ എന്നിവയുടെ സമീപ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക.
10. കൊടിമരം, ടിവി ആൻ്റിനയുടെ പൈപ്പ്, കുത്തനെയുള്ള ലോഹ പൈപ്പുകൾ എന്നിവയുടെ സമീപ സ്ഥലം. തടാകങ്ങളും നീന്തൽകുളങ്ങളും, തുറസായ ജല സ്രോതസുകളിൽ കാണപ്പെടുന്ന വള്ളങ്ങളും മിന്നൽ പതിക്കാൻ സാധ്യത ഏറെയുള്ള സ്ഥലങ്ങൾ ആണ്.
11. തുറസായ മൈതാനത്ത് നിൽക്കുന്നതും അപകടം തന്നെയാണ്.
12. മിന്നൽ സമയത്ത് കുന്നിൻ്റെ മുകൾഭാഗം ഒട്ടും സുരക്ഷിതമല്ല. താഴ് വരയേക്കാൾ മിന്നൽ പതിക്കാൻ സാധ്യത കൂടുതൽ കുന്നിൻ മുകളിൽ ആണ്.
13. ലോഹങ്ങളോ ലോഹ വയർ കൊണ്ടോ നിർമ്മിച്ച വേലികൾ, കൈവരികൾ എന്നിവയുമായി ചേർന്നു നിൽക്കരുത്.
14. സൈക്കിൾ ചവിട്ടുന്നതും, കുതിരയെ തെളിക്കുന്നതും, മോട്ടോർ സൈക്കിൾ, ഓപ്പൺ ട്രാക്‌ടർ എന്നിവ ഓടിക്കുന്നതും ഒഴിവാക്കണം.
15. കോടാലി, പിക്ക് ആക്‌സ്, കുട, ലോഹ കസേരകൾ തുടങ്ങിയവ ഉപയോഗിക്കാൻ പാടില്ല.
16. തുറസായ സ്ഥലത്തും, സുരക്ഷാ കവചമില്ലാത്ത ചെറുമുറികളിലും കൂട്ടമായി നിൽക്കാൻ പാടില്ല.
17. മോട്ടോർ കാറിനോട് വളരെ അടുത്തു നിൽക്കുന്നതും, അതിന്മേൽ ചാരിനിൽക്കുന്നതും ഒഴിവാക്കുക.
18. റോഡ് റോളർ, റെയിൽവേ ട്രാക്ക്, ലോഹ നിർമ്മിതമായ വാഹനങ്ങൾ എന്നിവയുടെ സമീപത്ത് നിൽക്കരുത്.
19. അരിവാൾ, കത്തി, കുട, ഗോൾഫ്‌സ്‌റ്റിക്, തുടങ്ങിയ ലോഹ നിർമ്മിതമായ സാധനങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുക.
മിന്നൽ സംരക്ഷണ മാർഗങ്ങൾ
1) മിന്നൽ രക്ഷാചാലകം
പെട്രോളിയം ശേഖരണ ടാങ്കുകൾ, പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള വസ്‌തുക്കൾ സൂക്ഷിക്കുന്ന സ്ഥലം, മിന്നലിൽ നിന്നും രക്ഷ അനിവാര്യമായ കെട്ടിടങ്ങൾ എന്നിവയ്ക്ക് സുരക്ഷാ കവചം ഒരുക്കുന്ന സംവിധാനമാണ് മിന്നൽ രക്ഷാചാലകം. എന്നാൽ ഈ സംവിധാനത്തിന് മിന്നൽ ഉണ്ടാകുന്നത് തടയാൻ സാധ്യമല്ല.
2) എർത്തിങ്
ഗാർഹിക വൈദ്യുത പ്രസരണത്തിനായി ചെയ്‌തിട്ടുള്ള എർത്തിങ് ഒരിക്കലും മിന്നൽ രക്ഷാചാലകത്തിൻ്റെ എർത്തിങ്ങിന് പര്യാപ്‌തമല്ല. ഗാർഹിക പ്രസരണത്തിൽ ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ
തോതിൽ വോൾട്ടേജ് മിന്നൽ പ്രവാഹം മൂലം ഉണ്ടാകുന്നതിലാണിത്. എന്നിരുന്നാലും, ഈ വലിയ
വോൾട്ടേജ് സ്വയം ഭൂമിയിലേക്കു പ്രവഹിക്കുന്നതിനാൽ ആനുപാതികമായി ഒരു വലിയ എർത്തിങ് പലപ്പോഴും ആവശ്യമായി വരുന്നില്ല.
3) റിങ്ങ് കണ്ടക്‌ടർ
വൃക്ഷസാന്ദ്രത കൂടിയ സംസ്ഥാനമായ കേരളത്തിൽ മിക്ക വീടുകളും അവയേക്കാൾ ഉയരമുള്ള വൃക്ഷങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നതാണ്. ഇത് മൂലം മിന്നൽ രക്ഷാചാലകത്തിന് പലപ്പോഴും മരങ്ങളെ സംരക്ഷിക്കാൻ കഴിയാതെ വരുന്നു. ഈ മരങ്ങളിൽ മിന്നൽ പതിക്കുമ്പോൾ സമീപത്തുള്ള വീടിൻ്റെ വൈദ്യുത ശൃംഖല, എർത്തിങ്, മറ്റ് ലോഹവസ്‌തുക്കൾ എന്നിവയിലൂടെ മിന്നലിൻ്റെ ഊർജ്ജം ഭൂമിയിലൂടെ വീടിനുള്ളിൽ പ്രവേശിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ചാലക വളയത്തിന് ഒരു പരിധി വരെ വീടിനെ സംരക്ഷിക്കാൻ കഴിയും.
4) മിന്നൽ അറസ്റ്റർ
വൈദ്യുത ഉപകരണങ്ങളെ മിന്നൽ ആഘാതത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണ് മിന്നൽ അറസ്‌റ്റർ. മിന്നൽ പ്രവാഹം വൈദ്യുത ഉപകരണത്തിൻ്റെ സർക്യൂട്ടിലൂടെ കടക്കാതെ ഭൂമിയിലേക്ക് കടത്തിവിടുന്നതിനുള്ള മാർഗമൊരുക്കാൻ ഈ ഉപകരണം സഹായിക്കുന്നു.
മിന്നൽ സംരക്ഷണ മാർഗങ്ങൾ
പ്രഥമ ശുശ്രൂഷ
മിന്നൽ ആഘാതത്താൽ ഉണ്ടാകുന്ന അപകടങ്ങളിൽ, ശ്വാസതടസം മൂലമാണ് കൂടുതൽ പേരും മരണത്തിന് കീഴടങ്ങുന്നത്. നേരിട്ടുള്ള ആഘാതം, പൊള്ളൽ എന്നിവയിലൂടെ മരണം ഉണ്ടാകുന്നത് കുറവാണ്. കൃത്രിമ ശ്വാസോഛ്വാസം നൽകുന്നതിലൂടെ മിന്നൽ ആഘാതമേറ്റ നിരവധി ആൾക്കാരെ നമുക്ക് രക്ഷിക്കാൻ
കഴിയും. വൈദ്യ സഹായം ലഭ്യമാക്കുന്നതിന് മുമ്പായി ചെയ്യാൻ കഴിയുന്ന ഒരു പ്രഥമ ശുശ്രൂഷയാണിത്. ഹൃദയാഘാതം പോലെ, വൈദ്യസഹായം അത്യാവശ്യമായി വേണ്ടിവരുന്ന നിരവധി സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്.








