സ്വര്‍ണത്തിന് തീവില, ഇന്ന് ഒരു പവന് ഒറ്റയടിക്ക് വര്‍ധിച്ചത് 10,200 രൂപ

0
19
FILE PHOTO: Gold bangles are displayed at a jewellery store in Mumbai, India, March 20, 2025. REUTERS/Francis Mascarenhas/File Photo

തിരുവനന്തപുരം: കേന്ദ്ര സർക്കാർ സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ കുത്തനെ വർധിപ്പിച്ചതിന് തൊട്ടുപിന്നാലെ കേരളത്തിൽ സ്വർണവില പുതിയ റെക്കോഡുകളിലേക്ക് കുതിച്ചുയര്‍ന്നു. ഇന്ന് സംസ്ഥാനത്ത് ഒരു പവൻ സ്വര്‍ണത്തിന് ഇന്ന് പവന് 10,200 രൂപയും, ഗ്രാമിന് 1275 രൂപയും ഒറ്റയടിക്ക് കൂടി. ഇതോടെ ഒരു പവൻ സ്വര്‍ണത്തിൻ്റെ ഇന്നത്തെ വില 1,23,120 രൂപയായി. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനും രൂപയുടെ മൂല്യം ഇടിയുന്നത് തടയുന്നതിനുമായി കേന്ദ്ര സർക്കാർ സ്വർണത്തിൻ്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് ഉയർത്തിയിരുന്നത്.

ഇതിൽ 10 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും 5 ശതമാനം അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെൻ്റ് സെസ്സും ഉൾപ്പെടുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സ്വര്‍ണ വില കുതിച്ചുയര്‍ന്നത്. സ്വർണത്തിൻ്റെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചത് വില വർധനയ്ക്ക് ഇടയാക്കുമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. ഇന്ന് മുതൽ 9 ശതമാനം കൂടി വില വർധിപ്പിക്കേണ്ടി വരുമെന്നും കള്ളക്കടത്ത് സജീവമാകുമെന്നാണ് അസോസിയേഷൻ വ്യക്തമാക്കുന്നത്.

“സ്വർണത്തിൻ്റെ ഇറക്കുമതി ചുങ്കം 6% ത്തിൽ നിന്നും 15% ആയി വർധിപ്പിച്ചത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വർധിക്കുന്നതിന് ഇത് കാരണമാകുന്നു. നേരത്തെ 15 ശതമാനം ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോഴാണ് ഇന്ത്യയിലേക്ക് ആയിരം ടൺ സ്വർണം ഇറക്കുമതി ചെയ്‌തിട്ടുള്ളത്. 6% ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോൾ 800 ടണ്ണിൽ താഴെയാണ് ഇറക്കുമതി.ഇറക്കുമതി ചുങ്കം 9 ശതമാനം വർധിപ്പിച്ചതോടെ ഇന്ത്യയിലെ ആഭ്യന്തര സ്വർണവില പവന് 10,200 രൂപയുടെ വർധരവാണുണ്ടായത്.

ഒരു കിലോ സ്വർണം കള്ളക്കടത്തായി കൊണ്ടുവന്നാൽ 20 ലക്ഷം രൂപയ്ക്ക് മുകളിൽ ലാഭമാണ് ലഭിക്കുക. കള്ളക്കടത്ത് സ്വർണം സമാന്തര വിപണിയിലേക്ക് ഇറങ്ങുന്നത് വഴി മൂന്നു ശതമാനം ജിഎസ്ടി കൂടി കൂട്ടിയാൽ 24 ലക്ഷം രൂപയുടെ ലാഭമാണ് കള്ളക്കടത്തുകാർക്ക് ഉണ്ടാവുക” കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ നാസർ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here