മെയ് 15ന് ശേഷം പെട്രോൾ – ഡീസൽ വില കൂടിയേക്കും; ഗാർഹിക സിലിണ്ടർ വിലയിലും വർധനയ്ക്ക് സാധ്യത

0
24

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതിനാൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കാനുള്ള നീക്കവുമായി പൊതുമേഖലാ എണ്ണക്കമ്പനികൾ . മെയ് പതിനഞ്ചിന് ശേഷം പെട്രോൾ, ഡീസൽ വിലയിൽ വർധനയുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാർഹിക എൽപിജി സിലിണ്ടർ വിലയിലും വർധന ഉണ്ടായേക്കും.

വർധനവ് അംഗീകരിക്കപ്പെട്ടാൽ പെട്രോൾ – ഡീസൽ വില ലിറ്ററിന് ഏകദേശം 4 – 5 രൂപ വരെ ഉയർന്നേക്കാം. വർധനയുണ്ടായാൽ ഏകദേശം നാല് വർഷത്തിന് ശേഷമാകും ഈ മാറ്റം ഉണ്ടാകുക. 2022 മുതൽ ചില്ലറ വിൽപ്പന നിരക്കുകൾ വലിയതോതിൽ മരവിപ്പിച്ചിരിക്കുകയാണ്. ഇന്ധന വിലയിൽ മാറ്റം വരുത്തിയിരുന്നുമില്ല. ആവശ്യക്കാർ ഏറെയുള്ള ഗാർഹിക സിലിണ്ടർ വിലയിൽ 40 – 50 രൂപയുടെ വർധനയുണ്ടാകും. വാണിജ്യ സിലിണ്ടറിന് 993 രൂപ വർധിപ്പിച്ചതിൻ്റെ ആഘാതം തുടരുന്നതിനിടെ ഗാർഹിക സിലിണ്ടർ വിലയിൽ വർധനയുണ്ടായാൽ പ്രതിസന്ധി കൂടുതൽ ശക്തമാകും.

 

ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നുണ്ടെന്നാണ് എണ്ണ കമ്പനികൾ (ഒഎംസി) വ്യക്തമാക്കുന്നത്. ഈ സാമ്പത്തിക നഷ്ടം നേരിടുന്നതിനായി പെട്രോൾ, ഡീസൽ വിലകൾ വർധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് കമ്പനികളുടെ നിലപാട്. പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ക്രൂഡ് ഓയിൽ വില ബാരലിന് ഏകദേശം 70 യുഎസ് ഡോളറിൽ നിന്ന് 126 യുഎസ് ഡോളറായി ഉയർന്നതാണ് തിരിച്ചടിയായതെന്ന് കമ്പനികൾ അവകാശപ്പെട്ടു.

ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ സംഘർഷം സാഹചര്യം എണ്ണയുടെ വരവിനെ ബാധിച്ചു. ഇതോടെ ആഗോള വിപണയിൽ പോലും പ്രതിസന്ധി രൂക്ഷമായെന്ന് കമ്പനികൾ പറഞ്ഞു. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ധന വില പരിഷ്കരണത്തിന്റെ സമയവും വ്യാപ്തിയും സംബന്ധിച്ച് ഒന്നിലധികം ഓപ്ഷനുകൾ വിലയിരുത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എണ്ണ കമ്പനികളിലെ സമ്മർദ്ദം നേരിടുന്നതിൽ കേന്ദ്ര സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ട്.

 

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വർധനയുണ്ടായാൽ ചരക്കുനീക്കത്തിലടക്കം ചെലവ് ഉയരും. ഇതിനൊപ്പം രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലയിൽ വർധനവിന് കാരണമാകും. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ചെലവും ഉയരും. പശ്ചിമേഷ്യൻ സംഘർഷം ബാധിച്ചതോടെ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യ ആഭ്യന്തര എൽപിജി ഉത്പാദനം പ്രതിദിനം 36,000 ടണ്ണിൽ നിന്ന് 54,000 ടണ്ണായി ഉയർത്തിയിരുന്നു. പിന്നാലെ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here