ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ നിർത്തിവെക്കേണ്ട അവസ്ഥയാണുള്ളതെന്ന് വിമാനക്കമ്പനികൾ. ഇന്ധനവില വർധിക്കുന്നതിനാൽ ഇന്ത്യയിലെ എയർലൈൻ വ്യവസായം കടുത്ത സമ്മർദ്ദത്തിലാണെന്നും പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ട അവസ്ഥയിലാണുള്ളതെന്നും വ്യക്തമാക്കി വിമാന കമ്പനികളെ പ്രതിനിധീകരിക്കുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് ( എഫ്‌ഐഎ ) കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ അറിയിച്ചു. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് കൈമാറുകയും ചെയ്തു.
വ്യോമയാന ടർബൈൻ ഇന്ധന ( എടിഎഫ് ) വിലനിർണയത്തിൽ സാമ്പത്തിക സഹായത്തിലും പരിഷ്കരണം ആവശ്യപ്പെട്ടതിനാൽ രാജ്യത്തെ വ്യോമയാന വ്യവസായം കടുത്ത സമ്മർദ്ദത്തിലാണ്. പ്രവർത്തനങ്ങൾ നിർത്തലാക്കുന്നതിന്റെ വക്കിലാണ്. ഒരു വിമാനക്കമ്പനിയുടെ ആകെ പ്രവർത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനത്തോളം ഏവിയേഷൻ ടർബൈൻ ഫ്യൂവൽ എന്ന വിമാന ഇന്ധനത്തിനായി ചെലവാക്കേണ്ടി വരുന്നുണ്ടെന്ന് എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ കമ്പനികൾ സർക്കാരിനെ അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ എണ്ണവില വർധിപ്പിച്ചു. വ്യോമാതിർത്തി നിയന്ത്രണങ്ങൾ വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് വർധിപ്പിക്കുകയും ചെയ്തു. ദീർഘദൂര റൂട്ടുകളെയാണ് വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാര്യമായി ബാധിച്ചത്. ഈ പശ്ചാത്തലത്തിൽ മുൻകാലങ്ങളിലെ ചെയ്ത പോലെ ഇന്ധന വിലനിർണയ സംവിധാനം ആഭ്യന്തര – അന്തർദേശീയ സർവീസുകളിൽ ഏകീകൃതമായി വ്യാപിപ്പിക്കുന്നതിനുള്ള നടപടികളാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐഎ) ആവശ്യപ്പെടുന്നത്.
ജെറ്റ് ഇന്ധന വിലയിലെ വർധനയും ക്രൂഡ് ഓയിലും എടിഎഫും തമ്മിലുള്ള വ്യത്യാസം മൂലം വിമാനക്കമ്പനികളുടെ പ്രവർത്തനം മൊത്തത്തിൽ വെല്ലുവിളിക്കപ്പെടുകയാണെന്ന് ഫെഡറേഷൻ പറഞ്ഞു. “ഏതെങ്കിലും തരത്തിലുള്ള താൽക്കാലിക വിലനിർണയം അല്ലെങ്കിൽ യുക്തിരഹിതമായ വില വർധന വിമാനക്കമ്പനികൾക്ക് പരിഹരിക്കാനാവാത്ത നഷ്ടത്തിന് കാരണമാകും. ഇതോടെ സർവീസുകൾ നിർത്തിവെക്കുന്നതിനും പ്രവർത്തനം താറുമാറാകുന്നതിനും കാരണമാകുമെന്നും എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയെ പ്രതിനിധീകരിക്കുന്ന ഫെഡറേഷൻ പറഞ്ഞു.
നിലവിലെ സാഹചര്യം മറികടക്കാൻ അടിയന്തരമായ സാമ്പത്തിക സഹായം നൽകുന്നതിനായി ഇടപെടൽ തേടുന്നുവെന്ന് ഏപ്രിൽ 26ന് അയച്ച കത്തിൽ പറയുന്നുണ്ട്. ദീർഘദൂര സർവീസുകളെയാണ് നിലവിലെ ഇന്ധനവില വർധനവ് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ നടപ്പിലാക്കിയിരുന്നത് പോലെ ആഭ്യന്തര – അന്തർദേശീയ വിമാന സർവീസുകൾക്ക് ഏകീകൃത ഇന്ധനവില നിശ്ചയിക്കുന്ന ‘ക്രാക്ക് ബാൻഡ്’ സംവിധാനം പുനഃസ്ഥാപിക്കണമെന്നും വിമാനക്കമ്പനികൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.






