പ്രമേഹ ചികിത്സയിൽ ആയുർവേദം ഏറെ പ്രാധാന്യം നൽകുന്ന ഔഷധച്ചെടിയാണ് ഗുർമാർ. മലയാളത്തിൽ ഇതിനെ മധുനാശിനി എന്നും വിളിക്കാറുണ്ട്. ഗയയിലെ ബ്രഹ്മയോനി കുന്നുകളിൽ ഈ ചെടി ധാരാളമായി കാണപ്പെടുന്നു…
ഒരു ചെടി കൊണ്ട് പ്രമേഹത്തെ നിയന്ത്രിക്കാനാകുമോ? കേള്‍ക്കുമ്പോള്‍ ആദ്യമൊന്ന് കൗതുകം തോന്നുമെങ്കിലും പ്രമേഹ രോഗികൾക്ക് വലിയ പ്രതീക്ഷ നൽകുന്ന വാർത്തയാണ് ബീഹാറിലെ ഗയയിൽ നിന്നും വരുന്നത്. ചരിത്രപ്രസിദ്ധമായ ബ്രഹ്മയോനി കുന്നുകളിൽ പ്രമേഹ നിയന്ത്രണത്തിന് അത്യന്തം ഫലപ്രദമായ ‘ഗുർമാർ’ എന്ന ചെടി ധാരാളമായി വളരുന്നതായി കണ്ടെത്തിയിരിക്കുന്നു. ആയുർവേദത്തിൽ ‘മധുനാശിനി’ എന്നും അറിയപ്പെടുന്ന ഈ ചെടി പ്രമേഹ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്‌ധര്‍ കരുതപ്പെടുന്നത്.
എന്താണ് ഗുർമാർ?
‘മധുരത്തെ കൊല്ലുന്നവൻ’ എന്നാണ് ഗുർമാർ എന്ന വാക്കിൻ്റെ അർത്ഥം. ഇതിൻ്റെ ഇലകൾ ചവച്ചു കഴിഞ്ഞാൽ കുറച്ചു സമയത്തേക്ക് മധുരം തിരിച്ചറിയാനുള്ള നാവിൻ്റെ ശേഷി ഇല്ലാതാകുന്നു. ഇതുകൊണ്ടാണ് ഇതിനെ ‘മധുനാശിനി’ എന്ന് വിളിക്കുന്നത്. ഇലകളിൽ അടങ്ങിയിരിക്കുന്ന ജിംനെമിക് ആസിഡ് ആണ് ഈ സവിശേഷത നൽകുന്നത്.
ദക്ഷിണ ബിഹാർ കേന്ദ്ര സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദേവേന്ദ്ര കുമാർ പറയുന്നതനുസരിച്ച്, ഈ ചെടിയുടെ ഇലകളിൽ അടങ്ങിയിരിക്കുന്ന ‘ജിംനെമിക് ആസിഡ്’ നാവിൽ മധുരം തിരിച്ചറിയാനുള്ള കഴിവ് താൽക്കാലികമായി തടയുന്നു. ഇത് മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കാനുള്ള താല്പര്യം കുറയ്ക്കുന്നുവെന്നും ക്രമേണ ഇതുവഴി പ്രമേഹം നിയന്ത്രിക്കാനാകുമെന്നും ഡോക്‌ടര്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാന കണ്ടെത്തലുകൾ
BGR-34 ലെ പ്രധാന ഘടകം: സി.എസ്.ഐ.ആർ (CSIR) വികസിപ്പിച്ചെടുത്ത പ്രശസ്‌തമായ പ്രമേഹ വിരുദ്ധ ഔഷധമായ BGR-34 നിർമിക്കാൻ ഉപയോഗിക്കുന്ന പ്രധാന ചേരുവകളിൽ ഒന്നാണ് ഗുർമാർ. 2024-ൽ പുറത്തുവന്ന പഠനമനുസരിച്ച്, ഇൻസുലിൻ ഉൽപ്പാദനം വർധിപ്പിക്കാനും പാൻക്രിയാസിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ഈ ചെടി സഹായിക്കുന്നു. ഈ ചെടിയുടെ ഇലകൾ ഉപയോഗിക്കുന്നത് വഴി മധുരപലഹാരങ്ങൾ കഴിക്കാനുള്ള താല്പര്യം സ്വാഭാവികമായി കുറയുന്നതായി ദക്ഷിണ ബിഹാർ കേന്ദ്ര സർവകലാശാലയിലെ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തത്തിലെ ചീത്ത കൊളസ്ട്രോളിൻ്റെയും ട്രൈഗ്ലിസറൈഡുകളുടെയും അളവ് കുറയ്ക്കാനും ഗുർമാർ സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
പ്രവർത്തന രീതി
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനൊപ്പം, കുടലിൽ നിന്ന് പഞ്ചസാര ആഗിരണം ചെയ്യുന്നത് തടയാനും ഗുർമാറിന് കഴിവുണ്ട്. ടൈപ്പ്-1, ടൈപ്പ്-2 പ്രമേഹമുള്ളവർക്ക് ഇത് ഒരുപോലെ ഗുണകരമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ബ്രഹ്മയോനി കുന്നുകളിൽ ഈ ചെടി ധാരാളമായി ലഭ്യമാണെങ്കിലും, രോഗികൾ ഇത് നേരിട്ട് ഉപയോഗിക്കുന്നത് അപകടകരമായേക്കാം. കൃത്യമായ അളവിലും ശുദ്ധീകരിച്ചും മാത്രമേ ഔഷധങ്ങൾ ഉപയോഗിക്കാവൂ. അതിനാൽ ഒരു ഡോക്‌ടറുടെ നിർദേശപ്രകാരം മാത്രം ഗുർമാർ ചികിത്സയുടെ ഭാഗമാക്കുക. ഗയയിലെ ഈ കുന്നുകൾ ആയുർവേദ ഗവേഷണങ്ങൾക്കും ഔഷധ ഉൽപ്പാദനത്തിനും പുതിയ വാതിലുകൾ തുറക്കുമെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ വിലയിരുത്തൽ.









