തൃശൂർ: തൃശൂർ പൂരത്തിന് സമാപനം കുറിച്ച് ഇന്ന് പകൽ 12:30ന് ഉപചാരം ചൊല്ലിപ്പിരിയും. പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റി വടക്കുന്നാഥനെ സാക്ഷിയാക്കി പടിഞ്ഞാറേനടയിൽ ശ്രീമൂലസ്ഥാനത്തെത്തിയാണ് ഉപചാരം ചൊല്ലുക. രാവിലെ എട്ടോടെ 15 ആനകളും പാണ്ടിമേളവുമായി മണികണ്ഠനാൽ പന്തലിൽനിന്ന് പാറമേക്കാവും നായ്ക്കനാൽ പന്തലിൽനിന്ന് തിരുവമ്പാടിയും എഴുന്നള്ളും.
രാവിലെ ഏഴരയോടെ പാറമേക്കാവ് ഭഗവതി മണികണ്ഠനാളിൽ നിന്നും ശ്രീമൂല സ്ഥാനത്തേക്ക് കയറും. എറണാകുളം ശിവകുമാറാണ് ഭഗവതിയുടെ തിടമ്പേറ്റുക. കിഴക്കൂട്ട് അനിയൻ മാരാര്‍ മേളത്തിന് പ്രമാണിയാവും. തിരുവമ്പാടി നായ്ക്കനാലിൽ നിന്നും ശ്രീമൂല സ്ഥാനത്തേക്ക് കയറും. തിരുവമ്പാടി ചന്ദ്രശേഖരനാണ് ഭഗവതിയുടെ തിടമ്പ് ഏറ്റുക. ചെറുശ്ശേരി കുട്ടന്മാരാരാണ് മേള പ്രമാണി.
എട്ടരയോടെ ശ്രീമൂല സ്ഥാനത്തിന് മുന്നിൽ തിരുവമ്പാടിയുടെയും മേളം തുടങ്ങും. ഇരു ഭഗവതിമാരും മേളം കലാശിച്ചതിനുശേഷം 12 മണിയോടെ വടക്കുന്നാഥ സന്നിധിയിലേക്കെത്തി ഉപചാരം ചൊല്ലി പിരിയും. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണ പുലര്‍ച്ചെയുള്ള വെടിക്കെട്ടും പകൽ വെടിക്കെട്ടും ഒഴിവാക്കിയിട്ടുണ്ട്.
ഉപചാരം ചൊല്ലലിനുശേഷം അടുത്ത വർഷത്തെ പൂരം തീയതി പ്രഖ്യാപിക്കും. രാത്രി ഉത്രം വിളക്കോടെ കൊടിയിറക്കും. കഴിഞ്ഞ 13 വർഷമായി തിരുവമ്പാടിക്കായി വെടിക്കെട്ട് ഒരുക്കിയിരുന്ന മുണ്ടത്തിക്കോട് സതീഷടക്കം 16 തൊഴിലാളികളാണ് വെടിക്കോപ്പ് പുരയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചത്. തൃശൂർ പൂരത്തിൻ്റെ സാമ്പിൾ വെടിക്കെട്ട് നടക്കേണ്ട ദിവസമായിരുന്നു സതീഷിൻ്റെ മരണം.
വെടിക്കെട്ട് ഒഴിവാക്കിയതിനാൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്ന് വെടിക്കെട്ട് കാണാൻ വരുന്നവർ ഇത്തവണ പൂരത്തിനെത്തിയില്ല. ആളുകളുടെ ഇൗ കുറവ് രാത്രി കച്ചവടത്തെയും കാര്യമായി ബാധിച്ചു. രാത്രി പൂരം കാണാൻ പൂരപ്രേമികളെത്തിയിരുന്നെങ്കിലും അതിനപ്പുറത്തേക്ക് വലിയ തിരക്കുണ്ടായിരുന്നില്ല.
ഞായറാഴ്‌ച രാവിലെ ഏഴിന് ചെറുപൂരങ്ങളോടെ വരവോടെയാണ് പൂര നഗരിയുണർന്നത്. തിരുവമ്പാടി വിഭാഗത്തിൻ്റെ മഠത്തിലേക്കുള്ള വരവ് രാവിലെ 7:30 ന് ആരംഭിച്ചു. മഠത്തിലെ ഇറക്കിപ്പൂജയ്‌ക്കുശേഷം പകൽ 11:15 ഓടെ പഞ്ചവാദ്യത്തിന് തുടക്കമായി. തുടർന്ന് പാണ്ടിമേളത്തോടെ ശ്രീമൂലസ്ഥാനത്ത് എഴുന്നള്ളി. പകൽ 12ന് പാറമേക്കാവ് വിഭാഗം പുറത്തേക്കെഴുന്നള്ളി. ക്ഷേത്രമുറ്റത്ത് ചെമ്പടമേളവും മിനി കുടമാറ്റവും കഴിഞ്ഞ് പകൽ ഒന്നോടെ നടപ്പാണ്ടികൊട്ടി ഇലഞ്ഞിത്തറ മേളത്തിനായി വടക്കുന്നാഥ ക്ഷേത്രമുറ്റത്തേക്ക് നീങ്ങി.
പകൽ രണ്ടോടെ ആരംഭിച്ച ഇലഞ്ഞിത്തറ മേളം നാലരയ്‌ക്ക് അവസാനിച്ചു. തുടർന്ന് ഇരുവിഭാഗങ്ങളുടെയും തെക്കോട്ടിറക്കം. പിന്നാലെ 20 മിനിറ്റ് കുടമാറ്റം. ഇരുവിഭാഗങ്ങളും 17 സെറ്റ് കുടകൾ മാറി. കഴിഞ്ഞ വർഷം 87 മിനിറ്റ് നീണ്ട കുടമാറ്റത്തിൽ 60 സെറ്റ് കുടകളാണ് മാറിയത്. ഫാൻസി കുടകളും ചിത്രക്കുടകളും എൽഇഡി കുടകളും ഇക്കുറി ഉണ്ടായില്ല.







