പടക്ക നിർമാണ മേഖല ആധുനികവൽക്കരിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ

0
71

14 പേരുടെ ജീവൻ കവർന്ന മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ, വെടിക്കെട്ട് നിർമ്മാണ മേഖല ആധുനികവൽക്കരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വെള്ളിയാഴ്ച ആവശ്യപ്പെട്ടു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഈ മേഖലയിൽ ആധുനികവൽക്കരണം അനിവാര്യമാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ ആവശ്യപ്പെട്ടു.

നമ്മൾ ജീവിക്കുന്നത് 2026-ലാണ്. ഇക്കാലത്തും തൊഴിലാളികൾ ഇങ്ങനെയുള്ള അപകടങ്ങൾക്ക് ഇരകളാവേണ്ടി വരുന്നത് ഒട്ടും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “മുണ്ടത്തിക്കോട്ടെ വെടിക്കെട്ടപകടം ഒരു ഓർമ്മപ്പെടുത്തലാണ്; ഈ മേഖല ആധുനികവൽക്കരിക്കുകയും തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് അനിവാര്യമായിരിക്കുന്നു,” രാജീവ് ചന്ദ്രശേഖർ കുറിച്ചു.ഭാവിയിൽ ഇത്തരം ദാരുണമായ അപകടങ്ങൾ ഒഴിവാക്കാൻ വെടിക്കെട്ട് നിർമ്മാണത്തിൽ ആധുനികവും ശാസ്ത്രീയവുമായ രീതികൾ കൊണ്ടുവരണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

നാടിനെ നടുക്കിയ ദുരന്തം

ഏപ്രിൽ 21-ന് ഉച്ചയ്ക്കാണ് മുണ്ടത്തിക്കോട് പടക്ക നിർമ്മാണശാലയിൽ സ്ഫോടനമുണ്ടായത്. അപകടസമയത്ത് ഏകദേശം 40 പേർ സ്ഥലത്തുണ്ടായിരുന്നതായാണ് സംശയിക്കുന്നത്. ഏപ്രിൽ 26-ന് നടക്കാനിരിക്കുന്ന തൃശൂർ പൂരത്തിന് മുന്നോടിയായി തിരുവമ്പാടി ദേവസ്വത്തിന് വേണ്ടിയുള്ള പടക്കങ്ങളാണ് ഇവിടെ നിർമ്മിച്ചിരുന്നത്.

സംഭവത്തിൽ ഇതുവരെ 14 പേർ മരിക്കുകയും നാലു പേർ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. അപകടം നടന്ന പ്രദേശത്ത് നിന്ന് നൂറിലധികം ശരീരഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇവ ഡി.എൻ.എ പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്. ഇതിന് ശേഷമേ മരിച്ചവരുടെ കൃത്യമായ എണ്ണം വ്യക്തമാകൂ.

ഇത്തവണ വെട്ടിക്കെട്ടില്ലാതെ തൃശൂർ പൂരം

അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന്റെ ആഘോഷങ്ങൾ വെട്ടിക്കുറയ്ക്കാൻ തീരുമാനം. ഇത്തവണ വെടിക്കെട്ട് ഉണ്ടാകില്ല. ഒരു മണിക്കൂർ നേരം ദൈർഘ്യമുള്ള കുടമാറ്റം 15 മിനുട്ടായി ചുരുക്കിയിട്ടുണ്ട്. സർക്കാർ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. പൂരം ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്താനാണ് യോഗത്തിൽ തീരുമാനിച്ചത്. പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് ഇത്തവണ ഉണ്ടാവില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് അറിയിച്ചു. ഇതിന് പകരമായി പ്രതീകാത്മകമായി ഒരു വട്ടം മാത്രം കതിന പൊട്ടിക്കും.

ആനപ്പുറത്തുള്ള വർണ്ണാഭമായ കുടമാറ്റം പ്രതീകാത്മകമായി മാത്രമേ നടത്തുകയുള്ളൂ. സാധാരണ രീതിയിലുള്ള പ്രദർശനത്തിന് പകരം 15 സെറ്റ് കുടകൾ മാത്രമേ ഉപയോഗിക്കൂ. സാഹചര്യം അനുസരിച്ച് ഇത് ഇനിയും കുറച്ചേക്കാം. പാരമ്പര്യ പ്രകാരം ഇലഞ്ഞിത്തറ മേളം പതിവുപോലെ ഗംഭീരമായി തന്നെ നടത്തും. മറ്റ് ആചാരപരമായ ചടങ്ങുകൾക്കൊന്നും മാറ്റമുണ്ടാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here