ആന്‍റിവെനം ഉത്പാദിപ്പിക്കാന്‍ കേരളത്തിന് അനുമതിയില്ല, ചെന്നൈയില്‍ മാത്രം മതിയെന്ന് കേന്ദ്രം

0
30

കോഴിക്കോട്: പാമ്പുകടിക്കുള്ള പ്രതിവിഷം അഥവാ ആന്‍റിവെനം ഉത്പാദിപ്പിക്കാൻ കേരളത്തിന് അനുമതിയില്ല. രാജ്യത്ത് അഞ്ച് മേഖലകളിൽ മാത്രം കളക്ഷൻ സെന്‍ററുകൾ മതിയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും സെന്‍ററുകൾ വേണ്ടെന്നും ദക്ഷിണേന്ത്യയിൽ ചെന്നൈ ആസ്ഥാനമായി ആന്‍റിവെനം ഉൽപാദിപ്പിച്ചാൽ മതിയെന്നും കേന്ദ്രം വ്യക്തമാക്കി. അനുമതി ലഭിച്ചാൽ പ്രതിവിഷം ഉൽപാദനത്തിന് തയാറാണെന്ന് കേരളം അറിയിച്ചിരുന്നു. എന്നാൽ തമിഴ്‌നാട്ടിൽ സെന്‍ററുള്ളതുകൊണ്ട് കേരളത്തിൽ വേണ്ടെന്നാണ് തീരുമാനം.

​പാമ്പ് കടിയേറ്റവർക്ക് നൽകുന്ന ആന്‍റിവെനം കേരളത്തിൽ വികസിപ്പിക്കാൻ ആലോചന നടന്നിരുന്നു. പ്രാദേശികമായി പാമ്പുകളെ കണ്ടെത്തി വിഷമെടുത്ത് പ്രതിവിഷം ഉൽപാദിപ്പിക്കാനായിരുന്നു പദ്ധതി. ‘പാമ്പുവിഷബാധ ജീവഹാനിരഹിത കേരളം’ എന്ന പദ്ധതിയിൽ 25 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തിയിരുന്നു. ഇതോടെയാണ് പാമ്പുവിഷമേൽക്കുന്നവർക്ക് ആശ്വാസമാകുന്ന പ്രതിവിഷ നിർമ്മാണത്തിലേക്ക് വനംവകുപ്പ് ആലോചന നടത്തിയത്.

​നിലവിൽ തമിഴ്നാട്ടിലെ ഇരുള ട്രൈബൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നാണ് കേരളത്തിലേക്ക് ആന്‍റിവെനം എത്തുന്നത്. മൂർഖൻ, വെള്ളിക്കെട്ടൻ, ചേനത്തണ്ടൻ, ചുരുട്ടമണ്ഡലി എന്നിവയാണ് രാജ്യത്തെ ഏറ്റവും വിഷം കൂടിയ പാമ്പുകൾ. ഈ നാല് പാമ്പുകളുടെ വിഷത്തിനെതിരെ പ്രവർത്തിക്കുന്ന ആന്‍റിവെനമാണ് ചെന്നൈയിൽ നിന്ന് ലഭിക്കുന്നത്. അതേസമയം, ഹംബ്നോസ്ഡ് പിറ്റ് വൈപ്പർ (Hump-nosed pit viper) ഇനത്തിൽപ്പെട്ട മുഴമൂക്കൻ കുഴിമണ്ഡലി പോലുള്ള പാമ്പുകൾ കടിച്ചാൽ നിലവിൽ ആന്‍റിവെനമില്ല. ബംഗളൂരു കേന്ദ്രീകരിച്ച് ഇതിന്‍റെ പരീക്ഷണങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് സർപ്പ ആപ്ലിക്കേഷൻസ് നോഡൽ ഓഫീസർ മുഹമ്മദ് അൻവർ എ.സി.എഫ് പറഞ്ഞു.

​കരയിൽ പലതരത്തിലുള്ള പാമ്പുകളുണ്ട്. ഇതിൽ വിഷം കുറഞ്ഞതും കടിച്ചാൽ മരണം സംഭവിക്കാത്തവയുമുണ്ട്. എന്നാൽ ഇവയ്ക്കൊന്നിനും ആന്‍റിവെനം എവിടെയുമില്ല. പ്രാദേശികമായി പാമ്പുകളെ കണ്ടെത്തി പ്രതിവിഷം ശേഖരിച്ചാൽ അത് വലിയ പരിധിവരെ ഗുണം ചെയ്യും. വിഷമില്ലാത്ത പാമ്പിന്‍റെ കടിയേറ്റവർക്കും നിലവിലുള്ള ആന്‍റിവെനം നൽകേണ്ടി വരുന്ന അവസ്ഥയുണ്ട്. ഇത് മറ്റ് ചില ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഇത് മറികടക്കാൻ പുതിയ പദ്ധതി നടപ്പിലായാൽ വലിയ സഹായമാകും. കടൽ പാമ്പുകളും വിഷമുള്ളവയാണ്. അവ കടിച്ചും മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവയ്ക്കും ആന്റിവെനം ലഭ്യമല്ല.

​കേരളത്തിലെ പൊതുവായ കേസുകളിൽ ചെന്നൈയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ആന്‍റിവെനം ആവശ്യത്തിന് ഉപകരിക്കുന്നുണ്ട്. പാമ്പുകടിയുടെ തോത് ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും കാരണമായിരുന്നു മുൻപ് പാമ്പുകടിയേറ്റുള്ള മരണനിരക്ക് വർധിച്ചിരുന്നത്. കുട്ടികളിലാണ് ഇപ്പോൾ അപകടമരണം കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത്. പാമ്പ് കടിയേറ്റാലും എന്താണ് സംഭവിച്ചതെന്ന് കുട്ടികൾക്ക് മനസിലാവാത്തതാണ് ഇതിന് കാരണം.

​ചൂടുകാലമായതുകൊണ്ട് തന്നെ വീടുകളിൽ ജനലുകളും വാതിലുകളും തുറന്നിടാറുണ്ട്. ഇതിലൂടെയാണ് പാമ്പും കുഞ്ഞുങ്ങളും വീട്ടിനുള്ളിലേക്ക് കയറുന്നത്. പല്ലി, തവള, മറ്റ് കീടങ്ങൾ എന്നിവയുടെ പിന്നാലെയാണ് പാമ്പുകൾ വരുന്നത്. പൊതുവെ ചൂട് കുറവുള്ള തുണികളുടെയും മറ്റും അടിയിൽ ഇവ പതുങ്ങിയാൽ പിന്നീട് പുറത്തേക്ക് പോകില്ല. ഒരുപക്ഷേ രാത്രി കിടന്നുറങ്ങുന്ന സമയത്തായിരിക്കാം ഇവ ആക്രമിക്കുന്നത്. അത് അറിയാതെ പോകുമ്പോൾ വിഷം തലച്ചോറിൽ എത്തുകയും മരണം സംഭവിക്കുകയും ചെയ്യും.

​പാമ്പുകൾ വീടിനകത്തേക്ക് വരുന്നതിനെ തടയാൻ നിലവിൽ ശാസ്ത്രീയമായ സംവിധാനങ്ങളൊന്നുമില്ല. ആകെയുള്ള മാർഗ്ഗം വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. വീടിന് ചുറ്റും കാടുപിടിച്ചു കിടക്കുന്ന അവസ്ഥ, പൊത്തുകൾ, മാളങ്ങൾ എന്നിവ ഒഴിവാക്കണം. വിറക്, തേങ്ങ, ചകിരി, ചിരട്ട എന്നിവ കൂട്ടിയിടുന്നത് ഒഴിവാക്കണം. തണുപ്പുള്ള വള്ളിച്ചെടികൾ, ചെടിച്ചട്ടികൾ, ഷൂ, ലൗ ബേർഡ്സ് എന്നിവയെല്ലാം പാമ്പുകളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. എലികൾക്ക് പിന്നാലെയാണ് പാമ്പുകൾ പൊതുവെ വീട്ടിലേക്ക് വരുന്നത്. അതിനായി ആദ്യം ചെയ്യേണ്ടത് എലികൾക്ക് താമസിക്കാനും ഭക്ഷിക്കാനും പറ്റുന്ന സാഹചര്യം ഇല്ലാതാക്കുക എന്നതാണ്.

​മനുഷ്യനെപ്പോലെ മൂക്കിലൂടെ ഗന്ധം തിരിച്ചറിയാനുള്ള കഴിവ് പാമ്പുകൾക്കില്ല എന്നത് ശ്രദ്ധേയമാണ്. നാവിന്‍റെ പ്രവർത്തനത്തിലൂടെയാണ് അവ ഇരകളെ തിരിച്ചറിയുന്നതും പിടിക്കുന്നതും. കെമിക്കൽ സെൻസറിംഗിലൂടെ നാവ് പുറത്തേക്കിട്ട് വായുവിലെ ഗന്ധമുള്ള രാസകണികകളെ അവ ശേഖരിക്കുന്നു. നാവ് അകത്തേക്ക് വലിക്കുമ്പോൾ ഈ കണികകൾ വായയുടെ മുകൾഭാഗത്തുള്ള ‘ജേക്കബ്സൺസ് ഓർഗൻ’ എന്ന ഭാഗത്ത് എത്തുന്നു. നാവിന്‍റെ രണ്ട് വശത്തുനിന്നും ലഭിക്കുന്ന ഗന്ധത്തിന്‍റെ തീവ്രത അളന്ന് ഇരയുടെ കൃത്യമായ ദിശ പാമ്പ് കണ്ടെത്തുന്നു.

​ഫാനും എസിയും ഇല്ലാതെ അഞ്ച് മിനിറ്റ് പോലും മനുഷ്യർക്ക് ഇരിക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. വിയർപ്പിലൂടെയെങ്കിലും മനുഷ്യന് ചൂടിൽ നിന്ന് തെല്ലൊരാശ്വാസം ലഭിക്കും. എന്നാൽ വിയർക്കാത്ത ജീവിയാണ് പാമ്പ്. ശീതരക്ത ഉരഗമായ പാമ്പുകൾക്ക് ചൂട് കൂടുമ്പോൾ മാളത്തിൽ നിന്ന് പുറത്തിറങ്ങിയേ പറ്റൂ. അതുകൊണ്ടാണ് ചൂട് അസഹനീയമാകുമ്പോൾ പാമ്പുകടിയും വർദ്ധിക്കുന്നത്. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയ്ക്ക് പോലും ചൂട് ശമിപ്പിക്കാൻ പല മാർഗ്ഗങ്ങളുണ്ട്. ചെവി വീശിയും തുമ്പിക്കൈ കൊണ്ട് മണ്ണും വെള്ളവും ശരീരത്തിലേക്ക് വിതറിയും തണുപ്പേകാൻ അവർക്ക് സാധിക്കും. എന്നാൽ കയ്യും കാലും ചെവിയുമില്ലാത്ത പാമ്പിന് പകൽ സമയത്തും പുറത്തിറങ്ങുകയേ രക്ഷയുള്ളൂ.

​ചൂടുകാലത്ത് പൊതുവെ എല്ലാ ജീവികൾക്കും അസ്വസ്ഥത (സ്ട്രെസ് ലെവൽ) കൂടുതലായിരിക്കും. ഇതിന്‍റെ ഭാഗമായി തന്നെയാണ് പാമ്പുകളും മനുഷ്യനെ കാണുമ്പോൾ പ്രകോപിതരാകുന്നത്. മറ്റു സമയങ്ങളിൽ മനുഷ്യരെ കാണുമ്പോൾ ഓടിയൊളിക്കുന്ന പാമ്പുകൾ, ചൂട് കൂടുമ്പോൾ ആക്രമിക്കാറാണ് പതിവ്. പാമ്പിൻ കുഞ്ഞുങ്ങളുടെ പ്രജനനകാലമാണ് ഇപ്പോൾ. അതുകൊണ്ടാണ് കൂടുതൽ കുഞ്ഞുങ്ങളെ പുറത്ത് കാണുന്നത്. വിഷപ്പാമ്പുകളുടെ കുഞ്ഞുങ്ങൾക്ക് ജന്മനാ വിഷമുണ്ടാകും. ഒരു പാമ്പിൽ നിന്ന് 20 മുതൽ 30 വരെ കുഞ്ഞുങ്ങൾ വിരിഞ്ഞു പുറത്തുവരാറുണ്ട്.

ആകെ കണക്കെടുത്താൽ ആയിരത്തിൽ ഒന്നോ രണ്ടോ എണ്ണം മാത്രമാണ് വളർന്നു വരുന്നത്. ബാക്കിയുള്ളവയെ മറ്റു ജീവികൾ ഭക്ഷിക്കുകയോ, ഭക്ഷണം കിട്ടാതെയോ അപകടങ്ങളിൽപ്പെട്ടോ ചത്തുപോകുകയാണ് പതിവ്. ​രക്ഷപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ജീവിക്കാൻ പരസഹായമില്ല. മനുഷ്യരിൽ മാതാപിതാക്കൾ കുഞ്ഞുങ്ങളെ വളർത്തുന്നു. ഒട്ടുമിക്ക ജന്തുജാലങ്ങൾക്കും കൂട്ടിന് മുതിർന്നവർ ഉണ്ടാകും. എന്നാൽ പാമ്പിൻ കുഞ്ഞുങ്ങൾ ഒറ്റയ്ക്കാണ് വളരുന്നത്. അതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കാൻ അവർക്ക് ജന്മനാ വിഷം ആവശ്യമാണ്. മുതിർന്ന പാമ്പുകളെ അപേക്ഷിച്ച് കുഞ്ഞുങ്ങൾക്ക് വിഷം കുറവായിരിക്കുമെങ്കിലും ഭക്ഷണം ദഹിപ്പിക്കാൻ അവർ ഈ വിഷമാണ് ഉപയോഗിക്കുന്നത്.

ശത്രുക്കളെ ആക്രമിക്കുമ്പോഴും ഇര പിടിക്കുമ്പോഴും പാമ്പുകൾ വിഷം ചീറ്റുന്നുണ്ട്. ആക്രമിക്കുമ്പോൾ മാത്രമാണ് വിഷം ചീറ്റുന്നത് എന്ന മിഥ്യാധാരണ തെറ്റാണ്. അതേസമയം വിഷമില്ലാത്ത പാമ്പുകളും മറ്റ് ഉരഗങ്ങളും അവരുടെ വേഗതയും മസിൽ പവറും ഉപയോഗിച്ചാണ് ഇരപിടിക്കുന്നത്. വിഷമുള്ള പാമ്പുകൾക്ക് പേശിബലവും വേഗതയും കുറവായതിനാൽ ഇരപിടുത്തം വിഷത്തിന്‍റെ സഹായത്തോടെ മാത്രമാണ് നടക്കുന്നത്.

​ആന്‍റിവെനം നിർമാണ രീതി

പൂർണ വളർച്ചയെത്തിയ പാമ്പുകളിൽ നിന്നാണ് വിഷം ശേഖരിക്കുന്നത്. ഇത് പ്രത്യേകം കുപ്പികളിലാക്കി അതിന് മുകളിൽ പാമ്പിന്‍റെ ഇനം, അവയെ കണ്ടെത്തിയ സ്ഥലം എന്നിവ രേഖപ്പെടുത്തും. പിന്നീട് ഏകദേശം -20 ഡിഗ്രി സെൽഷ്യസിൽ വച്ച് താപനില കുറയ്ക്കും. പാമ്പിൻ വിഷം ചെറിയ അളവിൽ കുറെക്കാലം തുടർച്ചയായി കുതിരയിൽ കുത്തിവയ്ക്കും. ദിവസം ചെല്ലുന്തോറും വിഷത്തിന്‍റെ അളവ് ക്രമമായി വർധിപ്പിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ കുതിരയുടെ ശരീരത്തിൽ പാമ്പിൻ വിഷത്തെ പ്രതിരോധിക്കാനുള്ള ആന്‍റിബോഡി നിർമ്മിക്കപ്പെടുന്നു.

അവസാനം ഒരു ബൂസ്റ്റർ ഡോസ് വിഷമേറ്റാലും അപകടമുണ്ടാകാത്ത അവസ്ഥയിലെത്തുമ്പോൾ കുതിരയുടെ രക്തം ശേഖരിച്ച് അതിൽ നിന്നും പ്രതിവിഷമടങ്ങിയ സിറം വേർതിരിക്കുന്നു. ഈ സിറമാണ് ആന്‍റിവെനം എന്നറിയപ്പെടുന്നത്. മോണോവാലന്‍റ് (ഒരു സ്പീഷിസിൽ ഉള്ള ജീവിയുടെ വിഷത്തിന് എതിരെ മാത്രം ഉപയോഗിക്കാൻ പറ്റുന്നവ), പോളിവാലന്റ് (പല സ്പീഷിസിൽപ്പെട്ട ജീവികളുടെ വിഷത്തിന് എതിരെ ഉപയോഗിക്കാൻ പറ്റുന്നവ) എന്നിങ്ങനെ രണ്ട് തരത്തിൽ ആന്റിവെനത്തെ വേർതിരിച്ചിട്ടുണ്ട്.

​​ആന്‍റിവെനത്തിന്‍റെ ചരിത്രം

1904-ലാണ് ആദ്യമായി ആന്‍റിവെനം നിർമ്മിക്കപ്പെട്ടത്. ആൽബർട്ട് കാൽമെറ്റി എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞനാണ് ഇത് കണ്ടെത്തിയത്. ഒരു വെള്ളപ്പൊക്കത്തിന് ശേഷം വിയറ്റ്നാമിലെ സൈഗോൺ നഗരത്തിന് അടുത്തുള്ള ഒരു ഗ്രാമത്തിൽ മൂർഖൻ പാമ്പുകൾ ഇറങ്ങുകയും നാൽപ്പതിലധികം ആളുകളെ കടിക്കുകയും ചെയ്തു.

ശാസ്ത്രജ്ഞനും നേവിയിൽ മെഡിക്കൽ ഓഫീസറുമായിരുന്ന ആൽബർട്ടിനെ ഈ വാർത്ത അസ്വസ്ഥനാക്കി. എങ്ങനെയും പാമ്പ് വിഷത്തിന് എതിരെ മരുന്ന് കണ്ടെത്തണമെന്ന് അദ്ദേഹം തീരുമാനിച്ചു. 1890-ൽ തന്‍റെ പ്രൊഫസറായ ലൂയി പാസ്റ്ററെയും എമിലി റൗക്സിനെയും സന്ദർശിച്ച് പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ചിനായി ചേർന്നു. അന്നേവരെ അധികമാളുകൾ ഗവേഷണം നടത്താത്ത മേഖലയായ വിഷശാസ്ത്രത്തിൽ ആൽബർട്ട് തന്‍റെ പരീക്ഷണങ്ങൾ തുടങ്ങി. ഇതിനായി ധാരാളം പാമ്പുകളുടെയും തേനീച്ചകളുടെയും സസ്യങ്ങളുടെയും വിഷം ശേഖരിക്കുകയും അവയിൽ പഠനം നടത്തുകയും ചെയ്തു.

അങ്ങനെ 1894-ൽ അദ്ദേഹം പാമ്പ് വിഷത്തിന് പ്രതിരോധം തീർക്കുന്ന സിറം കണ്ടെത്തി. അത് ‘കാൽമെറ്റി സിറം’ എന്നറിയപ്പെട്ടു. പിന്നീട് ധാരാളം ശാസ്ത്രജ്ഞർ ഈ മേഖലയിൽ ഗവേഷണം നടത്തുകയും ഒട്ടനവധി ആന്‍റിവെനമുകൾ കണ്ടെത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here