ദിവസം തുടങ്ങാൻ ഒരു കപ്പ് ചൂടുള്ള കാപ്പി നിർബന്ധമുള്ളവരാണ് നമ്മളിൽ പലരും. ഉന്മേഷവും ഏകാഗ്രതയും നൽകുന്ന ഈ ശീലം ആരോഗ്യത്തിന് അത്യുത്തമമാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളതുമാണ്. എന്നാൽ, കാപ്പി കുടിക്കുന്ന രീതിയിൽ വരുത്തുന്ന ഒരു ചെറിയ മാറ്റം അതിന്റെ എല്ലാ ഗുണങ്ങളെയും ഇല്ലാതാക്കുമെന്നും ശരീരത്തിന് ദോഷകരമായി മാറുമെന്നും മുന്നറിയിപ്പ് നൽകുകയാണ് മുംബൈയിലെ ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. മനൻ വോറ.
നമ്മളിൽ ഭൂരിഭാഗം ആളുകളും കാപ്പി കുടിക്കുന്നത് ധാരാളം പാലും പഞ്ചസാരയും ചേർത്താണ്. ഡോക്ടറുടെ അഭിപ്രായത്തിൽ, കാപ്പിയിൽ പാലും പഞ്ചസാരയും ചേർക്കുന്നതാണ് അതിന്റെ ആരോഗ്യഗുണങ്ങൾ നശിപ്പിക്കുന്ന ഏറ്റവും വലിയ തെറ്റ്.
ബ്ലാക്ക് കോഫിയിൽ ആയിരത്തിലധികം ബയോ ആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. സാധാരണ നാം കഴിക്കുന്ന ഒരു മൾട്ടി വൈറ്റമിൻ ഗുളികയിൽ പോലും ഏകദേശം 20 സംയുക്തങ്ങൾ മാത്രമേ കാണാറുള്ളൂ.
കാപ്പിയിൽ പാൽ ഒഴിക്കുന്ന നിമിഷം അതിലെ ആന്റിഓക്സിഡന്റുകളെ ശരീരം ആഗിരണം ചെയ്യുന്നത് തടസപ്പെടുന്നു. കൂടാതെ, രണ്ട് സ്പൂൺ പഞ്ചസാര കൂടി ചേരുമ്പോൾ അത് രക്തത്തിലെ ഇൻസുലിൻ നില പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകുന്നു. രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുൻപ് തന്നെ ഇത്തരം ഷുഗർ സ്പൈക്കുകൾ ഉണ്ടാകുന്നത് കരളിലെ കൊഴുപ്പിനും പ്രമേഹ സാധ്യതയ്ക്കും വഴിതെളിക്കുന്നു.
പല രോഗികളും ആരോഗ്യകരമായ ഭക്ഷണരീതിയാണ് പിന്തുടരുന്നതെന്ന് അവകാശപ്പെടുമ്പോഴും അവരുടെ കരളിലെ ആരോഗ്യനില മോശമാകുന്നതിന് കാരണം അറിവില്ലാതെ ചെയ്യുന്ന ഇത്തരം കൊച്ചു ശീലങ്ങളാണെന്ന് ഡോ. മനൻ വോറ ചൂണ്ടിക്കാട്ടുന്നു.
രാവിലെത്തെ കാപ്പി ഒരു മരുന്നായി പ്രവർത്തിക്കണോ അതോ വെറും പാനീയമായി മാറണോ എന്നത് നിങ്ങൾ അത് എങ്ങനെ തയ്യാറാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ആരോഗ്യഗുണങ്ങൾ പൂർണമായും ലഭിക്കാൻ ബ്ലാക്ക് കോഫി ശീലമാക്കുന്നതാണ് ഉചിതം.









