അവധിക്കാല സ്പെഷ്യൽ ക്ലാസ് വേണ്ട, നിർദേശം ലംഘിച്ചാൽ കർശന നടപടി’; വിദ്യാഭ്യാസ മന്ത്രി

0
38

സൗഹൃദങ്ങളുടേയും കളികളുളെയും കാലമാണ് മധ്യവേനലവധി, ഈ വേനൽക്കാലത്ത് കുട്ടികളെ ക്ലാസ് മുറികളിൽ തളച്ചിടരുതെന്നും അവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ നടത്തുന്നത് ഒഴിവാക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏപ്രിൽ, മെയ് മാസങ്ങൾ കുട്ടികൾക്ക് അർഹതപ്പെട്ട അവധിക്കാലമാണെന്ന് മന്ത്രി അറിയിച്ചു.

  • അവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ നടത്തുന്നത് ഒഴിവാക്കണം.
  • കർശന നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
  • ഏപ്രിൽ, മെയ് മാസങ്ങൾ കുട്ടികൾക്ക് അർഹതപ്പെട്ട അവധിക്കാലമാണ്.
തിരുവനന്തപുരം: അവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ നടത്തുന്നത് ഒഴിവാക്കണമെന്ന കർശന നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . സൗഹൃദങ്ങളുടേയും കളികളുടേയും കാലമാണ് മധ്യവേനലവധി. ഈ വേനൽക്കാലത്ത് കുട്ടികളെ ക്ലാസ് മുറികളിൽ തളച്ചിടരുത്. സംസ്ഥാനത്ത് വേനൽചൂട് അസാധാരണമാം വിധം വർധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാ സ്ട്രീമുകളിലുമുള്ള വിദ്യാലയങ്ങൾ അവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ നടത്തുന്നത് ഒഴിവാക്കണമെന്ന് കർശനമായി നിർദേശിക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

കേരള വിദ്യാഭ്യാസ ചട്ടങ്ങൾ അനുസരിച്ച് ഏപ്രിൽ, മെയ് മാസങ്ങൾ കുട്ടികൾക്ക് അർഹതപ്പെട്ട അവധിക്കാലമാണ്. ഈ ചട്ടങ്ങളെ ലംഘിച്ചുകൊണ്ട് വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണെന്ന് മാത്രമല്ല, അത് കുട്ടികളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റം കൂടിയാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സർക്കാർ, എയ്ഡഡ്, അൺ – എയ്ഡഡ് സ്കൂളുകൾക്ക് പുറമെ സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി എല്ലാ വിഭാഗം സ്കൂളുകൾക്കും ഈ നിർദേശം ഒരുപോലെ ബാധകമാണ്. സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ കോടതികളുടെയും ബാലാവകാശ കമ്മീഷന്റെയും മുൻകാല ഉത്തരവുകൾ മാനിക്കാൻ എല്ലാ മാനേജ്‌മെന്റുകളും തയ്യാറാകണം. നിർദ്ദേശങ്ങൾ ലംഘിക്കുന്ന വിദ്യാലയങ്ങൾക്കെതിരെ വിദ്യാഭ്യാസ വകുപ്പ് കർശനമായ നടപടികൾ സ്വീകരിക്കും. കുട്ടികൾ അവരുടെ അവധിക്കാലം ആസ്വദിക്കട്ടെ എന്ന് മന്ത്രി അറിയിച്ചു.

തൊഴിലാളികൾക്ക് ഉൾപ്പെടെ ഉച്ചസമയത്ത് പുറംജോലികൾ ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ അത്യുഷ്ണ സാഹചര്യമാണ് നിലവിലുള്ളത്. മുതിർന്നവർക്ക് പോലും താങ്ങാനാവാത്ത ഈ കാലാവസ്ഥയിൽ കുട്ടികളെ സ്കൂളുകളിൽ ഇരുത്തുന്നത് അവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. വേനലവധി എന്നത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്മേഷത്തിന് വേണ്ടിയുള്ളതാണ്. ഈ കാലയളവിൽ പഠനഭാരം അടിച്ചേൽപ്പിക്കുന്നത് കുട്ടികളുടെ മനുഷ്യാവകാശ ലംഘനമായി മാത്രമേ കാണാൻ സാധിക്കൂ എന്ന് മന്ത്രി പറഞ്ഞു.

അവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾക്ക് സാധ്യത തുടരുന്ന സാഹചര്യത്തിലാണ് അവധിക്കാലത്ത് ക്ലാസുകൾ പാടില്ലെന്ന കർശന നിർദേശം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നൽകിയത്.

അതേസമയം, സംസ്ഥാനത്ത് ഉയർന്ന താപനില തുടരുകയാണ്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here