ലോകാരോഗ്യദിനം 2026; ആരോഗ്യത്തിന് വേണ്ടി ഒന്നിച്ച് അണിനിരക്കാം

0
51

എല്ലാക്കൊല്ലവും ഏപ്രില്‍ ഏഴ് ലോകാരോഗ്യദിനമായി ആചരിക്കുന്നു. ലോകമെമ്പാടുമുള്ള ജനങ്ങള്‍ ശാസ്‌ത്രത്തോടൊപ്പം നിലയുറപ്പിച്ചാണ് ഈ ദിനം ആചരിക്കുന്നത്. ആരോഗ്യത്തിന് വേണ്ടി ഒന്നിച്ച് അണിനിരക്കാം ശാസ്‌ത്രത്തൊടൊപ്പം എന്നതാണ് ഇക്കൊല്ലത്തെ ദിനാചരണത്തിന്‍റെ പ്രമേയം.

ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനമാണ് ലോകാരോഗ്യദിനമായി ആചരിക്കുന്നത്. ആരോഗ്യകാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ശാസ്‌ത്ര അവബോധം സൃഷ്‌ടിക്കുകയാണ് ലോകാരോഗ്യദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

1948-ൽ ഒന്നാം ആരോഗ്യ അസംബ്ലിയാണ് ലോകാരോഗ്യ ദിനത്തിന് തുടക്കമിട്ടത്. 1950 മുതൽ ഇത് ആഘോഷിക്കപ്പെടുന്നു. ആഗോള ആരോഗ്യ വെല്ലുവിളികളെക്കുറിച്ച് അവബോധം വളർത്തുകയും അവ പരിഹരിക്കാനുള്ള ശ്രമങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ലോകാരോഗ്യ ദിനത്തിന്‍റെ പ്രാഥമിക ലക്ഷ്യം.

ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങളാണ് ഇക്കുറി വിഭാവന ചെയ്‌തിട്ടുള്ളത്. ജനങ്ങളുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും ഗ്രഹത്തിന്‍റെയും ആരോഗ്യ സംരക്ഷണത്തില്‍ ശാസ്‌ത്ര സഹകരണത്തിന്‍റെ കരുത്താണ് ആഘോഷിക്കുന്നത്. ഏക ആരോഗ്യ സമീപനത്തിലൂന്നിയുള്ള പ്രവര്‍ത്തനത്തിന് ശാസ്‌ത്ര നേട്ടങ്ങളും ബഹുതല സഹകരണവും ആവശ്യമാണെന്നത് പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് ലക്ഷ്യമിടുന്നത്.

2026ലെ പ്രചാരണത്തിന് പ്രധാനമായും രണ്ട് ആഗോള പരിപാടികള്‍

‘രാജ്യാന്തര വണ്‍ ഹെല്‍ത്ത് ഉച്ചകോടി’ ഫ്രാന്‍സ് അധ്യക്ഷം വഹിക്കുന്ന ജി7 കൂട്ടായ്‌മയില്‍ നടക്കും. എണ്‍പത് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണൂറ് ശാസ്‌ത്ര സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള ‘ആഗോള ഇനാഗുറല്‍ ഫോറം’ ഏഴുമുതല്‍ ഒന്‍പത് വരെ നടക്കും. ഐക്യരാഷ്‌ട്രസഭയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ശാസ്‌ത്രശൃംഖലയുടെ പരിപാടിയാണിത്. അത് കൊണ്ട് തന്നെ എല്ലാവര്‍ക്കും ആരോഗ്യവും സുരക്ഷിതത്വവുമുള്ള ഒരു ഭാവി ശാസ്‌ത്ര പങ്കാളിത്തത്തോടെ എങ്ങനെ സൃഷ്‌ടിക്കാമെന്ന് ഈ പരിപാടി അടിവരയിട്ട് പറയുന്നു.

ലോകമെമ്പാടുമുള്ള ജനങ്ങളെ ഇതിന്‍റെ ഭാഗമാകാന്‍ ക്ഷണിച്ചിട്ടുണ്ട്. ശാസ്‌ത്ര നേട്ടങ്ങള്‍ ആഘോഷിക്കാനും ശാസ്‌ത്രം എങ്ങനെ ഓരോരുത്തരുടെയും ജീവിതം മെച്ചപ്പെടുത്തിയെന്ന തെളിവ് സഹിതമുള്ള വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കിടാനും ഉള്ള അവസരമാണിത്. ‘സ്റ്റാന്‍ഡ് വിത്ത് സയന്‍സ് വേള്‍ഡ് ഹെല്‍ത്ത് ഡേ’ എന്ന ബാനറില്‍ ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പരിപാടിയുടെ ലക്ഷ്യങ്ങള്‍

സര്‍ക്കാരുകളോടും ശാസ്‌ത്രജ്ഞരോടും ആരോഗ്യപ്രവര്‍ത്തകരോടും പങ്കാളികളോടും പൊതുജനങ്ങളോടും പരിപാടിയുടെ ആഹ്വാനം;

  • ശാസ്ത്രത്തൊടൊപ്പം തെളിവുകളോടെയും വസ്‌തുതാപരമായും ശാസ്ത്രാധിഷ്‌ഠിത മാര്‍ഗനിര്‍ദ്ദേശങ്ങളിലുടെയൂം ആരോഗ്യ സംരക്ഷണത്തിന് ഇടപെടുക
  • ശാസ്‌ത്രത്തിലും പൊതുജനാരോഗ്യത്തിലും വിശ്വാസ്യത പുനഃസൃഷ്‌ടിക്കുക
  • ആരോഗ്യകരമായ ഭാവിക്കായി ശാസ്‌ത്ര പരിഹാരങ്ങളെ പിന്തുണയ്ക്കുക.

മൊത്തത്തിലുള്ള ക്ഷേമത്തിന് നല്ല ആരോഗ്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായി ഈ ദിനാചരണം വർത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here