ഫിഫ ലോകകപ്പ് 2026: 48 ടീമുകൾ റെഡി! ഇറ്റലിയെ അട്ടിമറിച്ച് ബോസ്‌നിയ;

0
45

ഹെെദരാബാദ്: ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടത്തിന് കാത്തിരുന്ന ആരാധകർക്ക് ഇനി ആവേശത്തിന്‍റെ ദിനങ്ങൾ. രണ്ടര വർഷം നീണ്ടുനിന്ന കഠിനമായ യോഗ്യതാ പോരാട്ടങ്ങൾക്കൊടുവിൽ, 2026 ലോകകപ്പിൽ മാറ്റുരയ്ക്കുന്ന 48 ടീമുകളുടെ അന്തിമ പട്ടിക തയ്യാറായി. മെക്‌സിക്കോയിലെ മോണ്ടെറിയിൽ നടന്ന നിർണ്ണായകമായ ഇന്‍റര്‍കോണ്ടിനന്‍റല്‍ പ്ലേ ഓഫിൽ ബൊളീവിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇറാഖ് ലോകകപ്പിലെ അവസാന (48-ാം) സ്ഥാനം ഉറപ്പിച്ചു.

ഇറ്റലിക്ക് വീണ്ടും നിരാശ; ബോസ്‌നിയക്ക് ചരിത്ര നേട്ടം

യൂറോപ്യൻ പ്ലേ ഓഫിൽ വൻ അട്ടിമറിക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. നാല് തവണ ലോകചാമ്പ്യന്മാരായ ഇറ്റലിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പുറത്താക്കി ബോസ്‌നിയ ആന്‍റ് ഹെർസഗോവിന യോഗ്യത നേടി. ഗ്രൂപ്പ് ബിയിൽ കാനഡ, ഖത്തർ, സ്വിറ്റ്സർലൻഡ് എന്നിവർക്കൊപ്പമാണ് ബോസ്‌നിയ മത്സരിക്കുക. എട്ട് യൂറോപ്യൻ ടീമുകൾ അവസാന ദിനം നാല് സ്ഥാനങ്ങൾക്കായി പൊരുതിയ മത്സരങ്ങളിൽ സ്വീഡൻ, തുർക്കി, ചെക്ക് റിപ്പബ്ലിക് എന്നിവരും തങ്ങളുടെ ടിക്കറ്റ് ഉറപ്പിച്ചു.

മറ്റ് പ്ലേ ഓഫ് മത്സരങ്ങള്‍:

സ്വീഡൻ: ആവേശകരമായ മത്സരത്തിൽ പോളണ്ടിനെ 3-2 ന് തകർത്തു. ഗ്രൂപ്പ് എഫിൽ നെതർലൻഡ്‌സ്, ജപ്പാൻ, ടുണീഷ്യ എന്നിവർക്കൊപ്പമാണ് ഇവർ കളിക്കുക.

തുർക്കി: കൊസോവോയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി (1-0). ഗ്രൂപ്പ് ഡിയിൽ യുഎസ്എ, പരാഗ്വേ, ഓസ്‌ട്രേലിയ എന്നിവരാണ് എതിരാളികൾ.

ചെക്ക് റിപ്പബ്ലിക്: ഡെന്മാർക്കിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ചെക്ക് യോഗ്യത നേടിയത്. 2006-ന് ശേഷം ആദ്യമായി ലോകകപ്പിലെത്തുന്ന ചെക്ക് ടീം ഗ്രൂപ്പ് എയിൽ ആതിഥേയരായ മെക്‌സിക്കോ, സൗത്ത് ആഫ്രിക്ക, സൗത്ത് കൊറിയ എന്നിവരെ നേരിടും.

കോംഗോ: ഗ്വാഡലഹാരയിൽ നടന്ന പ്ലേ ഓഫിൽ ജമൈക്കയെ എക്‌സ്‌ട്രാ ടൈമിൽ (1-0) പരാജയപ്പെടുത്തിയാണ് കോംഗോ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചത്.

2023 സെപ്റ്റംബർ 7-ന് തെക്കേ അമേരിക്കയിൽ ആരംഭിച്ച ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കാണ് ഇപ്പോൾ തിരശ്ശീല വീണിരിക്കുന്നത്. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജൂൺ 11-ന് ആരംഭിക്കും.

ഗ്രൂപ്പുകൾ പൂർണ്ണരൂപത്തിൽ:

  • ഗ്രൂപ്പ് A: ചെക്ക് റിപ്പബ്ലിക്, മെക്‌സിക്കോ, സൗത്ത് ആഫ്രിക്ക, സൗത്ത് കൊറിയ
  • ഗ്രൂപ്പ് B: കാനഡ, ബോസ്നിയ ആന്റ് ഹെർസഗോവിന, ഖത്തർ, സ്വിറ്റ്സർലൻഡ്
  • ഗ്രൂപ്പ് C: ബ്രസീൽ, ഹെയ്‌തി, മൊറോക്കോ, സ്കോട്ട്‌ലൻഡ്
  • ഗ്രൂപ്പ് D: ഓസ്‌ട്രേലിയ, പരാഗ്വേ, തുർക്കി, യുണൈറ്റഡ് സ്റ്റേറ്റ്സ്
  • ഗ്രൂപ്പ് E: കുറാസാവോ, ഇക്വഡോർ, ജർമ്മനി, ഐവറി കോസ്റ്റ്
  • ഗ്രൂപ്പ് F: നെതർലൻഡ്‌സ്, ജപ്പാൻ, സ്വീഡൻ, ടുണീഷ്യ
  • ഗ്രൂപ്പ് G: ബെൽജിയം, ഈജിപ്‌ത്, ഇറാൻ, ന്യൂസിലൻഡ്
  • ഗ്രൂപ്പ് H: കേപ് വെർഡെ, സൗദി അറേബ്യ, സ്പെയിൻ, ഉറുഗ്വേ
  • ഗ്രൂപ്പ് I: ഫ്രാൻസ്, നോർവേ, സെനഗൽ, ഇറാഖ്
  • ഗ്രൂപ്പ് J: അൾജീരിയ, അർജന്‍റീന, ഓസ്ട്രിയ, ജോർദാൻ
  • ഗ്രൂപ്പ് K: കൊളംബിയ, ജമൈക്ക, പോർച്ചുഗൽ, ഉസ്ബെക്കിസ്ഥാൻ
  • ഗ്രൂപ്പ് L: ക്രൊയേഷ്യ, ഇംഗ്ലണ്ട്, ഘാന, പനാമ

LEAVE A REPLY

Please enter your comment!
Please enter your name here