രാജ്യത്തെ ഫാസ്ടാഗ് വാർഷിക പാസ് ഫീസ് വർധനവ്. 2026 – 2027 സാമ്പത്തിക വർഷത്തേക്കുള്ള ഫാസ്ടാഗ് അടിസ്ഥാനമാക്കിയുള്ള വാർഷിക പാസിന്റെ വില നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വർധിപ്പിച്ചതിനാൽ ഏപ്രിൽ 1 മുതൽ പതിവായി ഹൈവേ യാത്ര ചെയ്യുന്നവർ യാത്രാ ചെലവിൽ അൽപ്പം കൂടുതൽ നൽകേണ്ടിവരും.
- ഏപ്രിൽ ഒന്ന് ബുധനാഴ്ച മുതൽ രാജ്യത്തെ ഫാസ്ടാഗ് നിരക്കിൽ മാറ്റം.
- 3,000 രൂപയുണ്ടായിരുന്ന പാസ് തുക ഇനി മുതൽ 3,075 രൂപയായി മാറും.
- സ്വകാര്യ വാഹനങ്ങൾക്കാണ് ഈ നിരക്ക് വർധനവ് ബാധകമാകുന്നത്.
2026 – 2027 സാമ്പത്തിക വർഷത്തേക്കുള്ള ഫാസ്ടാഗ് അടിസ്ഥാനമാക്കിയുള്ള വാർഷിക പാസിന്റെ വില നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്‌എഐ) വർധിപ്പിച്ചതിനാൽ ഏപ്രിൽ ഒന്നുമുതൽ പതിവായി ഹൈവേ യാത്ര ചെയ്യുന്നവരെ ബാധിക്കും. 2008ലെ നാഷണൽ ഹൈവേ ഫീസ് (നിരക്കുകളും പിരിവും നിർണയിക്കൽ) നിയമങ്ങൾ പ്രകാരം അതോറിറ്റിയുടെ വാർഷിക ടോൾ യുക്തിസഹീകരണ പ്രക്രിയയുടെ ഭാഗമായി 3,000 രൂപയിൽ നിന്ന് 75 രൂപ വർധിപ്പിച്ച് 3,075 രൂപയായി ഫീസ് പരിഷ്കരിച്ചു.
2025 ഓഗസ്റ്റ് 15നാണ് രാജ്യത്ത് ഫാസ്ടാഗ് വാർഷിക പാസ് സൗകര്യം ആരംഭിച്ചത്. 56 ലക്ഷത്തിലധികം ഉപയോക്താക്കൾ ഫാസ്ടാഗ് വാർഷിക പാസ് സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. ഒരു വർഷം കാലാവധിയുള്ള ഈ പാസ് ഉപയോഗിച്ച് 200 തവണ ടോൾ കടക്കാനാകും. വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്കായി രൂപകൽപ്പന ചെയ്ത വാർഷിക പാസ് ദേശീയ പാതകളിലെയും എക്സ്പ്രസ് വേകളിലെയും ടോൾ പ്ലാസകളിൽ കുടുങ്ങിക്കിടക്കാതെ യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കി. ഇത് സാധാരണ യാത്രക്കാർക്ക് സുഗമമായ യാത്രാനുഭവം നൽകുന്നു. 2025 ഓഗസ്റ്റിൽ ആരംഭിച്ച ഫാസ്ടാഗ് വാർഷിക പാസ് സംവിധാനത്തിൽ ഇതുവരെ 56 ലക്ഷത്തിലധികം ഉപയോക്താക്കൾ ഭാഗമായി. രാജ്മാർഗ്യാത്ര ആപ്പ് വഴിയോ എൻഎച്ച്‌എഐ പോർട്ടൽ വഴിയോ പാസ് വാങ്ങാം. പണമടച്ചതിന് ശേഷം രണ്ട് മണിക്കൂറിനുള്ളിൽ ആക്ടിവേഷൻ പൂർത്തിയാകും.
ദേശീയ പാതകളിലെയും ദേശീയ എക്സ്പ്രസ് വേകളിലെയും ടോൾ പ്ലാസകളിൽ മാത്രമേ ഫാസ്ടാഗ് വാർഷിക പാസ് സൗകര്യം ബാധകമാകൂ. സംസ്ഥാന സർക്കാരുകളോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ നിയന്ത്രിക്കുന്ന റോഡുകളിൽ ഫാസ്ടാഗ് സാധാരണ പേ പെർ യൂസ് മോഡിൽ പ്രവർത്തിക്കും. കൂടാതെ ടോൾ നിരക്കുകൾ പ്രത്യേകം ബാധകമാകുന്നത് തുടരും.
സാധുത കാലയളവ് അവസാനിച്ചുകഴിഞ്ഞാൽ ഒരു വർഷത്തിനു ശേഷമോ 200 ക്രോസിങ്ങുകൾ കഴിഞ്ഞോ ബാധകമായ ഫീസ് വീണ്ടും അടച്ച് പാസ് പുതുക്കാവുന്നതാണ്. വാർഷിക പാസ് വാഹനത്തിന് മാത്രമുള്ളതാണ്. അതിനാൽ തന്നെ അത് കൈമാറ്റം ചെയ്യാൻ കഴിയില്ല. രജിസ്റ്റർ ചെയ്ത വാഹനത്തിന്റെ വിൻഡ്ഷീൽഡിൽ ഫാസ്ടാഗ് ശരിയായി ഘടിപ്പിക്കുമ്പോൾ മാത്രമേ ഇത് സജീവമാകൂ.






