ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്ന രീതിയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി മാർക്ക് സക്കർബർഗിൻ്റെ നേതൃത്വത്തിലുള്ള മെറ്റ. സാധാരണ ഉപയോക്താക്കൾക്കായി’ഇൻസ്റ്റാഗ്രാം പ്ലസ്’ (Instagram Plus) എന്ന പേരിലുള്ള പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനം മെറ്റ പരീക്ഷിച്ചു തുടങ്ങിയതായി റിപ്പോർട്ടുകൾ. സ്റ്റോറികൾ രഹസ്യമായി കാണാനുള്ള സൗകര്യം (Anonymous Story views) ഉൾപ്പെടെ നിരവധി സവിശേഷതകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മെക്സിക്കോ, ജപ്പാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലാണ് നിലവിൽ ഇൻസ്റ്റാഗ്രാം പ്ലസിന്റെ പരീക്ഷണം നടക്കുന്നത്. നിലവിലുള്ള മെറ്റാ വെരിഫൈഡ് (Meta Verified) സബ്സ്ക്രിപ്ഷനിൽ നിന്ന് വ്യത്യസ്തമായിരിക്കും ഇതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇൻസ്റ്റാഗ്രാം പ്ലസ് വരിക്കാർക്ക് ലഭിക്കുന്ന ഏറ്റവും ആകർഷകമായ ഫീച്ചർ സ്റ്റോറികൾ അജ്ഞാതമായി കാണാനുള്ള സൗകര്യമാണ്. സാധാരണയായി ഒരാളുടെ സ്റ്റോറി കണ്ടാൽ അത് പോസ്റ്റ് ചെയ്ത വ്യക്തിക്ക് കാണാൻ സാധിക്കും. എന്നാൽ ഇൻസ്റ്റാഗ്രാം പ്ലസ് വരിക്കാർ സ്റ്റോറി കണ്ടാൽ പോസ്റ്റ് ചെയ്തയാൾക്ക് അത് അറിയാൻ കഴിയില്ല.
കൂടാതെ, നിങ്ങളുടെ സ്റ്റോറി എത്രപേർ വീണ്ടും കണ്ടു (Rewatch count) എന്ന് മനസ്സിലാക്കാനും ഇതിലൂടെ സാധിക്കും. നിലവിൽ ഒരു ‘ക്ലോസ് ഫ്രണ്ട്സ്’ ലിസ്റ്റ് മാത്രമേ ഉണ്ടാക്കാൻ സാധിക്കൂ എങ്കിൽ, ഇൻസ്റ്റാഗ്രാം പ്ലസ് ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഓഡിയൻസ് ലിസ്റ്റുകൾ തയ്യാറാക്കാം.
സ്റ്റോറികളുടെ കാലാവധി അധികമായി 24 മണിക്കൂർ കൂടി നീട്ടാനും ആഴ്ചയിലൊരിക്കൽ നിങ്ങളുടെ സ്റ്റോറി എല്ലാവരുടെയും ലിസ്റ്റിൽ ആദ്യം വരാൻ ‘സ്‌പോട്ട്‌ലൈറ്റ്’ ചെയ്യാനും ഈ സേവനത്തിലൂടെ സാധിക്കും. സ്റ്റോറികളിൽ അയക്കാൻ സാധിക്കുന്ന ആനിമേറ്റഡ് ‘സൂപ്പർ ലൈക്കുകളും’ വ്യൂവേഴ്സ് ലിസ്റ്റിൽ നിന്ന് പ്രത്യേക വ്യക്തികളെ തിരയാനുള്ള സൗകര്യവും ഇതിലുണ്ട്.
വില എത്രയായിരിക്കും?
ഇൻസ്റ്റാഗ്രാം പ്ലസിൻ്റെ ഇന്ത്യയിലെ വിലയെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എങ്കിലും നിലവിൽ പരീക്ഷണം നടക്കുന്ന രാജ്യങ്ങളിലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏകദേശം 100 രൂപ മുതൽ 200 രൂപ വരെയായിരിക്കാം പ്രതിമാസ വരിസംഖ്യ. മെക്സിക്കോയിൽ ഏകദേശം 200 രൂപയും ജപ്പാനിൽ 188 രൂപയും ഫിലിപ്പീൻസിൽ 100 രൂപയുമാണ് നിലവിൽ ഈടാക്കുന്നത്.
പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തിന് പുറമെ മറ്റ് സ്രോതസ്സുകൾ കണ്ടെത്തുക എന്ന മെറ്റയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം. സ്നാപ്ചാറ്റ് പ്ലസ്, എക്സ് പ്രീമിയം തുടങ്ങിയ സബ്സ്ക്രിപ്ഷൻ സേവനങ്ങളുടെ വിജയമാണ് മെറ്റയെ ഇതിന് പ്രേരിപ്പിച്ചത്. വാട്സാപ്പിനായും സമാനമായ പ്രീമിയം സബ്സ്ക്രിപ്ഷൻ മെറ്റ ആലോചിക്കുന്നുണ്ടെന്നാണ് വിവരം.









