ക്ഷീണവും നിർജലീകരണവും അകറ്റാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

0
43

വേനൽക്കാലം കടുക്കുന്നതോടെ വസ്ത്രധാരണത്തിൽ മാത്രമല്ല, ഭക്ഷണരീതിയിലും മാറ്റങ്ങൾ അനിവാര്യമാണ്. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ ശരീരത്തിൻ്റെ ആവശ്യങ്ങൾ മാറുന്നതിനാൽ, ശരിയായ ഭക്ഷണക്രമം പിന്തുടരേണ്ടത് ആരോഗ്യത്തിന് പ്രധാനമാണ്. ചില വേനൽക്കാല ഭക്ഷണരീതികൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നതിനാൽ കൃത്യമായ ശ്രദ്ധ ആവശ്യമാണ്.

ദഹനത്തെ ബാധിക്കുന്നവ

ചൂട് കൂടുമ്പോൾ ശരീരത്തിലെ ആസിഡ് ഉത്പാദനം കുറയുകയും ദഹനക്ഷമതയെ ബാധിക്കുകയും ചെയ്യും. ശൈത്യകാലത്ത് എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ വേനലിൽ വയറുവേദനയോ അലസതയോ ഉണ്ടാക്കാം. അതിനാൽ ഭാരമുള്ളതല്ലെങ്കിലും പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം അമിതമായി കഴിച്ചാൽ വയറു വീർക്കാനും അസ്വസ്ഥത അനുഭവപ്പെടാനും ഊർജക്കുറവിനും കാരണമാകും. ഈ സമയത്ത് അമിതമായ വിയർപ്പ് ശരീരത്തിന് ആവശ്യമായ ദ്രാവകങ്ങളും ധാതുക്കളും നഷ്ടപ്പെടുത്തും. ഇവ വീണ്ടും നിറയ്ക്കാത്തത് ബലഹീനതയ്ക്കും നിർജലീകരണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്കും വഴിവയ്ക്കും. ഓരോരുത്തരുടെയും ശരീരപ്രകൃതിക്കനുസരിച്ച് വേണം മാറ്റങ്ങൾ വരുത്താൻ. ഭക്ഷണം കഴിച്ചശേഷം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുകയും അതിനനുസരിച്ച് ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യണം.

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

എരിവുള്ള ഭക്ഷണങ്ങൾ മിതമായ അളവിൽ കഴിക്കുന്നത് കുഴപ്പമില്ലെങ്കിലും, വേനൽക്കാലത്ത് എരിവ് കൂടിയ കറികൾ ഒഴിവാക്കുന്നതാണ് നല്ലത്. ഇവ ശരീരത്തിൻ്റെ ആന്തരിക താപനില വർധിപ്പിക്കുകയും ഉപാപചയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ച് കൂടുതൽ വിയർക്കാൻ കാരണമാകുകയും ചെയ്യും. ഈർപ്പമുള്ള അന്തരീക്ഷത്തിൽ വിയർപ്പ് പെട്ടെന്ന് ബാഷ്പീകരിക്കപ്പെടാത്തതിനാൽ കൂടുതൽ ക്ഷീണത്തിനും നിർജലീകരണത്തിനും ഇത് ഇടയാക്കും. ദാഹം മാറ്റാൻ തണുത്ത പായ്ക്കറ്റ് ജ്യൂസുകളോ എനർജി ഡ്രിങ്കുകളോ കുടിക്കുന്നത് ഉന്മേഷം നൽകുമെങ്കിലും, ഇവയിലെ ഉയർന്ന പഞ്ചസാരയും കൃത്രിമ ചേരുവകളും കഫീനും നിർജലീകരണം വർധിപ്പിക്കും. കഫീൻ അടങ്ങിയ പാനീയങ്ങൾ കൂടുതൽ മൂത്രമൊഴിക്കുന്നതിനും അതുവഴി ശരീരത്തിൽനിന്ന് കൂടുതൽ ജലാംശം നഷ്ടപ്പെടാനും ഇടയാക്കും.

ചൂടുകാലത്ത് സമൂസ, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയ വറുത്ത പലഹാരങ്ങൾ ശരീരത്തിന് ദോഷം ചെയ്യും. ഇവ ദഹിക്കാൻ പ്രയാസമുള്ളതും ശരീരത്തിൻ്റെ താപനില വർധിപ്പിക്കുന്നതുമാണ്. മാമ്പഴം, ചക്ക, ലിച്ചി തുടങ്ങിയവയിൽ പ്രകൃതിദത്ത പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ അമിതമായി കഴിക്കുന്നത് ആന്തരിക ഉഷ്ണം വർധിപ്പിക്കും. പ്രോട്ടീൻ പൗഡറുകളും മറ്റ് സപ്ലിമെൻ്റുകളും സൂപ്പർ ഫുഡുകളും ഉപാപചയ താപം വർധിപ്പിക്കാൻ കാരണമാകും.

ഡയറ്റിലെ മാറ്റങ്ങൾ

മാംസാഹാരങ്ങൾക്ക് പകരം കുതിർത്ത പയർവർഗങ്ങൾ, പരിപ്പ്, ടോഫു, ടെമ്പെ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കലോറി വർധിപ്പിക്കാതെ ശരീരത്തിന് പോഷകങ്ങൾ നൽകാൻ സഹായിക്കും. ടോഫു, ടെമ്പെ തുടങ്ങിയവ ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ നൽകുന്നതിനൊപ്പം വയറിന് ഭാരം അനുഭവപ്പെടുത്താത്തവയുമാണ്. രാജ്മ, ചോള തുടങ്ങിയ പയർവർഗങ്ങൾ നാരുകളാൽ സമ്പന്നമാണെങ്കിലും വേനൽക്കാലത്ത് ദഹിക്കാൻ പ്രയാസമാണ്. പകരം ദഹനക്ഷമതയുള്ള ഭക്ഷണങ്ങൾ കഴിക്കാം. ദോശ, ഇഡ്ഡലി തുടങ്ങി പുളിപ്പിച്ച മാവ് ഉപയോഗിച്ചുള്ള വിഭവങ്ങൾ ദഹനം സുഗമമാക്കും. പയർവർഗങ്ങൾ കുതിർത്ത് പ്രഷർ കുക്കറിൽ വേവിച്ച് കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. മുഴുവൻ പ്രോട്ടീനും ഒരു നേരത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് പകരം ചെറിയ അളവിൽ വിഭജിച്ചു കഴിക്കാം. ഗ്രാം കണക്കുകൾ നോക്കി പ്രോട്ടീൻ കഴിക്കുന്നത് ശരീരത്തിൻ്റെ ദഹനക്ഷമതയെ ബാധിക്കും. ദഹനത്തിന് സഹായകമാകുന്ന ഇഞ്ചിയും ജീരകവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

വേനൽക്കാലത്ത് ശരീരത്തിന് ജലാംശം നൽകുന്നതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണം. 95 ശതമാനവും വെള്ളം അടങ്ങിയിട്ടുള്ള വെള്ളരിക്ക ശരീരത്തിന് ജലാംശം നൽകാനും തണുപ്പിക്കാനും മികച്ചതാണ്. തണ്ണിമത്തൻ ശരീരത്തിന് ആവശ്യമായ ജലാംശവും ഇലക്ട്രോലൈറ്റുകളും നൽകും. വിറ്റാമിനുകളും ആൻ്റിഓക്സിഡൻ്റുകളും അടങ്ങിയിട്ടുള്ള തക്കാളി ജലാംശം നിലനിർത്താൻ സഹായിക്കും. ചീര, ലെറ്റൂസ് തുടങ്ങിയ ഇലക്കറികളിൽ ജലാംശം കൂടുതലാണ്.

ശരീരത്തെ തണുപ്പിക്കാനും ദഹനം എളുപ്പമാക്കാനും സഹായിക്കുന്ന പ്രകൃതിദത്ത പ്രോബയോട്ടിക്കാണ് തൈര്. നിർജലീകരണം തടയാൻ സഹായിക്കുന്ന വെള്ളവും അവശ്യ ധാതുക്കളും കുമ്പളങ്ങയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സിയും ജലാംശം നൽകുന്ന ഗുണങ്ങളും അടങ്ങിയ കാപ്സിക്കവും വേനൽക്കാലത്ത് മികച്ചതാണ്. സമീകൃതമായ ഭക്ഷണക്രമം പിന്തുടരുന്നത് വേനൽക്കാലത്ത് ആരോഗ്യവും ഉന്മേഷവും നിലനിർത്താൻ സഹായിക്കും. ആവശ്യമെങ്കിൽ, ഡയറ്റീഷ്യൻ്റെ നിർദേശം തേടുന്നതും നല്ലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here