ടെഹ്‌റാന്‍: ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്കും സ്റ്റീൽ പ്ലാന്‍റുകൾക്കും നേരെയുള്ള ഇസ്രയേൽ ആക്രമണങ്ങളില്‍ അപലപിച്ച് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇറാനിലെ രണ്ട് സ്റ്റീല്‍ ഫാക്‌ടറികള്‍, ഒരു പവര്‍ പ്ലാന്‍റ്, സിവിലിയന്‍ ആണവ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ ആക്രമണം നടത്തിയതായി അരാഗ്‌ചി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനായി ടെഹ്‌റാനുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച സമയ പരിധിക്ക് വിരുദ്ധമായ നടപടിയാണിതെന്നും അരാഗ്‌ചി കുറ്റപ്പെടുത്തി.
ഇറാന്‍റെ ആണവോര്‍ജ കേന്ദ്രങ്ങളിലേക്ക് ഏപ്രില്‍ 06 വരെ ആക്രമണങ്ങളുണ്ടാകില്ലെന്ന് നേരത്തെ ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് അരാഗ്‌ചി രംഗത്തെത്തിയത്. അതേസമയം യുഎസുമായി ചര്‍ച്ച നടത്തിയാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്ന് ഇസ്രയേലും വ്യക്തമാക്കി. നിയമം ലംഘിച്ചുള്ള ഇസ്രയേല്‍ നടപടിക്ക് ഇറാന്‍ കനത്ത തിരിച്ചടി നല്‍കുമെന്നും അരാഗ്‌ചി മുന്നറിയിപ്പ് നല്‍കി.
ഇറാനിലെ അരാക്കിലെ വാട്ടര്‍ പ്ലാന്‍റും യുറേനിയം പ്ലാന്‍റിലും ഇസ്രയേല്‍ ആക്രമണം നടത്തി. ഇത് ‘റൈസിങ് ലയണ്‍’ ഓപ്പറേഷന്‍റെ ഭാഗമാണെന്ന് ഐഡിഎഫ് പറഞ്ഞു. ഇറാന്‍റെ ആയുധ നിര്‍മാണത്തെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും ഐഡിഎഫ് ചൂണ്ടിക്കാട്ടി.
യുഎസും ഇസ്രയേലും ഒന്നിച്ച് ആക്രമണം: ഇറാനിലെ ഇസ്‌ഹഫാനിലെയും ഖുസെസ്ഥാനിെലയും രണ്ട് പ്രധാന സ്റ്റീല്‍ കമ്പനികള്‍ക്ക് നേരെ യുഎസും ഇസ്രയേലും ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തൂവെന്ന് ഇസ്‌ഫാഹാനിലെ ഡെപ്യൂട്ടി ഗവർണർ ജനറൽ അക്ബർ സാലിഹി അറിയിച്ചു. എന്നാല്‍ ഖുസെസ്ഥാനിലുണ്ടായ ആക്രമണത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റതായി ഖുസെസ്ഥാനിലെ ഡെപ്യൂട്ടി ഗവർണർ ജനറൽ വലിയോള ഹയാതി അറിയിച്ചു. ആക്രമണത്തില്‍ സ്റ്റീല്‍ കമ്പനി പൂര്‍ണമായും നശിച്ചു.
യുഎസും ഇസ്രയേലും യുദ്ധത്തിന് പ്രേരിപ്പിക്കുകയാണെന്ന് അരാഗ്‌ചി നേരത്തെ പറഞ്ഞിരുന്നു. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്‍റെ യോഗത്തിലായിരുന്നു പരാമര്‍ശം. ആണവ ശക്തികളായ അമേരിക്കയും ഇസ്രയേലും നടത്തുന്ന നിയമ വിരുദ്ധമായ യുദ്ധമാണ് ഇറാന്‍ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇറാനും യുഎസും തമ്മില്‍ ആണവ പദ്ധതി സംബന്ധിച്ച് നയതന്ത്ര ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഫെബ്രുവരി 28ലെ ആക്രമണം നടന്നത്. യുഎസ് രണ്ടാം തവണയും ചര്‍ച്ചാ പ്രക്രിയ അട്ടിമറിച്ചെന്നും അരാഗ്‌ചി കുറ്റപ്പെടുത്തി.
സ്‌കൂളുകള്‍ക്ക് നേരെ ആക്രമണം: ഇറാനിലുടനീളം 600ലധികം സ്‌കൂളുകള്‍ക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. 1,000ത്തിലധികം വിദ്യാര്‍ഥികളും അധ്യാപകരും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്‌തൂവെന്നും അരാഗ്‌ചി യോഗത്തില്‍ ചൂണ്ടിക്കാട്ടി.






