ടെഹ്‌റാൻ: ഇറാൻ നാവികസേന കമാൻഡർ അലിറേസ തങ്‌സിരിയെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രയേൽ. മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇന്നലെ രാത്രി നടത്തിയ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. തങ്‌സിരിയുടെ മരണം യുഎസ് സെൻട്രൽ കമാൻഡും (സെൻ്റ്കോം) വ്യാഴാഴ്‌ച സ്ഥിരീകരിച്ചു. എന്നാൽ സംഭവത്തോട് ഇറാൻ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇസ്രയേൽ-യുഎസ് സ്ഥിരീകരണം
യുഎസ് സെൻട്രൽ കമാൻഡർ അഡ്‌മിറൽ ബ്രാഡ് കൂപ്പർ ഔദ്യോഗിക പ്രസ്‌താവനയിലൂടെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തങ്‌സിരിയെ വധിച്ചതിലൂടെ പശ്ചിമേഷ്യൻ മേഖല കൂടുതൽ സുരക്ഷിതമായെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ എട്ട് വർഷമായി അദ്ദേഹം ഈ നേതൃസ്ഥാനം വഹിച്ചുവരികയാണ്. ഈ കാലയളവിൽ ആയിരക്കണക്കിന് നിരപരാധികളെയും നാവികരെയും തങ്‌സിരി ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. അമേരിക്ക, ഇസ്രയേൽ രാജ്യങ്ങളുടെ പ്രധാന നോട്ടപ്പുള്ളിയായിരുന്നു അലിറേസ തങ്‌സിരി.
അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള ഐആർജിസി-എൻ (ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്-നേവി) ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വ്യാപാരകപ്പലുകളെ നിരന്തരം ആക്രമിക്കുകയും സാധാരണക്കാർക്ക് വലിയ തോതിൽ നാശനഷ്‌ടങ്ങൾ വരുത്തുകയും ചെയ്‌തിരുന്നതായി ബ്രാഡ് കൂപ്പർ ആരോപിച്ചു. ഇറാൻ്റെ ഐആർജിസി നാവികസേന കമാൻഡറും ഇൻ്റലിജൻസ് ഡിവിഷൻ മേധാവിയുമായ ഉന്നത ഉദ്യോഗസ്ഥനെ വധിച്ചതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സും (ഐഡിഎഫ്) കഴിഞ്ഞ ദിവസം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷമാണ് അമേരിക്കയുടെ ഭാഗത്തുനിന്നും സ്ഥിരീകരണം പുറത്തുവന്നത്.
ഐഡിഎഫിൻ്റെ വെളിപ്പെടുത്തൽ
മിലിട്ടറി ഇൻ്റലിജൻസിൽനിന്നും നാവികസേന ഇൻ്റലിജൻസ് ബ്രാഞ്ചിൽനിന്നുമുള്ള കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെവല്യൂഷണറി ഗാർഡ്‌സ് നാവികസേന കമാൻഡറെ വധിച്ചതെന്ന് ഐഡിഎഫ് എക്സിലൂടെ അറിയിച്ചു. തങ്‌സിരിക്കൊപ്പം നാവികസേന ഇൻ്റലിജൻസ് വിഭാഗം തലവൻ ഹനം റെസായിയെയും വധിച്ചതായി ഐഡിഎഫ് വ്യക്തമാക്കി. മേഖലയിലെ ഇസ്രയേൽ വിരുദ്ധ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് ഐആർജിസിയുടെ ഈ ഉന്നത കമാൻഡർമാരായിരുന്നു.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിന് നേതൃത്വം നൽകിയത് തങ്‌സിരിയാണ്. സമുദ്രമേഖലയിലെ ഭീകരപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും അതുവഴി ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും ചെയ്‌ത പ്രധാന വ്യക്തികളിൽ ഒരാളാണ് അദ്ദേഹമെന്നും ഇസ്രയേൽ കുറ്റപ്പെടുത്തി. ഗസയിലെയും ലെബനനിലെയും നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രയേൽ നടത്തുന്ന സൈനിക മുന്നേറ്റങ്ങളിൽ നിർണായകമാണ് തങ്‌സിരിയുടെ മരണം.
ഇറാൻ്റെ തിരിച്ചടി
ഇറാൻ്റെ വടക്കൻ മേഖലയിലെ വാസസ്ഥലങ്ങൾക്കുനേരെ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾക്ക് പ്രതികാരമായി മേഖലയിലുടനീളമുള്ള യുഎസ് സൈനിക കേന്ദ്രങ്ങളെ ഐആർജിസി ആക്രമിച്ചു. കഴിഞ്ഞ ദിവസം യുഎസ്-ഇസ്രയേൽ സഖ്യം ഇറാനിൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഓപറേഷൻ ട്രൂ പ്രോമിസ് നാലിൻ്റെ ഭാഗമായി ഐആർജിസിയും ഇറാൻ സൈന്യവും സൈനിക കേന്ദ്രങ്ങളിൽ ശക്തമായി തിരിച്ചടിച്ചത്.
ഇസ്രയേൽ സൈനിക കേന്ദ്രങ്ങളെയും പശ്ചിമേഷ്യയിലുടനീളം ചിതറിക്കിടക്കുന്ന യുഎസ് താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ സായുധസേന ഇതുവരെ 82 മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഓപറേഷൻ ട്രൂ പ്രോമിസ് നാലിൻ്റെ 81-ാമത് ഘട്ടത്തിൽ ഇസ്രയേലിലുടനീളം 70ലധികം ഇടങ്ങളിൽ ആക്രമണം നടത്തിയതായി ഐആർജിസി അറിയിച്ചു. മാസങ്ങളായി പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥ പുതിയ സംഭവവികാസങ്ങളോടെ കൂടുതൽ രൂക്ഷമാകുമെന്നാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്.





