ഇര്‍ഷാദ് ചക്കാലശേരിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

0
72

കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭ എംഎൽഎക്ക് എതിരെ അധിക്ഷേപപരാമർശം നടത്തിയ യുഡിഎഫ് നേതാവിനെ ചോദ്യം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം കൺവീനറും മുസ്ലിം ലീഗ് നേതാവുമായിരുന്ന ഇർഷാദ് ചക്കാലശേരിയെയാണ് ഇന്നലെ രാത്രി സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി വിട്ടയച്ചു.യു പ്രതിഭ ഇന്നലെ കായംകുളം പോലീസ് സ്റ്റേഷനില്‍ നേരിട്ടത്തി നല്‍കിയ പരാതിക്ക് പിന്നാലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല ചുവയുള്ള ഉള്ളടക്കം നവമാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കല്‍ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ആയിരുന്നു മുസ്ലിം ലീഗ് നേതാവും കായംകുളം യുഡിഎഫ് കണ്‍വീനറുമായ എ ഇര്‍ഷാദിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. സിറ്റിംഗ് എംഎല്‍എയായ പ്രതിഭയുടെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതിനിടെയാണ് അധിക്ഷേപകരമായ പ്രസ്താവന. വാക്ചാതുര്യവും ശരീരത്തിന്റെ അഴകും വില്‍പ്പനയ്ക്കു വച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് യു പ്രതിഭ എന്നായിരുന്നു പരാമര്‍ശം.

വിഷയത്തില്‍ ഇര്‍ഷാദ് ഖേദം പ്രകടിപ്പിച്ചിരുന്നു. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും നീണ്ട പ്രസംഗത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് പ്രചരിപ്പിച്ചതാണെന്നും ഇര്‍ഷാദ് പറഞ്ഞു. പരാമര്‍ശത്തെ ഒരിക്കലും പിന്തുണക്കില്ലെന്നും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു എന്നും എതിര്‍ സ്ഥാനാര്‍ഥി എം ലിജുവും വ്യക്തമാക്കി. എന്നാല്‍, മാപ്പ് ഒരിക്കലും അംഗീകരിക്കാന്‍ ആവില്ല എന്നും വ്യക്തിപരമായ അധിക്ഷേപം വലിയ വേദന ഉണ്ടാക്കിയെന്നും വികാരാധീനയായി യു പ്രതിഭ പ്രതികരിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇര്‍ഷാദിനെ ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here