ഒട്ടും ആശങ്ക വേണ്ട, ഇന്ധനവുമായി കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്ക്; ഇന്ധനലഭ്യതയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്രം

0
53

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യം തുടരുമ്പോഴും രാജ്യത്ത് ഊർജ്ജസുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്രം. ഇന്ത്യയുടെ ഇന്ധന സ്ഥിതിയിൽ നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പശ്ചിമേഷ്യൻ മേഖലയിലെ അസ്ഥിരത ഉണ്ടായിരുന്നിട്ടും പെട്രോളിയം ഉത്പന്നങ്ങളുടെയും എൽപിജിയുടെയും മതിയായ വിതരണം നിലനിർത്തുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഡൽഹിയിൽ രാജ്നാഥ് സിങ് വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിലാണ് രാജ്യത്തെ ഇന്ധനലഭ്യത സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. അമിത് ഷാ, ജെപി നദ്ദ, നിർമല സീതാരാമൻ, പ്രതിപക്ഷ നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

രാജ്യത്ത് ഊർജ്ജ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. നിലവിൽ ഇന്ത്യ പ്രതിസന്ധി നേരിടുന്നില്ല. കൂടുതൽ ഇന്ധനകപ്പലുകൾ ഇന്ത്യയിലേക്ക് എത്തുന്നുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. യോഗത്തിൽ ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ 60 ശതമാനത്തോളം ആഭ്യന്തര ഉത്പാദനത്തിലൂടെയാണ് നിറവേറ്റുന്നതെന്നും ബാക്കിയുള്ളവ ഇറക്കുമതിയിലൂടെയും വിതരണ ആസൂത്രണത്തിലൂടെയും കൈകാര്യം ചെയ്യുന്നുണ്ടെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

 

ഇന്ധന ലഭ്യതയുമായി ബന്ധപ്പെട്ട് രാജ്യം ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മേഖലകളിൽ അസ്ഥിരതകളുണ്ടെങ്കിലും പെട്രോളിയം ഉത്പന്നങ്ങളുടെയും എൽപിജിയുടെയും ആവശ്യാനുസരണമുള്ള വിതരണം തുടരുന്നതായും സർക്കാർ അറിയിച്ചു.

ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തടസ്സങ്ങൾ ഉണ്ടാകുമെന്ന ആശങ്കകൾക്കിടയിലും നിർണായക ഇന്ധന വിതരണവുമായി കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്ക് യാത്ര തിരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ നേതാക്കളെ അറിയിച്ചു. എന്നിരുന്നാലും, വിഷയം വിശദീകരണത്തിൽ മാത്രം ഒതുങ്ങുന്നതിനുപകരം ലോക്‌സഭയിലും രാജ്യസഭയിലും ഔദ്യോഗികമായി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ യോഗത്തിന്റെ രൂപരേഖയെ എതിർക്കുകയും വിഷയത്തിൽ പൂർണമായ പാർലമെന്ററി ചർച്ചയ്ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല ഇസ്രായേൽ സന്ദർശനത്തെ പ്രതിപക്ഷം വിമർശിച്ചു. ഈ ആഴ്ച ആദ്യം പ്രധാനമന്ത്രി മോദി പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യുകയും പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ആഘാതം ദീർഘകാലം നിലനിൽക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതിന് ശേഷമാണ് സർവകക്ഷി യോഗം നടന്നത്. ഇന്ധനം, വളം, വിതരണ ശൃംഖല, ലോജിസ്റ്റിക്സ്, വ്യാപാരം എന്നിവയുൾപ്പെടെ പ്രതിസന്ധിയുടെ ഫലങ്ങൾ നിരീക്ഷിക്കുന്നതിനായി സർക്കാർ ഇതിനകം ഏഴ് ശാക്തീകരിച്ച ഗ്രൂപ്പുകളെ രൂപീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here