ക്യുനെറ്റ് കമ്പനിയുടെ മറവിൽ വൻ തട്ടിപ്പ്;

0
43

ഹൈദരാബാദ്: ഹോങ്കോങ് ആസ്ഥാനമായുള്ള ക്യുനെറ്റ് കമ്പനിയുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മാഫിയയെ ഹൈദരാബാദ് പൊലീസ് പിടികൂടി. 11 സ്ത്രീകൾ ഉൾപ്പെടെ 32 പേരാണ് കേസിൽ അറസ്റ്റിലായത്.

പൊലീസ്, സ്‌പെഷ്യൽ ബ്രാഞ്ച് സംഘങ്ങൾ സംയുക്തമായി ഒരേസമയം വിവിധയിടങ്ങളിൽ നടത്തിയ റെയ്‌ഡിലാണ് പ്രതികൾ പിടിയിലായത്. സ്‌പെഷ്യൽ ബ്രാഞ്ച് ജോയിൻ്റ് സിപി വിജയ് കുമാറിൻ്റെ നേതൃത്വത്തിൽ സിസിഎസ്, എസ്ഐടി പൊലീസ് എന്നിവരുടെ 27 ടീമുകൾ രൂപീകരിച്ചായിരുന്നു അന്വേഷണമെന്ന് കമ്മിഷണർ വി.സി സജ്ജനാർ ബഷീർബാഗ് സിപി ഓഫിസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലായിരുന്നു റെയ്‌ഡ്. ഇ-കൊമേഴ്‌സ്, നിക്ഷേപ പദ്ധതികൾ വഴി ഉയർന്ന വരുമാനവും പാർട് ടൈം ജോലിയും വാഗ്ദാനം ചെയ്ത് തൊഴിൽരഹിതരെയും ഐടി ജീവനക്കാരെയുമാണ് സംഘം ലക്ഷ്യമിട്ടത്. ഇത്തരം തട്ടിപ്പുകൾക്കെതിരെ സംസ്ഥാനത്ത് 68 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പുതുതായി നാല് കേസുകൾ കൂടി രജിസ്റ്റർ ചെയ്തതായി കമ്മിഷണർ അറിയിച്ചു.

വ്യാജ പരസ്യത്തിലൂടെ തട്ടിപ്പ്

‘ക്യുനെറ്റ്’ എന്ന പേരിൽ മൾട്ടി ലെവൽ മാർക്കറ്റിങ് ശൃംഖല വഴിയായിരുന്നു തട്ടിപ്പ്. ഇതിൻ്റെ പ്രവർത്തനങ്ങൾ അന്വേഷിക്കാൻ ആർബിഐ നേരത്തെ വിദഗ്ധ സംഘത്തെ രൂപീകരിച്ചിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ക്യുനെറ്റ് പണമിടപാടുകൾ രാജ്യത്ത് നിരോധിച്ചു. തുടർന്ന് ഗോൾഡ് ക്വസ്റ്റ്, ക്വസ്റ്റ്നെറ്റ് എന്നീ പുതിയ പേരുകളിൽ സംഘം വീണ്ടും തട്ടിപ്പ് തുടർന്നു.

നിലവിൽ വിഹാൻ ഡയറക്‌ട് സെല്ലിങ് എന്ന പേരിലാണ് പണം തട്ടിയത്. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ഇ-കൊമേഴ്‌സ് ബിസിനസിൽ നിക്ഷേപിച്ച് അധിക വരുമാനം നേടാമെന്ന വ്യാജ പരസ്യങ്ങൾ നിർമിച്ചായിരുന്നു തട്ടിപ്പ്.

സോഷ്യൽ മീഡിയ വഴി പരസ്യങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചാണ് നിക്ഷേപകരെ ആകർഷിച്ചത്. 19 മുതൽ 22 ശതമാനം വരെ പലിശ നിരക്കിൽ ഫിൻടെക് സ്ഥാപനങ്ങളിൽനിന്ന് വ്യക്തിഗത വായ്‌പകളും ഇവർക്ക് വാഗ്ദാനം ചെയ്തു.

നിക്ഷേപത്തിലൂടെ ആകർഷക ഓഫറുകൾ

ഇ-കൊമേഴ്‌സിൽ നിക്ഷേപിക്കുന്നതിലൂടെ പ്രതിമാസ വരുമാനവും ഉത്പന്നങ്ങളും ലാഭവിഹിതവും ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. അഞ്ച് മുതൽ 10 ലക്ഷം രൂപ വരെ നിക്ഷേപിച്ചാൽ രണ്ട് വർഷത്തിനുള്ളിൽ മൂന്ന് മുതൽ നാല് കോടി രൂപ വരെ ലാഭം ലഭിക്കുമെന്നും സംഘം പ്രചരിപ്പിച്ചു. കമ്പനിയുടെ പേരിൽ ആയുർവേദ ഉത്പന്നങ്ങൾ, ബിസ്കറ്റ്, തേൻ തുടങ്ങിയവ നിക്ഷേപകർക്ക് സമ്മാനമായി നൽകി. ആകർഷകമായ ഓഫറുകളെന്ന പേരിൽ ഇവരെ വിദേശ യാത്രകൾക്കും അയച്ചു.

പണം നൽകുന്നതും നിക്ഷേപിക്കുന്നതും സ്വന്തം താത്പര്യപ്രകാരമാണെന്ന് കാണിക്കുന്ന സത്യവാങ്മൂലം തയാറാക്കി നിക്ഷേപകരെക്കൊണ്ട് ഒപ്പുവയ്പ്പിച്ചു. ഇവ വായിക്കുന്നതിൻ്റെയും ഒപ്പുവയ്ക്കുന്നതിൻ്റെയും വീഡിയോകളും സംഘം റെക്കോഡ് ചെയ്‌ത് സൂക്ഷിച്ചിരുന്നു.

ഹൈദരാബാദ്, മഹബൂബ് നഗർ, ബെല്ലമ്പള്ളി, വാറങ്കൽ, വിശാഖപട്ടണം, ഏലുരു, നെല്ലൂർ, നന്ദ്യാൽ, നർസിപട്ടണം, ഒഡിഷ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായ 32 പേർ. ഇത്തരം തട്ടിപ്പ് പദ്ധതികളിൽ ചേരുന്നതിനെതിരെ പൊലീസ് പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. അനധികൃത പണമിടപാടുകളും നിക്ഷേപങ്ങളും സ്ഥാനക്കയറ്റ വാഗ്ദാനങ്ങളും നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്നും പൊലീസ് വ്യക്തമാക്കി.

തൊഴിലില്ലായ്‌മയും സാമ്പത്തിക പ്രതിസന്ധിയും മുതലെടുത്താണ് തട്ടിപ്പുകാർ ആളുകളെ വലയിലാക്കുന്നത്. പെട്ടെന്ന് പണക്കാരനാകാനുള്ള മോഹമാണ് പലരെയും ഇത്തരം ചതിക്കുഴികളിൽ വീഴ്ത്തുന്നത്. അപരിചിതമായ ഓൺലൈൻ ലിങ്കുകളിലൂടെയും വാട്സാപ്പ് വഴിയുമുള്ള വാഗ്ദാനങ്ങൾ വിശ്വസിക്കരുതെന്നും സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. സംശയാസ്പദമായ പണമിടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബർ സെല്ലിലോ വിവരമറിയിക്കണമെന്നും കമ്മിഷണർ അഭ്യർഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here