കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞെന്നും കോടതി കണ്ടെത്തി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതിക്കുള്ള ശിക്ഷ മറ്റന്നാള്‍ പ്രസ്താവിക്കും.
പ്രതിക്കെതിരെ ചുമത്തിയിരുന്ന കൊലപാതകം, വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പൊതുജനസേവകനെ ആക്രമിക്കല്‍, വധഭീഷണി മുഴക്കല്‍, പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി പ്രസ്താവിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
പ്രതിക്ക് മാനസിക വൈകല്യമുണ്ടെന്നായിരുന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടിയത്. എന്നാല്‍ പ്രതിഭാഗം ഹാജരാക്കിയ സാക്ഷികളിലൂടെ തന്നെ പ്രതിക്ക് മാനസിക വൈകല്യം ഉണ്ടെന്ന വാദം തെറ്റാണെന്ന് തെളിഞ്ഞതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മാനസിക വൈകല്യം ഇല്ലെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. കേസില്‍ എഴുപതിലധികം സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി.






