രാമന്റെയും സീതയുടെയും കാലടികൾ പിന്തുടർന്ന് ട്രെയിനിൽ രാമായണയാത്ര പോകാം;

0
6

ന്യൂഡല്‍ഹി: രാമായണവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുറങ്ങുന്ന ഇന്ത്യയിലെയും വിദേശത്തെയും തീർത്ഥാടന കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കാൻ ആഗ്രഹിക്കാത്തവരുണ്ടോ? രാമൻ പിറന്നു വളർന്ന ഭൂമികയിലൂടെ സമാനഹൃദയരായവർക്കൊപ്പം ഒരു യാത്ര. അതാണ് ഐഎസ്ആർടിസി വാഗ്ദാനം ചെയ്യുന്നത്. 17 ദിവസം നീണ്ട ‘ രാമായൺ സർക്യൂട്ട് ട്രെയിൻ ‘ മാർച്ച് 30നാണ് പുറപ്പെടുക.

ഡല്‍ഹിയിലെ സഫ്ദർഗഞ്ജ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ‘രാമായൺ സർക്യൂട്ട് ട്രെയിൻ’ പുറപ്പെടുന്നത്. ഭാരത് ഗൗരവ് ഡീലക്സ് എസി ടൂറിസ്റ്റ് ട്രെയിനിലാണ് ഈ യാത്ര ഐആര്‍സിടിസി ഒരുക്കുക. ഇന്ത്യയിലെ ഏറ്റവും ആജംബരം നിറഞ്ഞ ട്രെയിനുകളിലൊന്നാണ് ഭാരത് ഗൗരവ് ഡീലക്സ് ട്രെയിൻ. ഇത് ഇത്തരം ആത്മീയ യാത്രകൾക്കായി പ്രത്യേകം ഡിസൈൻ ചെയ്യപ്പെട്ട ട്രെയിൻ കൂടിയാണ്. ഇന്ത്യയുടെ ദേഖോ അപ്നാ ദേശ് , ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് എന്നീ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് ഈ യാത്ര രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആരും കൊതിക്കുന്ന ഒരു യാത്ര തന്നെയാണ് ഐആർസിടിസി ഒരുക്കുന്നതെന്ന് ചുരുക്കം.

രാമനുമായി ബന്ധപ്പെട്ട് രാജ്യത്തെമ്പാടുമുള്ള പ്രധാന ആത്മീയ കേന്ദ്രങ്ങളിലെല്ലാം ഈ ട്രെയിൻ പോകും. ബീഹാറിലെ അയോധ്യ, നന്ദിഗ്രാം, സീതാമർഹി, ബക്‌സർ, നേപ്പാളിലെ ജങ്കപുർ, വാരണാസി, പ്രയാഗ്‌രാജ്, ശൃംഗവേരപുർ, നാസിക്, ഹംപി, രാമേശ്വരം എന്നിവിടങ്ങളിൽ ഈ ട്രെയിൻ സന്ദർശനം നടത്തും. ഡൽഹി, ഗാസിയാബാദ്, അലിഗഡ്, തുണ്ടല, ഇറ്റാവ, കാൺപൂർ, ലഖ്‌നൗ എന്നീ സ്റ്റേഷനുകളിൽ നിന്ന് ട്രെയിനിൽ കയറാൻ സൗകര്യമുണ്ട്. ഈ നഗരങ്ങളിലുള്ള മലയാളികൾക്ക് ഇതൊരു സുവർണാവസരമാണ്.

ബുക്കിങ് സമയത്ത് മൊത്തം പാക്കേജിന്റെ 25 ശതമാനം തുക മാത്രം അടയ്ക്കാനുള്ള സൗകര്യവും ഇത്തവണ ഐആർസിടിസി ചെയ്യുന്നുണ്ട്.

ടിക്കറ്റ് നിരക്ക്

ഈ ഡീലക്സ് ടൂറിസ്റ്റ് ട്രെയിനിൽ ഫസ്റ്റ് എസി, സെക്കൻഡ് എസി, തേർഡ് എസി ക്ലാസുകളുണ്ട്. ഫസ്റ്റ് എസിയിൽ ഒരാൾക്ക് പാക്കേജ് ചെലവ് 1,64,940 രൂപയാണ്. സെക്കൻഡ് എസിയിൽ 1,54,225 രൂപയും. തേർഡ് എസിയിൽ യാത്ര ചെയ്യാൻ 1,14,100 രൂപയും ചെലവ് വരും.

രാജ്യത്തിനകത്തുള്ള ടൂറിസം വളർത്തുക എന്ന ഉദ്ദേശ്യം കൂടി ഇത്തരം തീർത്ഥയാത്രാ ട്രെയിനുകൾക്കുണ്ട്. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ഒന്നായിരിക്കും ഈ ട്രെയിൻ യാത്ര. ഭാരത് ഗൗരവ് ഡീലക്സ് എസി ടൂറിസ്റ്റ് ട്രെയിനിൽ രണ്ട് ഓൺബോർഡ് റെസ്റ്റോറന്റുകളുണ്ട്. മികച്ച ഭക്ഷണമാണ് ഇവിടെ ഒരുക്കുക. കോച്ചുകളിൽ ഷവർ ക്യൂബിക്കിളുകൾ, സെൻസർ അധിഷ്ഠിത വാഷ്‌റൂമുകൾ എന്നിവയും ചേർത്തിരിക്കുന്നു. യാത്രക്കാർക്ക് സുഖകരവും ശുചിത്വവുമുള്ള യാത്രാനുഭവം പ്രദാനം ചെയ്യുമെന്നത് ഗ്യാരണ്ടി.

LEAVE A REPLY

Please enter your comment!
Please enter your name here