ഇലക്ട്രിക് ഇൻഡക്ഷനിലേക്ക് മാറി ഹോട്ടലുകളും വീടുകളും; ആമസോണിൽ വിൽപ്പന 30 മടങ്ങ് കൂടി;

0
4

കൊച്ചി: രാജ്യത്ത് എൽപിജി പ്രതിസന്ധി രൂക്ഷമാകാനിടയുണ്ട് എന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ ഇലക്ട്രിക് ഇൻഡക്ഷൻ ടോപ്പുകളുടെ വിപണിയില്‍ വൻ തിരക്ക്. വിവിധ നഗരങ്ങളിൽ ഇതിനകം തന്നെ ഹോട്ടലുകൾ പലതും ഇലക്ട്രിക് ഇൻഡക്ഷനിലേക്ക് മാറിയിട്ടുണ്ട്. ഓഹരിവിപണിയിലും പ്രതിസന്ധി പ്രതിഫലിച്ചു. ടിടികെ പ്രസ്റ്റിജ് , ഗ്രാൻഷെഫ് അപ്ലയൻസസ് തുടങ്ങിയ കമ്പനികളുടെ ഷെയറുകളുടെ വില യഥാക്രമം 9.8 ശതമാനം, 4 ശതമാനംകണ്ട് വർദ്ധിച്ചു.

ഓൺലൈനായി പല ഇൻഡക്ഷൻ സ്റ്റൗ മോഡലുകളും ലഭ്യമല്ലാതായിട്ടുണ്ട്. അത്ര വലിയ ഡിമാൻഡാണ് ഇൻഡക്ഷന് വന്നിരിക്കുന്നത്. ഓൺലൈനായും ഓഫ്‌ലൈനായും വൻ ചെലവാണ് ഇൻഡക്ഷൻ ടോപ്പുകൾക്ക് വന്നിരിക്കുന്നത്. ആമസോണിൽ ഇൻഡക്ഷൻ ടോപ്പ് വിൽപ്പന മുപ്പത് മടങ്ങ് വർദ്ധിച്ചതായാണ് റിപ്പോർട്ട്. ഓഫ്‌ലൈനായി വാങ്ങണമെങ്കിലും പുതിയ സ്റ്റോക്ക് എത്താൻ കാക്കുകയാണ് ഷോപ്പുകൾ.

നിരവധി ഹോട്ടലുകളും ഈ വഴിയിലേക്ക് തിരിഞ്ഞതായാണ് റിപ്പോർട്ടുകൾ. ബെംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലും ഇൻഡക്ഷൻ കുക്ക് ടോപ്പുകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. മറ്റ് നിരവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും ഈ വഴിയിലേക്ക് മാറുന്നതായാണ് വിവരം. വരുംദിവസങ്ങളിലും ഹോർമുസ് പ്രതിസന്ധി അയയുന്നില്ലെങ്കിൽ എൽപിജി പ്രതിസന്ധി രൂക്ഷമാകും.

ഗ്രാമപ്രദേശങ്ങളിൽ വിറകടുപ്പുകൾ ഉപയോഗിക്കാനുള്ള സൗകര്യം കൂടുതലാണ്. ഇതു കൂടി പരിഗണിച്ചായിരിക്കും കേന്ദ്രം എൽപിജി നിയന്ത്രണം ഏർപ്പെടുത്തുക. വിറക് കിട്ടാനോ, ഉപയോഗിക്കാനോ സാധ്യതയില്ലാത്ത നഗര മേഖലകളിൽ എൽപിജഡി കൂടിയേ തീരൂ. ഇക്കാരണത്താൽ നഗരങ്ങൾക്കായിരിക്കും എൽപിജി വിതരണത്തിൽ മുൻഗണന. ഗ്രാമങ്ങളിൽ വിറക് ശേഖരിച്ചു വെക്കുന്നവരെയും ധാരാളമായി കാണാം ഇപ്പോൾ.

ഇൻഡക്ഷൻ കുക്ക് ടോപ്പുകളുടെ ഉപയോഗം കൂടുന്നതോടെ കേരളത്തിൽ വൈദ്യുതി കൂടുതലായി വേണ്ടിവരും. വേനൽക്കാലമായതിനാൽ ഇതിനകം തന്നെ വൈദ്യുതി ഉപഭോഗം കൂടിയിട്ടുണ്ട്. ഇതിനോടൊപ്പം ഇൻഡക്ഷൻ ടോപ്പുകളുടെ ഉപയോഗം കൂടിയാകുന്നതോടെ വൈദ്യുതി ആവശ്യം കൂടുതലാകും.

അതെസമയം ഹോർമുസ് പ്രതിസന്ധി ഇപ്പോഴും അയയാതെ തുടരുകയാണ്. വലിയ ഇളവുകളൊന്നും ആർക്കും ഹോർമൂസിൽ ലഭിക്കുന്നില്ല. ഇസ്രായേലിന്റെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കാൻ തയ്യാറാകുന്നവർക്ക് മാത്രമാണ് ഹോര്‍മൂസിലൂടെ കടന്നുപോകാൻ അനുമതിയുള്ളത്. ഇത്തരത്തിലൊരു നീക്കത്തിന് അന്താരാഷ്ട്ര സമൂഹം ഇപ്പോൾ തയ്യാറല്ല. ഇറാൻ ആക്രമണങ്ങളുടെ തീവ്രത കൂട്ടുകയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് വരികയായിരുന്ന ഒരു തായ് കപ്പലിന് ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഈ ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. എങ്കിലും സ്ഥിതിഗതികളിൽ എന്തെങ്കിലും അയവുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here