‘പിതാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്’; ഒമർ അബ്ദുള്ള

0
16

ജമ്മുവിൽ നടന്ന വിവാഹച്ചടങ്ങിനിടെ പിതാവും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെയുണ്ടായ വധശ്രമത്തിൽ നടുക്കം രേഖപ്പെടുത്തി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. പിതാവ് അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും അക്രമിക്ക് പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ എത്തി വെടിയുതിർക്കാൻ സാധിച്ചുവെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുന്നതേയുള്ളൂവെങ്കിലും ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന് അദ്ദേഹം എക്സിൽ (ട്വിറ്റർ) കുറിച്ചു.അള്ളാഹുവിൻ്റെ കരുണ കൊണ്ടാണ് പിതാവ് രക്ഷപ്പെട്ടതെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. ലോഡ് ചെയ്ത പിസ്റ്റളുമായി എത്തിയ അക്രമിക്ക് ഫാറൂഖ് അബ്ദുള്ളയുടെ തൊട്ടടുത്തെത്താൻ സാധിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വെടിയുണ്ട ലക്ഷ്യം തെറ്റിയത്.

പിതാവിന്റെ പ്രൊട്ടക്ഷൻ ടീം അക്രമിയെ തടഞ്ഞതുകൊണ്ടാണ് ഈ വധശ്രമം പരാജയപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെഡ് പ്ലസ് (Z+) സുരക്ഷയുള്ള, എൻഎസ്ജി കാവലുള്ള ഒരു മുൻ മുഖ്യമന്ത്രിയുടെ ഇത്രയടുത്ത് എങ്ങനെ ഒരാൾക്ക് എത്താൻ സാധിച്ചു എന്നത് വലിയ ചോദ്യമാണെന്നും ഒമർ അബ്ദുള്ള വ്യക്തമാക്കി.

പ്രതി കസ്റ്റഡിയിൽ

ജമ്മുവിൽ നടന്ന വിവാഹച്ചടങ്ങിനിടെയാണ് വെടിവെപ്പുണ്ടായത്. ഫാറൂഖ് അബ്ദുള്ളയ്ക്കൊപ്പം ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. വെടിയുതിർത്ത ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അക്രമിയെ കീഴ്പ്പെടുത്തി പോലീസിന് കൈമാറി. മൈനിംഗ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമൽ സിംഗ് ജംവാൾ എന്നയാളാണ് പിടിയിലായതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാളെ നിലവിൽ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ഉപമുഖ്യമന്ത്രിക്ക് പരിക്ക്

ഫാറൂഖ് അബ്ദുള്ള പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെങ്കിലും വെടിവെപ്പിനിടെ ഉണ്ടായ ചില്ല് കഷ്ണങ്ങളോ മറ്റ് തെറിച്ച വസ്തുക്കളോ കൊണ്ട് ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിക്ക് നിസ്സാര പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് വ്യക്തമായിട്ടില്ല.

വ്യക്തിപരമായ പകയാണോ അതോ മറ്റ് ഗൂഢാലോചനകൾ ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. വിഐപികൾ പങ്കെടുക്കുന്ന ചടങ്ങിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി തന്നെ ചോദ്യം ഉന്നയിച്ചതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.

സുരക്ഷാ വീഴ്ചയിൽ പ്രതിഷേധം

സംഭവത്തെ കടുത്ത സുരക്ഷാ വീഴ്ചയെന്നാണ് ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരി വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്ന ഒരു ചടങ്ങിലേക്ക് ഒരാൾക്ക് തോക്കുമായി പ്രവേശിക്കാൻ സാധിച്ചത് ഗൗരവകരമാണെന്ന് അദ്ദേഹം പറഞ്ഞു. പിടിച്ചെടുത്ത തോക്ക് പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും സംഭവത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്നും ജമ്മു പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here