കലാകാരന്മാരോട് കാണിക്കുന്ന സ്നേഹവും കരുതലും അനുഭവിച്ചിട്ടുണ്ട്’; മോദിയെ കുറിച്ച് മോഹന്‍ലാല്‍

0
7

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹൻലാൽ. കാഴ്‌ചപ്പാടുകളില്‍ കരുത്തും വ്യക്തതയുമുള്ള മികച്ച ഭരണാധികാരിയാണ് മോദിയെന്ന് മോഹന്‍ലാല്‍ വിശേഷിപ്പിച്ചു. കലാകാരന്മാരുടെ മോദിയുടെ കരുതല്‍ നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്‍റെ മൈ ജി ഓവി ഇന്ത്യ യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക പോഡ്‌കാസ്റ്റിലാണ് മോദിയെ മോഹന്‍ലാല്‍ പ്രശംസിച്ചത്.

ശ്രീകൃഷ്‌ണ ജയന്തി ദിനത്തിലാണ് ആദ്യമായി പ്രധാനമന്ത്രിയെ നേരിട്ട് കാണുന്നത്. പലതവണ അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്താന്‍ സാധിച്ചത് വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയില്‍ അതിഥിയായി എത്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഓരോ തവണ അദ്ദേഹത്തെ കാണുമ്പോഴും ഒരു യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞന്റെയും ദീർഘദർശിയായ നേതാവിന്റെയും സാന്നിധ്യം എനിക്ക് അനുഭവപ്പെടാറുണ്ട്. രാജ്യത്തോടുള്ള അദ്ദേഹത്തിന്‍റെ സമർപ്പണം അങ്ങേയറ്റം പ്രചോദനാത്മകമാണ്. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെയും കാഴ്ചപ്പാടുകളിലെ വ്യക്തതയെയും ഞാൻ എപ്പോഴും ആരാധനയോടെയാണ് നോക്കിക്കണ്ടിട്ടുള്ളത്. രാജ്യത്തെ നയിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ വിവേകവും മാന്യതയും പ്രശംസനീയമാണ്.

കലാകാരന്മാരോടും സർഗധനരായ വ്യക്തികളോടും അദ്ദേഹം കാണിക്കുന്ന സ്നേഹവും കരുതലും ബഹുമാനവും നേരിട്ട് അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് ഞാൻ. പ്രതിസന്ധികളെ അതിജീവിച്ച്, പ്രതികൂല സാഹചര്യങ്ങളിൽ രാജ്യത്തെ മുന്നോട്ട് നയിക്കുന്ന അദ്ദേഹത്തിന്‍റെ ശൈലി ഏതൊരാളും പഠിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ട ഒന്നാണ്. എന്‍റെ അച്ഛന്റെയും അമ്മയുടെയും പേരിൽ ഞാൻ തുടക്കം കുറിച്ച ‘വിശ്വശാന്തി ഫൗണ്ടേഷനെ’ക്കുറിച്ച് സംസാരിക്കാൻ ഞാൻ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. അന്ന് തികച്ചും അനൗപചാരികമായാണ് അദ്ദേഹം എന്നോട് ഇടപെട്ടത്; എപ്പോൾ വേണമെങ്കിലും എന്ത് സഹായത്തിനും അദ്ദേഹത്തെ സമീപിക്കാമെന്ന് പറയുകയും ചെയ്തു. ഇത് ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ എന്റെ ആത്മവിശ്വാസം വർധിപ്പിച്ചു,” മോഹൻലാൽ പറഞ്ഞു.

“പിന്നീട്, ഗുരുവായൂരിൽ വച്ച് എന്‍റെ സഹപ്രവർത്തകന്‍റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തപ്പോൾ, അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് വരികയും തന്‍റെ സ്നേഹവും വാത്സല്യവും ആദരവോടെ പ്രകടിപ്പിക്കുകയും ചെയ്‌തു. യോഗയ്ക്ക് ആഗോള ശ്രദ്ധ ലഭിക്കുന്നതിന് അദ്ദേഹം നടത്തുന്ന പരിശ്രമങ്ങളെ ബഹുമാനിക്കുന്നു. വാക്കിനേക്കാൾ പ്രവൃത്തിക്ക് പ്രധാന്യം നൽകുന്ന വ്യക്തിയാണ് മോദി. അതാണ് എന്‍റെയും മന്ത്രം. അദ്ദേഹം സ്‌നേഹം പരത്തുന്നു, അദ്ദേഹത്തിന് അടുത്ത് നിൽക്കുമ്പോൾ തന്നെ നമുക്കത് അനുഭവിക്കാൻ കഴിയും. അദ്ദേഹം തന്റെ അമ്മയെ സ്നേഹിക്കുന്നു. രാജ്യത്തെ അമ്മയെപോലെ കരുതുന്നു. അദ്ദേഹത്തിന് ഈഗോയില്ല, ഒരു യോഗിക്ക് സമാനമാണ് അദ്ദേഹം. ഒരുപാട് ഗുണങ്ങളുടെ കൂടിച്ചേരലാണ് മോദി,” മോഹൻലാൽ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here