കൊച്ചി മാറും, “ഇത് വികസനത്തിൻ്റെ പുതിയ കേരളം”;

0
7

എറണാകുളം: കേരളത്തിൻ്റെ വികസന കുതിപ്പിന് ഊർജ്ജം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 10,800 കോടി രൂപയുടെ വിവിധ പദ്ധതികൾ നാടിന് സമർപ്പിച്ചു. ബുധനാഴ്‌ച കൊച്ചിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചത്. വികസന പദ്ധതികൾക്കൊപ്പം കേരളത്തിൻ്റെ സാംസ്‌കാരിക സ്വത്വത്തെയും തീരദേശ ജനതയെയും പ്രശംസിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. കേരളം എന്ന പേര് ഔദ്യോഗികമായി അംഗീകരിച്ചതിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ സന്ദർശനം എന്ന നിലയിൽ “കേരള ഇനി കേരളം” എന്ന പ്രഖ്യാപനത്തോടെയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

സംസ്ഥാനത്തിൻ്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്ന് മാറ്റിയതിനെ പ്രധാനമന്ത്രി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. മലയാളികളുടെ ദീർഘകാലമായുള്ള ആഗ്രഹം കേന്ദ്ര സർക്കാർ നടപ്പിലാക്കിയതിൽ അഭിമാനമുണ്ടെന്നും, ഇത് കേരളത്തിൻ്റെ തനിമയും സംസ്‌കാരവും ആഗോളതലത്തിൽ ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മറൈൻ ഡ്രൈവിൽ അഖില കേരള ധീവരസഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്ത പ്രധാനമന്ത്രി, മത്സ്യത്തൊഴിലാളികളെ ‘തീരദേശത്തിൻ്റെ കാവൽക്കാർ’ എന്ന് വിശേഷിപ്പിച്ചു. പ്രളയകാലത്ത് അവർ നടത്തിയ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനങ്ങളെ അദ്ദേഹം നന്ദിയോടെ സ്‌മരിച്ചു.

“എന്നെ സംബന്ധിച്ച് ജനങ്ങളാണ് എൻ്റെ ഭഗവാൻ. അതുകൊണ്ട് അനുഗ്രഹം നൽകാനല്ല, മറിച്ച് ജനങ്ങളിൽ നിന്നും അനുഗ്രഹം സ്വീകരിക്കാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്” അദ്ദേഹം പറഞ്ഞു. കേരളത്തിൽ വൻ പ്രളയമുണ്ടായപ്പോൾ ധീവര സമുദായത്തിൻറെ സേവനമനോഭാവം ലോകം മുഴുവൻ നേരിട്ട് കണ്ടതാണ്. ഈ നാട് എപ്പോഴൊക്കെ ദുരന്തങ്ങളിൽ അകപ്പെട്ടിട്ടുണ്ടോ, അപ്പോഴൊക്കെ അതിനെ അതിജീവിക്കാനുള്ള പ്രവർത്തനങ്ങൾ ഈ സമൂഹം ഏറ്റെടുത്തിട്ടുണ്ട്. ആ ദൃശ്യങ്ങൾ നമ്മൾ ഒരിക്കലും മറക്കില്ല. പ്രളയസമയത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി വള്ളങ്ങളിറക്കി നിരവധി കുടുംബങ്ങളെയാണ് നിങ്ങൾ രക്ഷിച്ചത്. കൂടാതെ ആവശ്യക്കാർക്ക് അവശ്യസാധനങ്ങൾ എത്തിച്ചു നൽകുകയും ചെയ്‌തുവെന്നും ഈ സമുദായത്തിൻ്റെ ധീരതയും സമർപ്പണബോധവും നന്ദിയോടെ ഈ രാജ്യം ഓർക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി ബോട്ടുകളിൽ 4,500 സാറ്റലൈറ്റ് ട്രാൻസ്‌പോണ്ടറുകൾ സ്ഥാപിച്ചതായും, വരും കാലങ്ങളിൽ 1.5 ലക്ഷം ബോട്ടുകളിൽ ഇത് ലഭ്യമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബി.പി.സി.എൽ കൊച്ചി റിഫൈനറിയിലെ 5,500 കോടിയുടെ പോളിപ്രൊപ്പിലീൻ പ്ലാൻ്റ്, ദേശീയപാത 66-ൻ്റെ നവീകരിച്ച ഭാഗങ്ങൾ, അമൃത് ഭാരത് പദ്ധതിയിലെ റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേരളത്തിന്റെ സാമ്പത്തിക ഭൂപടം മാറ്റിവരയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വികസന പദ്ധതികൾക്കൊപ്പം രാഷ്ട്രീയമായ ചില പരാമർശങ്ങളും പ്രധാനമന്ത്രി നടത്തി. എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചതെന്നും തീരദേശ മേഖലയുടെ ഉന്നമനത്തിനായി വലിയ നിക്ഷേപങ്ങൾ നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌ത വികസന പദ്ധതികൾ

കൊച്ചി റിഫൈനറിയിലെ പുതിയ യൂണിറ്റ്: ബി.പി.സി.എൽ കൊച്ചി റിഫൈനറിയിൽ 5,500 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പോളിപ്രൊപ്പിലീൻ യൂണിറ്റിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. ഇത് ഇന്ത്യയുടെ പോളിമർ ഉൽപാദന ശേഷി വർധിപ്പിക്കുകയും ഇറക്കുമതി കുറയ്ക്കുകയും ചെയ്യും.

റെയിൽവേ നവീകരണം: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഷൊർണൂർ ജംഗ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി എന്നീ റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. ഏകദേശം 142 കോടി രൂപയുടെ റെയിൽവേ പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്.

ദേശീയപാത വികസനം: ദേശീയപാത 66-ൻ്റെ ഭാഗമായ തലപ്പാടി-ചെങ്കള ആറുവരിപ്പാതയും (2,650 കോടി), കോഴിക്കോട് ബൈപാസ് ആറുവരിപ്പാതയും (2,140 കോടി) അദ്ദേഹം ഉദ്ഘാടനം ചെയ്‌തു.

മറ്റ് പദ്ധതികൾ: ഷൊർണൂർ-നിലമ്പൂർ റെയിൽവേ പാതയുടെ വൈദ്യുതീകരണം, കൊല്ലം വെസ്റ്റ് കല്ലടയിലെ 50 മെഗാവാട്ട് ഫ്ലോട്ടിങ് സോളാർ പ്രോജക്റ്റ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here