മലയാളികളുടെ നെഞ്ചോട് ചേര്‍ന്ന പ്രിയ നടന്‍ കലാഭവന്‍ മണി ഓര്‍മയായിട്ട് ഇന്നേയ്ക്ക് 10 വര്‍ഷം. മണി പാടിയ പാട്ടുകളും അഭിനയിച്ച് തകര്‍ത്ത സിനിമകളും അദ്ദേഹത്തിന്‍റെ ഡയലോഗുകളും ആ ചിരിയുമൊക്കെ ഇന്നും മലയാളികളുടെ ഉള്ളിലുണ്ട്. മണിയെന്ന കലാകാരന്‍ മണ്‍മറിഞ്ഞിട്ട് പത്താണ്ട് പിന്നിടുമ്പോഴും ആ നിലയ്ക്കാത്ത മണിനാദത്തിന് കാതോര്‍ക്കുകയാണ് പ്രേക്ഷകര്‍.
കലാഭവന്‍ മലയാളികള്‍ക്ക് വെറുമൊരു നടനായിരുന്നില്ല. മറിച്ച് വീട്ടിലെ ഒരംഗമായിരുന്നു. ആ സ്നേഹമാണ് നാം ഓരോരുത്തരും കലാഭവന്‍ മണിക്ക് നല്‍കിയത്.
ചാലക്കുടിയിലെ ഓട്ടോക്കാരനില്‍ നിന്ന് നമ്മെ രസിപ്പിക്കുന്ന കലാകാരനായി അഭ്രപാളിയിലെത്തിയപ്പോഴും സാധാരണക്കാരനായി തന്നെയാണ് മണി എന്നും ജീവിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് മണിയെ മലയാളികള്‍ക്ക് അത്രയേറെ പ്രിയപ്പെട്ടവനായതും.
അഭിനയം, ഗായകന്‍, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈവയ്ക്കാത്ത മേഖലകളില്ല. മലയാളികള്‍ക്ക് മാത്രമല്ല തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം മണി പ്രിയങ്കരനായിരുന്നു. ഒരേ സമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്‌ത കലാകാരന്‍.
ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്‍റെയും അമ്മിണിയുടെയും മകനായാണ് കലാഭവന്‍ മണി ജനിച്ചത്. ഇരുവരുടെയും ഏഴാമത്തെ പുത്രനായിരുന്നു മണി. ഓട്ടോക്കാരനായിരുന്ന മണി ഹാസ്യ വേഷം ചെയ്‌താണ് സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഗൗരവമുള്ള സ്വഭാവ വേഷങ്ങളിലേക്കും നായകനായും വില്ലനായുമൊക്കെ വേഷമിട്ടു. മലയാളത്തിലും തമിഴിലുമൊക്കെ നിരവധി വേഷങ്ങള്‍ ചെയ്‌തു.
മിമിക്രി കലാകാരനില്‍ നിന്ന് സിനിമയിലേക്ക്
ദാരിദ്ര്യം നിറഞ്ഞ കുടുംബമായിരുന്നു മണിയുടേത്. പാടത്തും പറമ്പിലും കൂലിപ്പിണി ചെയ്‌തു കിട്ടുന്ന പണം കൊണ്ട് പത്തുപേരടങ്ങുന്ന കുടുംബത്തിന് കഴിയാന്‍ ബുദ്ധിമുട്ടായിരുന്നു. ചാലക്കുടി ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ മോണോ ആക്‌ടില്‍ മണി യുവജനോത്സവത്തിലൊക്കെ മത്സരിച്ചു. അന്നേ അനുകരണകല മണിയ്ക്ക് ഇഷ്ടമായിരുന്നു.
1987-ൽ മോണോ ആക്‌ടിൽ കൊല്ലത്തു നടന്ന സംസ്‌ഥാന സ്‌കൂൾ യുവജനോത്സവത്തില്‍ ഒന്നാം സ്ഥാനം നേടി. ഇത് ജീവിതത്തില്‍ വഴിത്തിരിവായി. ഈ അനുകരണകലയില്‍ ഭാവിയുണ്ടെന്ന് തിരിച്ചറിഞ്ഞ മണി തന്‍റെ കുടുംബത്തിലെ പട്ടിണി മാറ്റാന്‍ ഈ കല ഉപയോഗപ്പെടുത്തി. ഒപ്പം സ്കൂള്‍ പഠനം തീരാറാകുമ്പോഴേക്കും ഓട്ടോ ഓടിക്കാനും മണി പഠിച്ചിരുന്നു.
രാവിലെ ഓട്ടോ ഓടിച്ചു വൈകുന്നേരങ്ങളില്‍ കേരളത്തിലെ പല മിമിക്രി ട്രൂപ്പുകള്‍ക്ക് വേണ്ടി പരിപാടി അവതരിപ്പിച്ചു മണി പണമുണ്ടാക്കി. ഇരിങ്ങാലക്കുടയില്‍ വച്ച് പരിചയപ്പെട്ട പീറ്റര്‍ എന്ന വ്യക്‌തി മണിയെ കലാഭവനുമായി ബന്ധിപ്പിച്ചു. എന്നാല്‍ ഇടയ്ക്ക് വിനോദശാല എന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ചു. ഇതോടെ കലാഭവനിലെ ജോലി നഷ്‌ടപ്പെട്ടു. പിന്നീടാണ് അഭിനയത്തില്‍ മണി ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ തീരുമാനിച്ചു.
ഇതിനായി ഒട്ടേറെ സിനിമാക്കാരെ കണ്ടു. സമുദായം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തി. തുടക്ക കാലം ചെറിയ വേഷങ്ങള്‍ ചെയ്‌തായിരുന്നു. സിബി മലയിലിന്‍റെ അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോേറിക്ഷാ ഡ്രൈവറായി വേഷമിട്ടിരുന്നു. പിന്നീട് സല്ലാപം എന്ന ചിത്രത്തിലെ ചെത്തുക്കാരന്‍റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് മണിക്ക് സീരിയസ് വേഷങ്ങള്‍ കിട്ടിത്തുടങ്ങി.
സംവിധായകന്‍ വിനയനാണ് കലാഭവൻ മണിയെ നായകനാക്കിയത്. വിനയൻ സംവിധാനം ചെയ്‌ത വാസന്തിയും ലക്ഷ്‌മിയും ഞാനും എന്ന ചിത്രത്തിൽ മണി നായകനായി. അന്ധഗായകനായ രാമു എന്ന കഥാപാത്രം സിനിമാപ്രേക്ഷകർ സ്വീകരിച്ചു. നിരവധി അംഗീകാരങ്ങളും ഇതിന് ലഭിച്ചു. മണിയുടെ ജീവിതത്തില്‍ ഇതോടെ മികച്ച കഥാപാത്രങ്ങള്‍ എത്തിത്തുടങ്ങി.
രാമു എന്ന കഥാപാത്രത്തിന്‍റെ അവതരണത്തിന് ദേശീയ അവാർഡിൽ ജൂറിയുടെ പ്രത്യേക പരാമർശം, കേരള സർക്കാരിന്‍റെ സ്‌പെഷൽ ജൂറി പ്രൈസ്, സത്യൻ ഫൗണ്ടേഷൻ അവാർഡ്, മാതൃഭൂമി അവാർഡ്, ലക്‌സ്-ഏഷ്യാനെറ്റ് അവാർഡ് എന്നീ അംഗീകാരങ്ങൾ മണിയെ തേടിയെത്തി. കരുമാടിക്കുട്ടൻ എന്ന ചിത്രത്തിലെ മന്ദബുദ്ധിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
വൺമാൻ ഷോ, സമ്മർ ഇൻ ബേത്‌ലഹേം, ദില്ലിവാലാ രാജകുമാരൻ, ഉല്ലാസപ്പൂങ്കാറ്റ്, കണ്ണെഴുതി പൊട്ടും തൊട്ട്, രാക്ഷസരാജാവ്, മലയാളി മാമനു വണക്കം, വല്യേട്ടൻ, ആറാം തമ്പുരാൻ, വസന്തമാളിക എന്നീ ചിത്രങ്ങളിൽ മണി ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.
ബെന്‍ജോണ്‍സണ്‍, ദി ഗ്യാങ്, ഗാർഡ്, ആകാശത്തിലെ പറവകൾ, വാൽക്കണ്ണാടി, എന്നീ ചിത്രങ്ങളിൽ മണി നായകനായി.
മലയാളത്തില്‍ മാത്രമൊതുങ്ങാതെ തമിഴിലും തെലുഗുവിലും കലാഭവന്‍ മണി തിളങ്ങി. രജനീകാന്ത്, കമൽഹാസൻ, ഐശ്വര്യാ റായ്, വിക്രം തുടങ്ങി ഒട്ടേറെ താരങ്ങള്‍ക്കൊപ്പം മണി വേഷമിട്ടു. നായകനായും വില്ലനായും സഹനടനായൊക്കെ പ്രേക്ഷകരെ രസിപ്പിച്ചു.
മറുമലർച്ചി, വാഞ്ചിനാഥൻ, ജെമിനി, ബന്താ പരമശിവം തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ചില തെലുഗു ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
സാധാരണക്കാരെ രസിപ്പിച്ച ഗായകന്‍
മിമിക്രി കലാകാരനും നടനും എന്നതിനപ്പുറത്തേക്ക് നല്ല ഗായകന്‍ കൂടിയാണ് കലാഭവന്‍ മണി. മണിയുടെ നാടന്‍ പാട്ടിന് ആളുകള്‍ക്ക് എന്നും പ്രിയമായിരുന്നു. കന്നിമാങ്ങ പ്രായത്തില്‍, ഓടേണ്ടേ ഓടേണ്ട, ചാലക്കുടി ചന്തയ്ക്ക് പോയപ്പോള്‍… അങ്ങനെ ആളുകള്‍ ഇഷ്ടപ്പെടുന്ന എളുപ്പത്തില്‍ അവരുമായി കണക്‌ടു ചെയ്യുന്ന പാട്ടുകളാണ് കൂടുതലും മണി പാടിയതും രചിച്ചതും. അതുകൊണ്ട് തന്നെ മണിയുടെ പാട്ടുകള്‍ക്ക് എന്നും വലിയ സ്വീകാര്യതയാണ്. ഗാനമേളകൾക്കും മറ്റു ചടങ്ങുകൾക്കും മണി എത്തിയാൽ പാട്ടു പാടാതെ ജനങ്ങൾ വിടില്ലെന്ന അവസ്ഥയുണ്ടായിരുന്നു.
ചില സിനിമകളില്‍ മണി വേഷമിട്ടില്ലെങ്കിലും അദ്ദേഹത്തിന്‍റെ പാട്ടുകളുണ്ടാവാറുണ്ട്. മണിയുടെ നാടന്‍ പാട്ടുകളുടെ നിരവധി ഓഡിയോ കാസെറ്റുകളും റിലീസ് ചെയ്‌തിരുന്നു. തൂശിമ കൂന്താരോ, ആനവായിലമ്പഴങ്ങ, സ്വാമി തിന്തകത്തോം തുടങ്ങിയ കാസെറ്റുകൾ ശ്രദ്ധേയമാണ്. പാരഡി പാട്ടുകളും മണി പാടിയിട്ടുണ്ട്. അങ്ങനെ പാട്ടുകളായാലും അഭിനയമായാലും കലാഭവന്‍ മണിയുടേതാണെന്ന് പറഞ്ഞാല്‍ ആളുകള്‍ക്ക് അതില്‍ പ്രത്യേക താത്പര്യമാണ്. അത്രയും അവരുടെ ഹൃദയത്തില്‍ ആഴ്‌ന്നിറങ്ങിയ കലാകാരനാണ് കലാഭവന്‍ മണി.
2016 മാര്‍ച്ച് ആറിന് തികച്ചും അപ്രതീക്ഷിതമായാണ് മണിയുടെ വിയോഗ വാര്‍ത്ത കേരളക്കര അറിയുന്നത്. കരള്‍ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മണി മരിച്ചത്. അതും 45 ാമത്തെ വയസില്‍. മണി മരിച്ചിട്ട് പത്തു വര്‍ഷമാകുമ്പോഴും ഇന്നും കണ്ണീരോടെയല്ലാതെ ആ കലാകാരനെ ഓര്‍ക്കാന്‍ മലയാളികള്‍ക്ക് കഴിയില്ല.







