അമേരിക്ക ഇറാൻ ചർച്ച: സന്തുഷ്‌ടനല്ലെന്ന് ട്രംപ്…

0
11

ന്യൂയോർക്ക്: ഇറാനുമായുള്ള ആണവ ചർച്ചകളിൽ സന്തുഷ്‌ടനല്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ്. ഒരു വലിയ തീരുമാനം എടുക്കേണ്ടതുണ്ട്, ഇറാൻ നിലപാട് വളരെ ബുദ്ധിമുട്ടുള്ളതും വളരെ അപകടകരവുമാണെന്നും പരാമർശം. സൈനിക സംഘർഷങ്ങൾക്കിടയിലും സമാധാനപരമായ ഒരു പരിഹാരത്തിന് മുൻഗണന നൽകി. യുദ്ധം ആഗ്രഹിക്കുന്നില്ല, ചിലപ്പോള്‍ വേണ്ടിവന്നേക്കാമെന്നും ഡൊണൾഡ് ട്രംപ്.

”ഞങ്ങൾക്ക് വളരെ വലിയ ഒരു തീരുമാനം എടുക്കേണ്ടതുണ്ട്. 47 വർഷമായി ആളുകളുടെ കാലുകൾ, കൈകൾ, മുഖം എന്നിവ തകർക്കുന്ന ഒരു രാജ്യമാണത്. അവർ കപ്പലുകൾ ഇടിച്ചുനിരത്തി, ആളുകളെ കൊന്നൊടുക്കുന്നു. അമേരിക്കക്കാരെ മാത്രമല്ല, ധാരാളം ആളുകളെയും. ഇറാനുമായുള്ള ചർച്ചകളിൽ യുഎസ് ഒരു വലിയ തീരുമാനം എടുക്കേണ്ടതുണ്ട്.

നിങ്ങൾക്കറിയാവുന്നതുപോലെ, ബി2 ബോംബറുകളുമായി ഞങ്ങൾ അവരെ ശരിക്കും കഠിനമായി ആക്രമിച്ചിട്ടുണ്ട്, അടുത്തിടെ അവരുടെ ആണവ ശേഷിയും തകർത്തു. പക്ഷേ ഞാൻ ഇപ്പോള്‍ സമാധാനപരമായി ചെയ്യാൻ ആഗ്രഹിക്കുന്നു. അവർ വളരെ അപകടകാരികളാണ്, വളരെ ബുദ്ധിമുട്ടുള്ള ആളുകളാണ്,” – ട്രംപ് പറഞ്ഞു.

കഴിഞ്ഞ രണ്ടോ മൂന്നോ മാസത്തിനിടെ 32,000 പേർ ഇറാനിൽ കൊല്ലപ്പെട്ടു. ഇറാനുമായി കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു. ടെഡ് ക്രൂസിനോടും ജോണിനോടും എല്ലാവരോടും സംസാരിച്ചു. ഇവിടെ വരുന്ന വഴിയിൽ, അർഥവത്തായ ഒരു കരാർ ഉണ്ടാക്കണം എന്നാണ് സംസാരിച്ചതെന്നും ട്രംപ് വ്യക്തമാക്കി. ഇറാനും അമേരിക്കയുംത തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് ഏറ്റവും പുതിയ ചർച്ചകൾ.

ആണവ സമ്പുഷ്‌ടീകരണം ഇറാൻ്റെ അവകാശമാണെന്നും അത് തുടരുമെന്നും ഉറപ്പിച്ചാണ് ഇറാൻ്റെ മുന്നോട്ട് പോക്ക്. എന്നാൽ 15 ദിവസത്തിനുള്ളിൽ കരാറിൽ എത്തിയില്ലെങ്കിൽ ഇറാന്‍ കനത്ത ആക്രമണം നേരിടേണ്ടിവരുമെന്നാണ് യുഎസ്‌ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മുന്നറയിപ്പ്. അമേരിക്കയുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാൽ അമേരിക്കൻ മേഖലയിലെ എല്ലാ സൈനിക താവളങ്ങളും ലക്ഷ്യം വയ്‌ക്കുമെന്നും തകർക്കുമെന്നും ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യൻ തീരത്ത് അമേരിക്കയും സൈനിക സന്നാഹം ശക്തിപ്പെടുത്തിയിരിക്കുകയാണ്.

അതേസമയം ഇറാനിലെ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് അവിടെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ഉടൻ രാജ്യം വിടണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി നിർദേശം നൽകിയിരുന്നു. ലഭ്യമായ വിമാന സർവീസുകളോ മറ്റ് ഗതാഗത മാർഗങ്ങളോ ഉപയോഗിച്ച് ഏതുവിധേനയും രാജ്യം വിടാൻ ഇന്ത്യൻ പൗരന്മാര്‍ക്ക് അധികൃതര്‍ നിർദേശം നൽകിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here