കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് നാളെ തുടക്കം,

0
13

ന്യൂഡല്‍ഹി: കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് നാളെ തുടക്കമാകും. വിദേശകാര്യമന്ത്രാലയം പ്രസ്‌താവനയില്‍ അറിയിച്ചതാണ് ഇക്കാര്യം. ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പിന്നാലെ കാനഡയുടെ പ്രധാനമന്ത്രി പദത്തിലെത്തിയ കാര്‍ണിയുടെ ആദ്യ ഇന്ത്യാസന്ദര്‍ശനമാണിത്.

വെള്ളിയാഴ്‌ച മുംബൈയിലാണ് കാര്‍ണി എത്തുന്നത്. തുടര്‍ന്ന് രണ്ട് ദിവസം ഇന്ത്യയിലെയും കാനഡയിലെയും വ്യവസായികളുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. വ്യവസായ, ധാനകാര്യ വിദഗ്ദ്ധര്‍, സംരംഭകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ തുടങ്ങിയവരുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തും. ഇന്ത്യയിലെ കനേഡിയന്‍ പെന്‍ഷന്‍ ഫണ്ട്‌സ് അധികൃതരുമായും കൂടിക്കാഴ്‌ച നടത്തും.

മാര്‍ച്ചിന് ഒന്നിന് കാര്‍ണി ന്യൂഡല്‍ഹിയിലെത്തും. മാര്‍ച്ച് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം ഹൈദരാബാദ് ഹൗസില്‍ കൂടിക്കാഴ്‌ച നടത്തും. മുന്‍പ് 2025 ജൂണില്‍ കനാനസ്‌കിസിലും 2025 നവംബറില്‍ ജൊഹന്നാസ് ബര്‍ഗിലും നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് ഇന്ത്യ-കാനഡ തന്ത്രപരമായ പങ്കാളിത്തത്തില്‍ വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്യും.

ഇന്ത്യാ-കാനഡ കമ്പനി മേധാവികളുടെ യോഗത്തിലും ഇരുപ്രധാനമന്ത്രിമാരും സംബന്ധിക്കും. പരസ്‌പര ബഹുമാനത്തിലൂന്നി ഇരുരാജ്യങ്ങള്‍ക്കും പൊതു ആശങ്കകളുള്ള വിഷയങ്ങളില്‍ പരസ്‌പര ധാരണയോടെ സന്തുലിതവും ഉത്പാദനപരവുമായ ബന്ധത്തിന് ഇരുരാജ്യങ്ങളും നേരത്തെ ധാരണയിലെത്തിയിരുന്നു. ഒപ്പം ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ ശക്തമായ ബന്ധത്തിനും വളര്‍ന്ന് വരുന്ന സാമ്പത്തിക പരസ്‌പരാശ്രയത്വത്തിനും. ഇന്ത്യയ്ക്ക് പുറമെ കാര്‍ണി ഓസ്‌ട്രേലിയയും ജപ്പാനും സന്ദര്‍ശിക്കുമെന്നും കാര്‍ണിയുടെ ഓഫീസില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇതിനിടെ കാനഡയിലെ കുറ്റകൃത്യങ്ങള്‍ക്ക് ഇന്ത്യയ്ക്ക് യാതൊരു പങ്കുമില്ലെന്നൊരു പ്രസ്‌താവനയും കാനഡ പുറപ്പെടുവിച്ചിട്ടുണ്ട്. കാനഡയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നിര്‍ണായകമായ ഒരു നിലപാട് മാറ്റമാണിത്. കാര്‍ണിയുടെ ഇന്ത്യാ സന്ദര്‍ശനത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സര്‍ക്കാരിലെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കാനഡയിലെ ഇംഗ്ലീഷ് ദിനപ്പത്രമായ ടൊറന്‍റോ സ്റ്റാറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. ഇന്ത്യയുമായുള്ള പഴഞ്ചന്‍ വിദേശ നയം അവസാനിപ്പിച്ച് കൂടുതല്‍ സാമ്പത്തിക സഹകരണത്തിന് കാനഡ ഒരുങ്ങുന്നതിന്‍റെ സൂചനയാണിത്.

2023 ജൂണില്‍ ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് സമീപം വച്ച് ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് പിന്നീട് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ജസ്റ്റിന്‍ ട്രൂഡോ പരാമര്‍ശിക്കുകയുമുണ്ടായി. ഇതിന് ശക്തമായ തെളിവുണ്ടെന്നും ട്രൂഡോ പറഞ്ഞു. എന്നാല്‍ ഇന്ത്യ ഇക്കാര്യങ്ങള്‍ നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇരുരാജ്യങ്ങളും ദീര്‍ഘകാലം നയതന്ത്ര ബന്ധം വിച്ഛേദിച്ചു. 2024ല്‍ കാനഡയിലെ പൊലീസ് വകുപ്പും ഇന്ത്യയിലെ ഔദ്യോഗിക ഏജന്‍സികള്‍ക്ക് കാനഡയില്‍ നടക്കുന്ന അക്രമണങ്ങളിലും മരണങ്ങളിലും നരഹത്യകളിലും ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ത്തിയിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതി ദിനേശ് പട്‌നായിക് പറഞ്ഞു. ബന്ധം വഷളാകാത്ത രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം സ്റ്റാറിനോട് പറഞ്ഞു. ആരോപണങ്ങള്‍ ഉയര്‍ന്ന ആദ്യഘട്ടത്തില്‍ കാനഡ അമിതമായി പ്രതികരിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here