ആറ്റുകാലമ്മയ്ക്ക് മുന്നിൽ മനസ്സുതുറന്ന് മോഹൻലാൽ; പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം

0
61

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കമായി. ഒന്നാം ഉത്സവ ദിനത്തിലെ പ്രധാന ചടങ്ങായ കാപ്പുകെട്ടി കുടിയിരുത്തൽ വൈകുന്നേരം കൃത്യം 5.30ന് നടന്നു. ഇന്നേയ്ക്ക് ഒൻപതാം നാളാണ് ദക്ഷിണേന്ത്യയിൽ തന്നെ ഇത്രയധികം സ്ത്രീകൾ ഒത്തുചേരുന്ന ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നടക്കുന്നത്.

ആറ്റുകാലമ്മയും ഗൃഹാതുര ഓർമകളും

ഉത്സവത്തിൻ്റെ ആദ്യദിനം തന്നെ ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിന് ഭക്തരാണ് ഒഴുകിയെത്തുന്നത്. സാംസ്കാരിക പരിപാടികൾ നടൻ മോഹൻലാലിൻ്റെ സാന്നിധ്യത്തിലാണ് ആരംഭിച്ചത്. എല്ലാത്തിനും അതിൻ്റേതായ ഒരു സമയമുണ്ട് ദാസാ എന്ന തൻ്റെ പ്രശസ്തമായ സിനിമ ഡയലോഗ് ഓർമിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ആറ്റുകാൽ ക്ഷേത്രസന്നിധിയിൽ സംസാരിച്ചു തുടങ്ങിയത്. തികച്ചും വൈകാരികമായ അവസ്ഥയിലാണ് താൻ ഇപ്പോൾ നിൽക്കുന്നതെന്നും അകം നിറയെ ആറ്റുകാലമ്മയാണെന്നും അദ്ദേഹം സദസിനോട് പറഞ്ഞു.

അടുത്തിടെ തന്നെ വിട്ടുപിരിഞ്ഞ സ്വന്തം അമ്മയുടെ ഓർമകൾ ഈ അവസരത്തിൽ തൻ്റെ മനസ് നിറഞ്ഞുനിൽക്കുകയാണ്. ആറ്റുകാൽ ദേവിയുടെ കറതീർന്ന ഭക്തയായിരുന്ന അമ്മ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുമായിരുന്നു എന്ന് അദ്ദേഹം സ്മരിച്ചു. എത്രയോ വർഷങ്ങൾ പൊങ്കാല സമർപ്പിച്ചിട്ടുള്ള അമ്മ ഏറെ ആരാധിച്ചിരുന്ന ആറ്റുകാലമ്മയുടെ തിരുമുറ്റത്ത് നിൽക്കാൻ കഴിയുന്നത് വലിയ സുകൃതമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാറുന്ന കാലവും ഉത്സവക്കാഴ്ചകളും

തിരുവനന്തപുരത്തുകാരെ സംബന്ധിച്ചിടത്തോളം ആറ്റുകാൽ എന്നത് വെറുമൊരു വികാരമാണെന്നും തലസ്ഥാനത്തിൻ്റെ തിരുവോണമാണ് ആറ്റുകാൽ പൊങ്കാലയെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു തിരുവനന്തപുരത്തുകാരനെയും പോലെ തൻ്റെ കൗമാരവും ആറ്റുകാൽ അമ്പല ദർശനവും പൊങ്കാല അനുഭവങ്ങളുമൊക്കെയായി നിറഞ്ഞുനിൽക്കുകയാണ്. കുട്ടിക്കാലത്തെ ഓർമകളിൽ ക്ഷേത്രം ഇത്രയധികം വികസിച്ചിട്ടില്ല. അന്ന് ചുറ്റുവട്ടത്തിൻ്റെ വിസ്തീർണം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

തൊട്ടുവശത്തുള്ള ദേവി കല്യാണമണ്ഡപം പോലും പിന്നീട് വന്നതാണ്. വാഹനങ്ങൾ നിർത്താനുള്ള ഇടമായാണ് ആ ഭാഗം താൻ ഓർക്കുന്നത്. അന്ന് ചുറ്റുപാടും വയലുകളായിരുന്നു. പൊങ്കാല ദിവസം ആകുമ്പോൾ ആ ചുറ്റുപാട് മുഴുവൻ അടുപ്പുകളും ഭക്തരുമായി മാറും. മുടവൻമുകളിൽ താമസിച്ചിരുന്ന അവർ പൂജപ്പുരയിലൂടെയും കരുമനയിലൂടെയും ആറ്റുകാലിലേക്ക് പോയിരുന്ന വിളക്കുകെട്ട് ഘോഷയാത്രകൾ അന്ന് വലിയൊരു ഉത്സവമായിരുന്നു. സപ്രമഞ്ചത്തിൽ ദേവിരൂപമുണ്ടാക്കി ചുമലേറ്റി നെയ്യാണ്ടി മേളത്തോടെയും ഗ്യാസ് ലൈറ്റുകളുടെ അകമ്പടിയോടെയും ആനയിക്കുന്ന ഇത്തരം ഘോഷയാത്രകളെ തിരുവനന്തപുരത്തുകാർ അന്ന് ചപ്രനളത്ത് എന്നാണ് വിളിച്ചിരുന്നത്. അത് സപ്രമഞ്ചത്തിൻ്റെ പ്രാദേശിക രൂപമായിരിക്കാമെന്നും ഇന്നത് വിളക്കുകെട്ട് എന്നറിയപ്പെടുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.

തിയറ്ററുകളിലെ പൊങ്കാലക്കാലം

അന്നൊക്കെ പൊങ്കാല മറ്റൊരു വലിയ ആഘോഷമാകാൻ കാരണം തിയറ്ററുകളിലെ സ്പെഷ്യൽ ഷോകളായിരുന്നു. പൊങ്കാലയുടെ തലേദിവസം കിഴക്കേക്കോട്ട ശ്രീ പത്മനാഭ തിയറ്ററിലും കിള്ളിപ്പാലം ശിവ തിയറ്ററിലും സെക്കൻഡ് ഷോയ്ക്ക് ശേഷം സ്പെഷ്യൽ തേർഡ് ഷോകൾ നടത്തുമായിരുന്നു. കൂടുതലും പുണ്യപുരാണ ചിത്രങ്ങളായിരുന്നു അന്ന് പ്രദർശിപ്പിച്ചിരുന്നത്. പൊങ്കാലയ്ക്കായി വരുന്ന ഭക്തർക്ക് രാത്രി ഒന്നിച്ചിരിക്കാൻ കൂടി ലക്ഷ്യമിട്ടാണ് തിയറ്ററുകൾ അന്ന് മൂന്നാം ഷോ സംഘടിപ്പിച്ചിരുന്നത്. ഇത്തരം നിരവധി ഗൃഹാതുര സ്മരണകളാണ് ആറ്റുകാൽ പൊങ്കാലയുമായി തനിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

അന്നൊക്കെ പൊങ്കാല ദിവസം പോലും അമ്പലം വരെ നടന്നു വരാൻ കഴിയുമായിരുന്നു, അല്ലെങ്കിൽ ടൂവീലറിൽ വരാമായിരുന്നു. തൻ്റെ ഇതരഭാഷാ സിനിമ സുഹൃത്തുക്കളോടൊക്കെ ആറ്റുകാൽ പൊങ്കാലയെ പറ്റി സംസാരിക്കുമ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒരു ദിവസം വന്നുചേരുന്ന ഉത്സവമാണെന്ന് കേട്ട് അവർ അത്ഭുതപ്പെടുന്നത് താൻ കണ്ടിട്ടുണ്ട്. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഒന്നിലേറെ തവണ ഇടം നേടിയ കാര്യം താൻ അഭിമാനത്തോടെ അവർക്ക് പറഞ്ഞുകൊടുക്കുമായിരുന്നു. ഇതുപോലൊരു ക്ഷേത്രവും ഉത്സവവും ലോകത്ത് തൻ്റെ നാട്ടിൽ മാത്രമേയുള്ളൂ എന്ന് അദ്ദേഹം വേദിയിൽ വ്യക്തമാക്കി.

ജീവിതത്തിലെ നിർണായക നിമിഷങ്ങൾ

തൻ്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ രണ്ട് സംഭവങ്ങൾ നടന്നത് ഈ ക്ഷേത്രസന്നിധിയിലാണെന്ന് അദ്ദേഹം ഓർമിച്ചു. 1978 സെപ്റ്റംബർ 3ന് താൻ ആദ്യമായി മുഖം കാണിച്ച തിരനോട്ടം എന്ന സിനിമയുടെ പൂജ നടന്നത് ഈ ക്ഷേത്ര സന്നിധിയിൽ വച്ചായിരുന്നു. അതിനുശേഷം ചിത്രത്തിൻ്റെ ആദ്യത്തെ ഷോട്ട് എടുത്തത് മുടവൻമുകളിലെ വീടിനു മുന്നിലുള്ള റോഡിലാണ്. അതിനെല്ലാം സാക്ഷിയായ സുഹൃത്തുക്കളായ അശോക് കുമാർ, എസ് കുമാർ, സുരേഷ് കുമാർ എന്നിവരെയും അദ്ദേഹം ഈ നിമിഷത്തിൽ ഓർത്തു.

പിന്നീട് തൻ്റെ വിവാഹവും ഇവിടെ വച്ചാണ് നടന്നത്. 1988 ഏപ്രിൽ 28ന് ഭാര്യ സുചിത്രയുടെ കഴുത്തിൽ താലി ചാർത്തിയത് ഈ പരിപാവനമായ ക്ഷേത്രത്തിൻ്റെ തിരുനടയിലാണ്. വിവാഹത്തിൻ്റെ ബാക്കി ചടങ്ങുകൾ ട്രിവാൻഡ്രം ക്ലബ്ബിലെ സുബ്രഹ്മണ്യ ഹോളിലാണ് നടന്നത്. ദാമ്പത്യ ജീവിതത്തിന് 36 വർഷം പിന്നിടുമ്പോൾ ഇതെല്ലാം ആറ്റുകാലമ്മയുടെ അനുഗ്രഹമാണെന്ന് താൻ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.

അംബാ പുരസ്കാരവും സമർപ്പണവും

ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഉത്സവത്തോട് അനുബന്ധിച്ച് തന്നെ ക്ഷണിക്കാൻ തുടങ്ങിയിട്ട് ഒരുപാട് വർഷങ്ങളായെങ്കിലും പലവിധ കാരണങ്ങളാൽ അതിന് സാധിച്ചിരുന്നില്ല. സിനിമ ഡയലോഗ് സൂചിപ്പിച്ചതുപോലെ എല്ലാത്തിനും അതിൻ്റേതായ ഒരു സമയമുണ്ട്, ആ ദാസാ എന്ന വിളി അമ്മയുടെ വിളിയായിട്ടാണ് താൻ കണക്കാക്കുന്നത്. ഈ വർഷം അമ്മയുടെ അനുഗ്രഹത്താൽ ചടങ്ങിൽ എത്താനും ആറ്റുകാലമ്മയുടെ നാമധേയത്തിലുള്ള അംബാ പുരസ്കാരം ഏറ്റുവാങ്ങാനും സാധിച്ചതിൽ അതിയായ സന്തോഷവും ചാരിതാർഥ്യവുമുണ്ട്.

തൻ്റെ 48 വർഷത്തെ സിനിമ ജീവിതത്തിനിടയിൽ പല തരത്തിലുള്ള ബഹുമതികൾ സ്വീകരിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും, താൻ വളർന്ന നാട്ടിലെ, മനസ് കൊണ്ട് കുമ്പിടുന്ന ശ്രീ ആറ്റുകാൽ ഭഗവതിയുടെ പേരിലുള്ള ഈ പുരസ്കാരം അതിൻ്റെ ആത്മീയ ചൈതന്യം കൊണ്ടുതന്നെ തനിക്കേറെ സവിശേഷപ്പെട്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദേവിയുടെ ആശീർവാദമായി ഈ പുരസ്കാരം സ്വീകരിക്കുന്നുവെന്നും, ഇതിനായി തന്നെ തെരഞ്ഞെടുത്ത ആറ്റുകാൽ ട്രസ്റ്റിലെ എല്ലാ ഭാരവാഹികൾക്കും അദ്ദേഹം നന്ദി അറിയിച്ചു. ആറ്റുകാലമ്മ ഈ നാടിനെയും നാട്ടുകാരെയും എന്നും കാത്തുരക്ഷിച്ചുകൊള്ളണേ എന്ന പ്രാർഥനയോടെയാണ് അദ്ദേഹം തൻ്റെ വാക്കുകൾ അവസാനിപ്പിച്ചത്.

ഭക്തിസാന്ദ്രമായി ക്ഷേത്രസന്നിധി

അദ്ദേഹത്തിൻ്റെ പരിപാടികൾക്കും ആദരവിനും ശേഷം ഏകദേശം 10 മണിയോടെ ഈ വർഷത്തെ കലാപരിപാടികൾക്ക് മഹാതുടക്കം കുറിച്ചുകൊണ്ട് നന്ദഗോവിന്ദൻ ഭജൻസിൻ്റെ സംഗീത പരിപാടിയും നടന്നു. നടക്കാത്ത ഒരു പരിപാടിയുടെ പേരിൽ അടുത്തിടെ ഏറെ വൈറലായ സംഘമാണ് നന്ദഗോവിന്ദൻ ഭജൻസ്. ഇവരുടെ ഭജനയോടെയാണ് പൊങ്കാല മഹോത്സവത്തിൻ്റെ ഒന്നാം ദിവസത്തെ പരിപാടികൾ അവസാനിക്കുക. കാപ്പുകെട്ടൽ ചടങ്ങ് കാണാനും നാരങ്ങാവിളക്ക് കത്തിക്കാനുമായി നിരവധി സ്ത്രീജനങ്ങളാണ് ക്ഷേത്രത്തിലേക്ക് എത്തിയിരിക്കുന്നത്. ആറ്റുകാലമ്മയ്ക്ക് മുന്നിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിൽ ഒന്നാണ് നാരങ്ങാവിളക്ക് കത്തിക്കുന്നത്. മനസിലുള്ള ആഗ്രഹങ്ങളും ആശകളും പരാതിയും പരിഭവവുമെല്ലാം അമ്മയ്ക്ക് മുന്നിൽ പറഞ്ഞ് നാരങ്ങാവിളക്ക് കത്തിച്ചാൽ ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.

ക്ഷേത്രപരിസരത്തേക്ക് എത്തുമ്പോൾ തന്നെ വല്ലാത്തൊരു അനുഭൂതിയാണ് ഭക്തർക്ക് ലഭിക്കുന്നത്. നിറയെ വിളക്കുകളെല്ലാം കത്തിച്ച് ആകെ മനോഹരമായി ആറ്റുകാലമ്മ ഒരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ പൊങ്കാല കഴിഞ്ഞത് മുതൽ ഈ ദിവസത്തിനായി കാത്തിരിക്കുന്നവരാണ് ഓരോ ഭക്തരും. ഓർമവച്ച നാൾ മുതൽ അമ്മയ്ക്കരികിലെത്തി പൊങ്കാല അർപ്പിച്ചും തെരളി നിവേദിച്ചും തങ്ങളുടെ ആഗ്രഹങ്ങൾ പറയാൻ എത്തുന്നവരാണ് ഭൂരിഭാഗവും. ഇന്ന് ക്ഷേത്രത്തിലെത്തിയ മിക്കവരും പൊങ്കാല ഇടാൻ തയ്യാറെടുക്കുന്നവരാണ്.

ആദ്യദിവസം വന്ന് തൊഴുത് അനുഗ്രഹം വാങ്ങി മടങ്ങാനാണ് ഇവർ വന്നിരിക്കുന്നത്. കാപ്പുകെട്ടൽ ചടങ്ങിനൊപ്പം സാംസ്കാരിക പരിപാടികൾ കൂടി കണ്ടിട്ടേ മടങ്ങുകയുള്ളൂ എന്ന് ക്ഷേത്രത്തിന് പത്തുകിലോമീറ്റർ അടുത്തുള്ളവരും, ദൂരെ നിന്നെത്തിയവരുമായ ഭക്തർ പറയുന്നു. ദൂരെയാണെങ്കിലും പൊങ്കാല സമയത്ത് അമ്മയുടെ അടുത്തേക്ക് ഓടിയെത്തണമെന്ന തോന്നലാണ് എല്ലാ വർഷവും തങ്ങളെ ഇവിടേക്ക് എത്തിക്കുന്നതെന്ന് ഭക്തർ സാക്ഷ്യപ്പെടുത്തുന്നു. തലസ്ഥാന നഗരി ആകെയും ഇപ്പോൾ ആറ്റുകാൽ പൊങ്കാലയുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലേക്ക് മാറിക്കഴിഞ്ഞു. ഇത്തവണ കൂടുതൽ ഗംഭീരമായ പരിപാടികളാണ് ഉത്സവത്തിൻ്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here