വേനല്‍ക്കാലത്ത് ഈ പച്ചക്കറികളൊന്ന് നട്ടുനോക്കൂ… നൂറുമേനി വിളവെടുക്കാം

0
11
Business about modern agricultural industries

വേനല്‍ക്കാലം കൃഷിക്ക് അനുയോജ്യമായ ഒരു പ്രധാന സീസണാണ്. മിക്ക വിളകള്‍ക്കും താപനിലയും സുര്യപ്രകാശവും ആവശ്യമാണ്. ശരിയായ വേനല്‍ക്കാല വിളകളുടെ തെരഞ്ഞെടുപ്പ് നല്ല വിളവ് ഉറപ്പാക്കുന്നു. കടുത്ത ചൂടിലും ജലക്ഷാമത്തിലും അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ വേനല്‍ക്കാല വിളകളില്‍ നിന്ന് നല്ല കായ്‌ഫലം ലഭിക്കും. മാർച്ച് മുതൽ മെയ് വരെയുള്ള ഈ കാലയളവിൽ നമ്മുടെ അടുക്കളയില്‍ കൃഷി ചെയ്യാവുന്ന വേനല്‍ക്കാല വിളകള്‍ നോക്കാം.

1 തക്കാളി

വേനല്‍ക്കാലത്ത് കൃഷി ചെയ്യാന്‍ കഴിയുന്ന ഒരു വിളയാണ് തക്കാളി. ചൂടുള്ള സീസണുകളിൽ കൃഷി ചെയ്യുന്ന ഇവയ്ക്ക് പ്രതിദിനം കുറഞ്ഞത് 6-8 മണിക്കൂർ സൂര്യപ്രകാശം ആവശ്യമാണ്. ശരിയായ പരിപാലനം നൽകിയാൽ, കുറഞ്ഞ കാലയളവിൽ ഉയർന്ന വിളവ് ലഭിക്കും. വര്‍ഷത്തില്‍ ഏത് സമയത്തും ഇത് കൃഷി ചെയ്യാമെങ്കിലും വേനല്‍ക്കാലത്ത് കായ്‌ഫലം കൂടും.

  • ചെറി, റോമ, ബീഫ്സ്റ്റീക്ക് തക്കാളി പോലുള്ള ചൂട് പ്രതിരോധശേഷിയുള്ള ഇനങ്ങൾ തെരഞ്ഞെടുക്കുക.
  • പച്ചക്കറി നിലത്തു തൊടുന്നത് തടയാൻ വള്ളിക്ക് താങ്ങുകൾ ഉപയോഗിക്കുക.
  • വേരുകളുടെ വളർച്ച മെച്ചപ്പെടുത്തുന്നതിന് ഇടയ്ക്കിടെ നന്നായി നനയ്ക്കുക.
  • ഈർപ്പം നിലനിർത്തുന്നതിന് പുതയിടുക.

2. വഴുതന

ചൂടിനെ ഇഷ്‌ടപ്പെടുന്ന ഒരു വിളയാണ് വഴുതനങ്ങ. വേനൽക്കാലത്ത് നല്ല കായ്‌ഫലം തരുന്ന വിളകൂടിയാണിത്. ഉയർന്ന പോഷകമൂല്യവുമുള്ള വിളയക്ക് ചെറിയ പരിചരണം മതിയാകും . വേനൽക്കാലത്ത് വഴുതനങ്ങ കഴിക്കുന്നത് കുട്ടികളെ അഞ്ചാംപനിയിൽ നിന്ന് സംരക്ഷിക്കുമെന്ന് പറയപ്പെടുന്നു. വ്യത്യസ്‌ത വലുപ്പങ്ങളും നിറങ്ങളും ആകൃതികളും ഉള്ള നിരവധി ഇനങ്ങൾ ഇതിനുണ്ട്.

  • ബ്ലാക്ക് ബ്യൂട്ടി, ജാപ്പനീസ് വഴുതനങ്ങ തുടങ്ങിയ ചൂട് പ്രതിരോധശേഷിയുള്ള ഇനങ്ങൾ തെരഞ്ഞെടുക്കുക.
  • ചെടികൾക്ക് ഉയരത്തിൽ വളരാനായി താങ്ങ് നൽകുക.
  • പതിവായി നനയ്ക്കുക, പക്ഷേ മണ്ണിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക.

3. മുളക്

മുളക് ഒരു ചൂടുകാല വിളയാണ്. പല തരത്തിലുള്ള മുളക് ഇന്ന് വ്യാപകമാണ്. വേനൽക്കാലത്ത് അല്‍പ്പമൊന്ന് പരിചരണം നല്‍കിയാല്‍ മുളക് തഴച്ച് വളരും. ആവശ്യത്തിന് വെള്ളം നനയ്‌ക്കാനും പുതയിടാനും മറക്കരുത്.

  • ഉജ്ജ്വല, അനുഗ്രഹ, ജ്വാലാമുഖി, ജ്വാലാസഖി, വെള്ളായണി വിത്തിനങ്ങള്‍ തെരഞ്ഞെടുക്കുക
  • 45-60 സെ.മീ അകലത്തില്‍ തൈകള്‍ നടാം.
  • ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്ത് മണ്ണ് തയ്യാറാക്കുക.
  • മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം

4. മത്തങ്ങ

വേനൽക്കാലത്ത് നന്നായി വളരുന്ന പച്ചക്കറികയാണ് മത്തങ്ങ. ഒരു 5 കിലോ മുതൽ 40 കിലോ വരെയുള്ള മത്തങ്ങള്‍ കൃഷി ചെയ്യാന്‍ കഴിയും. വേനല്‍ക്കാലത്ത് വളരെ എളുപ്പത്തില്‍ മത്തങ്ങ നിലത്ത് പടർത്തി വളര്‍ത്താന്‍ കഴിയും. നല്ല നീർവാർച്ചയുള്ള മണ്ണിൽ, സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് മത്തങ്ങ കൃഷിക്കായി തെരഞ്ഞെടുക്കേണ്ടത്.

  • ചാണകം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ മണ്ണില്‍ ചേര്‍ക്കാം
  • വേനൽക്കാലത്ത് കൂടുതൽ നന ആവശ്യമാണ്.
  • വള്ളികൾ പടരാൻ ഉണങ്ങിയ കരിയിലയോ ഓലയോ നിരത്തിക്കൊടുക്കുക.
  • 100-120 ദിവസത്തിനുള്ളിൽ മത്തങ്ങ പാകമാകും

5. വെള്ളരിക്ക

ഇന്ത്യയിലുടനീളം വേനൽക്കാലത്ത് കൃഷി ചെയ്യാന്‍ സാധിക്കുന്ന ഒരു വിളയാണ് വെള്ളരിക്ക. വീടിൻ്റെ മേൽക്കൂരകളിലോ പറമ്പിലോ ഇവ വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാം. വിത്ത് നേരിട്ട് വിതച്ചാണ് ഇവ കൃഷി ചെയ്യുന്നത്. വളരാൻ വളരെ കുറച്ച് സമയമാണെടുക്കുന്നത്. ശരിയായ പരിചരണം നൽകിയാൽ വേനൽക്കാലത്ത് ഇവ സ്ഥിരമായ വിളവ് ലഭിക്കും.

  • അർമേനിയൻ, മാർക്കറ്റ്മോർ വെള്ളരി പോലുള്ള ചൂട് പ്രതിരോധശേഷിയുള്ള വിളകൾ തെരഞ്ഞെടുക്കുക.
  • വള്ളികളില്‍ താങ്ങ് നല്‍കുക
  • പതിവായി നനവ് നൽകുക.
  • കൂടുതൽ കായ്‌കള്‍ വളരാന്‍ പതിവായി വിളവെടുപ്പ് നടത്തുക

LEAVE A REPLY

Please enter your comment!
Please enter your name here