കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പു പ്രകാരം സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതേസമയം, 20 മുതൽ 22 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകരമായതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.
ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.
തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഒഴിവാക്കുക.
ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടുക. വാതിലിനും ജനലിനും സമീപം നിൽക്കരുത്.
കെട്ടിടത്തിനുള്ളിൽ കഴിയുമ്പോൾ ഭിത്തിയിലോ നിലത്തിലോ പരമാവധി സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. വൈദ്യുതോപകരണങ്ങളിൽ നിന്ന് അകലം പാലിക്കുക.
ഇടിമിന്നലുള്ള സമയത്ത് ലാൻഡ്‌ലൈൻ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്.
അന്തരീക്ഷം മേഘാവൃതമായിരിക്കുമ്പോൾ ടെറസിലും തുറസായ സ്ഥലങ്ങളിലും കുട്ടികൾ ഉൾപ്പെടെ കളിക്കുന്നത് ഒഴിവാക്കണം.
മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനുള്ളിൽ തന്നെ തുടരുക. കൈകാലുകൾ പുറത്തിടരുത്.
സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ തുറന്ന വാഹനങ്ങളിൽ യാത്ര ഒഴിവാക്കി, ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിത കെട്ടിടത്തിൽ അഭയം തേടണം.
മഴക്കാറ് കണ്ടാൽ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്.
കാറ്റിൽ മറിഞ്ഞുവീഴാൻ സാധ്യതയുള്ള വസ്തുക്കൾ ഉറപ്പിച്ച് കെട്ടിവയ്ക്കണം.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നതും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കണം.
ജലാശയങ്ങളിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുത്.
കാർമേഘങ്ങൾ കണ്ടുതുടങ്ങുമ്പോൾ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവർത്തനങ്ങൾ ഉടൻ നിർത്തി അടുത്ത കരയിലെത്തണം.
ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടലും വലയെറിയലും ഒഴിവാക്കണം.
ഇടിമിന്നലുള്ള സമയത്ത് പട്ടം പറത്തുന്നതും ഒഴിവാക്കണം.






