ക്ഷേമ പെന്‍ഷന്‍ പെബ്രുവരി 25 മുതല്‍;

0
19

തിരുവനന്തപുരം: ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം 25 മുതല്‍ തുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 2,000 രൂപവീതം പെന്‍ഷന്‍ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ അതാത് ബോര്‍ഡുകള്‍ വഴി വിതരണം ചെയ്യും.

8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇത് കൃത്യമായി ലഭിക്കാത്ത സാഹചര്യത്തില്‍ കേന്ദ്ര വിഹിത ഇനത്തിലുള്ള 24.21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിൻ്റെ പിഎഫ്എംഎസ് സംവിധാനം വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രഡിറ്റ് ചെയ്യും. എന്നാല്‍, ഇതും പലപ്പോഴും വൈകുന്ന സാഹചര്യം ഒഴിവാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സര്‍ക്കാര്‍ ഇതുവരെ 49,433.83 കോടി രൂപയാണ് ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ വിതരണം ചെയ്തതെന്ന് മന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടു. ഒന്നാം പിണറായി സര്‍ക്കാര്‍ 35,154 കോടി രൂപ പെന്‍ഷന്‍കാര്‍ക്ക് ലഭ്യമാക്കി. 2011-16 കാലത്ത് അധികാരത്തിലുണ്ടായിരുന്ന യുഡിഎഫ് സര്‍ക്കാര്‍ 9,011 കോടി രൂപയാണ് നല്‍കിയത്. യുഡിഎഫ് സര്‍ക്കാരിൻ്റെ കാലത്ത് 600 രൂപയായിരുന്നു ക്ഷേമ പെന്‍ഷന്‍.

ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ഘട്ടംഘട്ടമായി 2,000 രൂപയായി വര്‍ധിപ്പിച്ചു. ഇപ്പോള്‍ പ്രതിമാസം 1,050 കോടിയോളം രൂപയാണ് പെന്‍ഷനായി നല്‍കുന്നത്. ഇത് ഒരു കുടിശികയുമില്ലാതെ അതാത് മാസം തന്നെ വിതരണം ചെയ്യുന്നു. നിലവില്‍ ഒരു വര്‍ഷം ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് വേണ്ടിവരുന്നത് 14,500 കോടി രൂപയാണ്. അടുത്തവര്‍ഷത്തേക്കും ഇതിനുള്ള വകയിരുത്തല്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ധനമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ക്ഷേമരംഗങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവുമധികം പണം ചെലവഴിക്കുന്ന സര്‍ക്കാര്‍ കേരളത്തിലേതാണെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു. ഒരു മാസത്തെ കുടിശ്ശിക പോലുമില്ലാതെ മുഴുവന്‍ ഗുണഭോക്താക്കളിലേക്കും കൃത്യമായി പെന്‍ഷന്‍ എത്തുകയാണ്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍, മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതി, മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതിയിലൂടെ മാത്രം ഒരു കോടി ആളുകളിലേക്കാണ് സര്‍ക്കാരിൻ്റെ സഹായം എത്തുന്നത്. അതായത് ജനസംഖ്യയുടെ 30 ശതമാനം ആളുകള്‍ക്ക് എല്ലാ മാസവും സര്‍ക്കാര്‍ നേരിട്ട് സാമുഹിക സുരക്ഷാ സഹായം എത്തിക്കുന്നതായും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here