കേരളത്തിൻ്റെ മതസാഹോദര്യം രാജ്യത്തിന് മാതൃകയെന്ന് ഡികെ ശിവകുമാര്‍,

0
64

സമസ്‌ത അന്താരാഷ്ട്ര മഹാസമ്മേളനത്തിന് പരിസമാപ്‌തി. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ സമസ്‌ത വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി.

കാസര്‍കോട്: കേരളത്തിൻ്റെ മതസാഹോദര്യം രാജ്യത്തിന് മാതൃകയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. സമസ്‌ത വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്നും നിങ്ങള്‍ക്ക് എന്ത് സഹായം വേണെങ്കിലും താനും കര്‍ണാടകയും തൻ്റെ പാര്‍ട്ടിയും നല്‍കുമെന്നും ശിവകുമാര്‍ വ്യക്തമാക്കി. സമസ്‌തയുടെ നൂറാംവാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിങ്ങളുടെ പ്രസിഡൻ്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളുടെ നേതൃത്വം വളരെ ശക്തിയുള്ളതാണെന്ന് തെളിയിക്കുന്നതാണ് ഈ സമ്മേളനം. ഇങ്ങനെയുള്ള നേതാക്കള്‍ വളരെ വിരളമായിരിക്കും. അത് ഞാന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് സാധിക്കാത്ത ഒന്നാണ്. അത് തന്നെയാണ് തങ്ങളെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്‌തമാക്കുന്നത്. അത് തുടരാൻ അദ്ദേഹത്തിന് സാധിക്കട്ടെ,’ ഡി കെ ശിവകുമാര്‍ പറഞ്ഞു.

സമസ്‌ത നൂറ് വര്‍ഷങ്ങള്‍ പിന്നിടുന്നത് വെറുമൊരു ആഘോഷമല്ല. അതിലേക്കുള്ള യാത്രയില്‍ അവര്‍ നേരിട്ട ത്യാഗങ്ങള്‍ ഏറെ വലുതാണ്. അതുകൊണ്ട് തന്നെയാണ് ഞാന്‍ മറ്റെല്ലാ പരിപാടികളും മാറ്റിവച്ച് ഈ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ എത്തിച്ചേര്‍ന്നത്. ഏറെ അഭിമാനത്തോടെയാണ് താന്‍ ഈ മഹാസമ്മേളനത്തില്‍ നില്‍ക്കുന്നത്. നിങ്ങളുടെ സംഘശക്തി അതെന്നെ അത്ഭുതപ്പെടുത്തുന്നു. മുൻപോട്ടും ഇങ്ങനെ തന്നെയാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

സുന്നി ഐക്യ ആഹ്വാനത്തോടെ പരിസമാപ്‌തി

സുന്നി ഐക്യ ആഹ്വാനത്തോടെയാണ് സമസ്‌ത ശതാബ്‌ദി അന്താരാഷ്ട്ര മഹാസമ്മേളനം സമാപിച്ചത്. സമ്മേളന അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ സംഘടനകളെയും വ്യക്തികളെയും പ്രശ്‌നപരിഹാരത്തിന് ക്ഷണിച്ചു. സമസ്‌ത വിട്ടവർ മാതൃ സംഘടനയിലേക്ക് തിരിച്ചു വരണമെന്ന് അദ്ദേഹം സമാപന ചടങ്ങിൽ പറഞ്ഞു.

‘മുസ്ലിം സമുദായത്തിൻ്റെ വിശ്വാസപരമായ കാര്യങ്ങൾ നിയന്ത്രിക്കുന്നത് സമസ്‌തയാണ്. സമസ്‌ത വിളിച്ചപ്പോൾ സമുദായം കാസർകോട് വന്നു. സമസ്‌ത ഒരു സ്ഥലത്ത് പോകേണ്ടെന്ന് പറഞ്ഞാൽ സമുദായം പോകുകയും ഇല്ല. സമസ്‌തയിൽ നിന്ന് താൽക്കാലികമായി വിട്ട് നിന്നവർ പ്രശ്‌നം പരിഹരിച്ച് മാതൃ സംഘടനയിലേക്ക് തിരിച്ചു വരണം” എന്ന് അദ്ദേഹം പറഞ്ഞു.

ഇക്കാര്യം കുണിയയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന കേന്ദ്ര മുശാവറ യോഗം ചര്‍ച്ച ചെയ്‌തതായും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്‌ത ഒരു വലിയ സംഘടനയാണ്. അതിനെ നിസാരമാക്കാന്‍ ശ്രമിച്ചാല്‍ എല്ലാവര്‍ക്കും വേദനിക്കും. ഒത്തൊരുമിച്ചു പോകാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. ശതാബ്‌ദിയുടെ ഭാഗമായി സമസ്‌തയ്ക്ക് അഞ്ചുവര്‍ഷത്തെ പദ്ധതികളുണ്ട്.

ദേശീയ വിദ്യാഭ്യാസ പദ്ധതി വ്യാപിപ്പിക്കും. രാജ്യത്തിൻ്റെ സൗഹൃദവും സഹിഷ്‌ണുതയും നിലനിര്‍ത്തിയാകും സമസ്‌തയുടെ പ്രവര്‍ത്തനം. ബിദഈ പ്രസ്ഥാനക്കാരോടും വ്യാജ ത്വരീഖത്തുകാരോടും യോജിപ്പില്ല. അത് ആവിര്‍ഭാവ കാലം മുതലുള്ള സമസ്‌തയുടെ നിലപാടാണ്. സമസ്‌തയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാകണം സംഘടനകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

ഭീകരവാദത്തിനെതിരെ സമസ്‌ത നില കൊണ്ടെന്ന് മുഖ്യമന്ത്രി

സമസ്‌ത ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് സ്വീകരിച്ചുവെന്നും വിശ്വാസികളുടെ പ്രശ്‌നങ്ങളില്‍ പ്രകോപന രഹിതമായായി ഇടപെട്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്‌ത ശതാബ്‌ദി സമാപന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മതനിരപേക്ഷ സമൂഹത്തിനേ വര്‍ഗീയതയെ ചെറുക്കാന്‍ കഴിയൂ. ആത്മീയതയും സാംസ്‌കാരികവുമായ പ്രകാശം പരത്തുന്ന നൂറ്റാണ്ടാണ് സമസ്‌തയുടേതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ‘മുസ്ലിം സമുദായത്തിൻ്റെ നവോത്ഥാന ചരിത്രത്തില്‍ സവിശേഷ ഘട്ടമാണ് സമസ്‌തയുടെ നൂറാംവര്‍ഷം. സമസ്‌തയുമായി പലഘട്ടങ്ങളിലും ബന്ധപ്പെടാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. സമസ്‌തയുടെ എത്രയോ മനുഷ്യത്വപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ നേരിട്ടുകാണാന്‍ കഴിഞ്ഞിട്ടുണ്ടെന്ന്’ അദ്ദേഹം പറഞ്ഞു.

കേരളത്തെ മതനിരപേക്ഷ സമൂഹമായി വളര്‍ത്തുന്നതില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കൊപ്പം സമസ്‌തയ്ക്കും വലിയ പങ്കുണ്ട്. മതപരമായ ചിട്ടയും വിജ്ഞാനവും പകരുന്നതില്‍ സമസ്‌ത ശ്രദ്ധിച്ചിട്ടുണ്ട്. സമസ്‌തയുടെ മുന്നേറ്റ പാതയില്‍ മുന്‍ നേതാക്കള്‍ വഹിച്ച പങ്ക് വലുതാണ്. അവരുടെ പ്രവര്‍ത്തന മികവും സംഘാടന മികവും പ്രസ്ഥാനത്തെ മികവുറ്റതാക്കി.

രാജ്യം ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പൗരത്വത്തിനു പോലും മതംകാണുന്ന മാനദണ്ഡം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അത്തരത്തിലുള്ള ഒരു നടപടിയും സ്വീകരിക്കാത്ത നാടായി കേരളം നിലനില്‍ക്കും. വര്‍ഗീതയ്ക്കും മതരാഷ്ട്രവാദത്തിനുമെതിരേ ഒരുമിച്ചു നീങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here