വിശ്വസിക്കാനാവുന്നില്ല’; സി ജെ റോയ്‌യുടെ വിയോഗത്തില്‍ ഞെട്ടി മോഹന്‍ലാല്‍

0
21

മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ കാസനോവയുടെ നിര്‍മാതാവാണ് സി. ജെ റോയ്. മരണം പുതിയ ചിത്രം റിലീസ് ആദ്യം നിശ്ചയിച്ചിരുന്ന ദിവസം.

വ്യവസായിയും സിനിമാ നിര്‍മാതാവും കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ്‌യുടെ വിയോഗത്തില്‍ ഞെട്ടിരിയിരിക്കുകയാണ് മലയാളികള്‍. അദ്ദേഹത്തെ അറിയാവുന്ന ആര്‍ക്കും ആ മരണവാര്‍ത്ത താങ്ങാനാവുന്നില്ല. സിനിമാ മേഖലയ്ക്കും അദ്ദേഹം ഏറെ പ്രിയപ്പെട്ടവനായിരുന്നു.

ഇപ്പോഴിതാ സി ജെ റോയ്‌യുടെ മരണത്തില്‍ അനുശോചിച്ച് നടന്‍ മോഹന്‍ലാല്‍. സൗഹൃദത്തിനപ്പുറമുള്ള ബന്ധമായിരുന്നു റോയ്‌യുമായി ഉണ്ടായിരുന്നതെന്ന് മോഹന്‍ലാല്‍ സമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.

“പ്രിയ സുഹൃത്ത് സി. ജെ റോയ്‌യുടെ വിയോഗം വിശ്വസിക്കാനാവുന്നില്ല. ഈ സമയം അദ്ദേഹത്തിന്‍റെ കുടുംബത്തിനൊപ്പം ചേരുന്നു. സൗഹൃദത്തിനപ്പുറമുള്ള ബന്ധമായിരുന്നു. സ്നേഹത്തോടെയും വാത്സല്യത്തോടെയും എന്നും ഓര്‍മിക്കപ്പെടും”,. മോഹന്‍ലാല്‍ കുറിച്ചു.

മലയാളികള്‍ക്ക് സി ജെ റോയ്‌യെ കുടൂതല്‍ പരിചയം ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്‌ത ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റിഷോയൂടെ സ്‌പോണ്‍സര്‍ എന്ന നിലയിലാണ്. റോയ് സ്പോണ്‍സര്‍ ചെയത് എല്ലാ റിയാലിറ്റി ഷോകളും വലിയ വിജയ മായിരുന്നു. ചലച്ചിത്ര നിര്‍മാതാവ് എന്ന നിലയിലും സാധാരണക്കാര്‍ക്കും ഫ്ലാറ്റ് സ്വന്തമാക്കാം എന്ന പരസ്യവാചകത്തിലൂടെയും റോയ് മലയാളികള്‍ക്ക് ഏറെ പരിചിതമായി.

കാസനോവ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ നിര്‍മാതാവാണ് സി. ജെ റോയ്. ഇതുകൂടാതെ മൂന്ന് ചിത്രങ്ങള്‍ കൂടി അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി നിര്‍മിച്ച ചിത്രത്തിന്‍റെ റിലീസ് ആദ്യം നിശ്ചയിച്ച ദിവസമാണ് അദ്ദേഹം ജീവനൊടുക്കിയത്.

ഫെബ്രുവരി ആറിന് നിലവില്‍ നിശ്ചയിച്ചിരുന്ന അനോമി-ദ ഇക്ക്വേഷന്‍ ഓഫ് ഡെത്ത് എന്ന സിനിമയുടെ സഹനിര്‍മാതാവാണ് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ചെയര്‍മാനായ സി. ജെ റോയ്. ചിത്രത്തിലെ നായികയായി എത്തുന്ന ഭാവനയുടെ ഭാവന നിര്‍മാണ സംരംഭമായ ഭാവന ഫിലിംസ് ആണ് അനോമിയുടെ മറ്റൊരു നിര്‍മാണ പങ്കാളി. കന്നഡയിലും മലയാളത്തിലുായി 11 ചിത്രങ്ങളുടെ നിര്‍മാണത്തില്‍ സി ജെ റോയ് പങ്കാളിയാണ്.

2012 ജനുവരി 26 നാണ് കാസനോവ പുറത്തിറങ്ങിയത്. ചിത്രം പുറത്തിറങ്ങി 14 വര്‍ഷം പൂര്‍ത്തിയായ വേളയിലാണ് സി ജെ റോയ്‌യുടെ വിയോഗം. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും മോഹന്‍ലാലും ഒന്നിക്കുന്നുവെന്നതിനാല്‍ അന്ന് സി. ജെ. റോയ്‌യും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

കാസനോവ വലിയ ഹിറ്റായി മാറിയിരുന്നു. അതിന് ശേഷം മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം, സുരേഷ് ഗോപി നായകനായ മേം ഹൂം മൂസ, ഐഡന്‍ററ്റി എന്നീ സിനിമകളും റോയ്‌യുടെ നിര്‍മാണത്തില്‍ പുറത്തിറങ്ങി. ഏറ്റവും ഒടുവിലത്തെ നിര്‍മാണ സംരംഭം റിലീസിനൊരുങ്ങുന്ന വേളയിലാണ് അദ്ദേഹത്തിന്‍റെ മരണവാര്‍ത്തയെത്തുന്നത്.

ബെംഗളുരുവിലെ അശോക്‌നഗറിലെ റിച്ച് മോണ്ട് സര്‍ക്കിളിലുള്ള കോര്‍പ്പറേറ്റ് ഓഫീസിനുള്ളില്‍ സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു. ഇന്നലെ (ജനുവരി 30) വൈകിട്ട് 3.15നായിരുന്നു സംഭവം.57 വയസായിരുന്നു.

ഫോർച്യൂൺ 500 കമ്പനിയായ ഹ്യൂലറ്റ്-പാക്കാർഡിലെ ജോലി ഉപേക്ഷിച്ചാണ് ഡോ. സി.ജെ. റോയ് സംരംഭകത്വത്തിലേക്ക് കടന്നുവന്നത്. 2006ല്‍ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് അമര്‍ന്ന ഘട്ടത്തിലായിരുന്നു അദ്ദേഹത്തിന്‍റെ റിയല്‍ എസ്റ്റേറ്റ് പരീക്ഷണങ്ങള്‍. 165-ലധികം വൻകിട പദ്ധതികളും 15,000-ത്തിലധികം ഉപഭോക്താക്കളും ഇന്ന് കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ കരുത്താണ്. റിയൽ എസ്റ്റേറ്റിന് പുറമെ ഹോസ്‌പിറ്റാലിറ്റി, വിനോദം, വിദ്യാഭ്യാസം, വ്യോമയാനം, അന്താരാഷ്ട്ര വ്യാപാരം എന്നീ മേഖലകളിൽ ഗ്രൂപ്പ് സാന്നിധ്യമറിയിച്ചു.

നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹത്തിന്‍റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. കേരളത്തിനകത്തും പുറത്തും ഗൾഫിലുമായി നിരവധി സംരംഭങ്ങളുള്ള വ്യക്തിയാണ് സി ജെ റോയി. കൊച്ചിയിൽ നിന്നുള്ള ഇൻകം ടാക്‌സ് സംഘമാണ് റെയ്‌ഡിന് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here