15 വയസിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്ക്;

0
43

ഡിസംബറിൽ ഓസ്‌ട്രേലിയ 16 വയസിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനു ശേഷം ഇത്തരമൊരു നടപടി സ്വീകരിക്കുന്ന രണ്ടാമത്തെ രാജ്യമായി ഫ്രാൻസ് മാറി.

പാരീസ്: 15 വയസിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്തി ഫ്രാൻസ്. കുട്ടികളിലെ അമിത സ്‌ക്രീൻ ഉപയോഗം ഇല്ലാതാക്കുവാനുള്ള ഒരു മാർഗമായാണ് ഈ നടപടി സ്വീകരിച്ചത്. പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോണിൻ്റെ പിന്തുണയോട് കൂടിയാണ് ബിൽ പാസാക്കിയത്. ഇന്നലെയും ഇന്നുമായി നീണ്ടു നിന്ന ചർച്ചയ്‌ക്ക് ഒടുവിലാണ് ഈ സുപ്രധാന നീക്കം. രാത്രികാല സമ്മേളനത്തിൽ 130-നെതിരെ 21 വോട്ടുകൾ നേടിയാണ് ലോവർ നാഷണൽ അസംബ്ലി ഈ നടപടി അംഗീകരിച്ചത്. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് ഫ്രാൻസിൻ്റെ ഉപരിസഭയായ സെനറ്റിൽ ഇത് അവതരിപ്പിക്കും.

ഫ്രാൻസിലെ കുട്ടികളേയും കൗമാരക്കാരേയും സംരക്ഷിക്കുന്നതിനുള്ള ഒരു “സുപ്രധാന നടപടി”യാണ് ഇതെന്ന് മാക്രോൺ എക്‌സിൽ കുറിച്ചു. ഹൈസ്‌കൂളുകളിൽ വിദ്യാർഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനേയും മക്രോൺ പിന്തുണച്ചിട്ടുണ്ട്. ഡിസംബറിൽ ഓസ്‌ട്രേലിയ 16 വയസിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനു ശേഷം ഇത്തരമൊരു നടപടി സ്വീകരിക്കുന്ന രണ്ടാമത്തെ രാജ്യമായി ഫ്രാൻസ് മാറി.

“15 വയസിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവർക്ക് ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം നൽകുന്ന എല്ലാവിധ ഓൺലൈൻ സേവനങ്ങളും നിരോധനവും” നിയമം വ്യവസ്ഥ ചെയ്യുന്നു. കരട് ബിൽ ഓൺലൈൻ എൻസൈക്ലോപീഡിയകളെയും വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകളേയും ഒഴിവാക്കിയിട്ടുണ്ട്. നിരോധനം യാഥാർത്ഥ്യമാകുന്നതിന് ഫലപ്രദമായ ഒരു പ്രായ പരിശോധന സംവിധാനം പ്രാബല്യത്തിൽ വരേണ്ടതുണ്ട്. അത്തരമൊരു സംവിധാനത്തിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ സ്‌ക്രീൻ സമയം വർധിപ്പിക്കുകയും മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നതായി ആശങ്കകൾ ഉയർന്നിട്ടുണ്ട്. “നമ്മുടെ കുട്ടികളുടെയും കൗമാരക്കാരുടെയും വികാരങ്ങൾ അമേരിക്കൻ പ്ലാറ്റ്‌ഫോമുകളോ ചൈനീസ് അൽഗോരിതങ്ങളോ നിയന്ത്രിക്കുന്നതിനായി വിട്ട് കൊടുക്കരുത്,” മക്രോൺ വീഡിയോ പ്രക്ഷേപണത്തിൽ പറഞ്ഞു.

2026 അധ്യയന വർഷത്തിൻ്റെ തുടക്കം മുതൽ പുതിയ നടപടികൾ നടപ്പിലാക്കണമെന്നാണ് അധികാരികൾ കരുതുന്നത്. സെപ്റ്റംബർ 1 മുതൽ നിരോധനം പ്രാബല്യത്തിൽ വരുന്നതിനായി ഫെബ്രുവരി പകുതിയോടെ സെനറ്റ് ബിൽ പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫ്രാൻസ് മുൻ പ്രധാനമന്ത്രി ഗബ്രിയേൽ അറ്റൽ പറഞ്ഞു. പ്രായപരിധി പാലിക്കാത്ത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിർജ്ജീവമാക്കാൻ ഡിസംബർ 31 വരെ സമയമുണ്ടെന്നും അദ്ദേഹം അറിയിച്ചു. “സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി മനസുകളെ കോളനിവത്കരിക്കാൻ ആഗ്രഹിക്കുന്ന നിരവധി ശക്തികളെ” ഈ നടപടി ചെറുക്കുമെന്നും അറ്റൽ കൂട്ടിച്ചേർത്തു.

“ഒരു മാസത്തിനുള്ളിൽ ഫ്രാൻസിന് യൂറോപ്പിലുടെ നീളം സ്വാധീനം ചെലുത്താൻ സാധിക്കും. നമ്മുടെ യുവാക്കളുടേയും കുടുംബാംഗങ്ങളുടേയും ജീവിതം മാറ്റാൻ നമുക്ക് കഴിയും, ഒരു പക്ഷേ നമ്മുടെ രാജ്യത്തിൻ്റെ വിധി മാറ്റാനും കഴിയും” അദ്ദേഹം പറഞ്ഞു.

ടിക്‌ടോക്ക്,സ്‌നാപ്‌ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൗമാരക്കാരിൽ പ്രത്യേകിച്ച് പെൺകുട്ടികളിൽ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും ഇവരുടെ മാനസികാരോഗ്യം ഇല്ലാതാക്കുന്നത് സോഷ്യൽ മീഡിയകൾ അല്ലായെന്നാണ് ഫ്രാൻസിലെ പൊതുജനാരോഗ്യ നിരീക്ഷണ സംഘടനയായ അൻസസ് പറഞ്ഞത്. കുട്ടികളുടെ സംരക്ഷണ സംഘടനകൾ നിയമനിർമ്മാതാക്കളോട് കുട്ടികളെ സോഷ്യൽ മീഡിയകളിൽ നിന്ന് “നിരോധിക്കുന്നതിന്” പകരം സോഷ്യൽ മീഡിയ “പ്ലാറ്റ്‌ഫോമുകളെ കൂടുതൽ ബോധവാന്മാരാക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു.

2018 ൽ, 11 നും 15 നും ഇടയിൽ പ്രായമുള്ള സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഫ്രാൻസ് നിരോധിച്ചിരുന്നു. മിഡിൽ സ്‌കൂളുകളിൽ ഈ നിരോധനം ശരിയായി നടപ്പിലാക്കുന്നുണ്ടെന്ന് നമ്മൾ ഉറപ്പാക്കണമെന്ന് മുൻ പ്രധാനമന്ത്രി എലിസബത്ത് ബോൺ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here