ഇത് കൊളസ്‌ട്രോൾ കുറയ്‌ക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. സ്വാദിഷ്‌ടവും അതുപോലെ ആരോഗ്യകരവുമായ മേത്തി കറി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
നമ്മുടെ സമൂഹത്തില്‍ ഒട്ടുമിക്ക പേര്‍ക്കും ഉണ്ടെന്ന് പറയുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം. ഹൃദയാരോഗ്യത്തെ തകരാറിലാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് ഭക്ഷണ രീതിയാണെന്ന് പറയാം. ആരോഗ്യം സംബന്ധിച്ചുള്ള വിവിധ പഠന റിപ്പോര്‍ട്ടുകളില്‍ ഇക്കാര്യം വ്യക്തമാണ്. അതുകൊണ്ട് തന്നെ ഹൃദയത്തെ സംരക്ഷിക്കാന്‍ ജീവിത ശൈലിയിലും ഭക്ഷണ ക്രമത്തിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.
അതിനായി പ്രധാനമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മേത്തി ചീര അഥവാ ഉലുവ ഇല. ശരീരത്തില്‍ അടിഞ്ഞ് കൂടുന്ന കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ കഴിയുന്ന ഒരു ഭക്ഷണമാണ് മേത്തി. ശരീരത്തില്‍ അടിഞ്ഞ് കൂടുന്ന കൊളസ്‌ട്രോളിനെ ഇത് ആവശ്യമായ കോശങ്ങളുടെ നിര്‍മാണത്തിനും വിറ്റാമിന്‍ ഡി, ഹോര്‍മോണ്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും സഹായകരമാകും.
പ്രധാനമായും ഉലുവയും വെളുത്തുള്ളിയും ചേർത്ത് തയ്യാറാക്കുന്ന മേത്തി ചപ്പാത്തിയോടൊപ്പവും ചോറിനോടൊപ്പവും കഴിക്കാം. വെള്ളുത്തുള്ളിയും ഉലുവയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് കൊളസ്‌ട്രോൾ കുറക്കുകയും ദഹന പ്രക്രിയ സുഗമമാക്കുകയും ചെയ്യുന്നു. സ്വാദിഷ്‌ടവും അതുപോലെ ആരോഗ്യകരവുമായ മേത്തി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമുള്ള ചേരുവകൾ
വറുത്ത പയർ – 2 സ്‌പൂൺ
വറുത്ത നിലക്കടല – 2 സ്‌പൂൺ
വെളുത്തുള്ളി – 25 അല്ലി
ഉലുവ ഇല (മേത്തി) – 1 കപ്പ്
ജീരകം – 1/2 ടീസ്‌പൂൺ
ഉണക്കമുളക് – 2 എണ്ണം
ഉള്ളി – 2 എണ്ണം
മുളകുപൊടി – 2 സ്‌പൂൺ
മഞ്ഞൾ പൊടി -1/4 ടീസ്‌പൂൺ
മല്ലി പൊടി – 1 സ്‌പൂൺ
കശ്‌മീരി മുളകുപൊടി – 1 സ്‌പൂൺ
തക്കാളി വേവിച്ച് അരിച്ചെടുത്തത് – 1/4 കപ്പ്
ഉപ്പ് – ആവശ്യത്തിന്
ഉണക്കിയ ഉലുവ ഇല (കസൂരി മേത്തി) – 1 സ്‌പൂൺ
ഗരം മസാല – 1/2 സ്‌പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം വറുത്ത പയറും നിലക്കടലയും അൽപം വെള്ളം ചേർത്ത് മികസ്‌യിൽ പേസ്‌റ്റ് പരവത്തിൽ അരച്ചെടുക്കുക. ഇനി അടി കടിയുള്ള പാത്രത്തിൽ എണ്ണ ചൂടാക്കാൻ വയ്ക്കുക. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് വെളുത്തുള്ളി അല്ലിയും ഉലുവ ഇലയും ചേർത്ത് നന്നായി വഴറ്റുക. നന്നായി വഴറ്റിയതിന് ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാം.
ഇനി ഇതേ പാത്രത്തിൽ തന്നെ കുറച്ചുകൂടി എണ്ണ ഒഴിച്ച് ജീരകം, ഉണക്കമുളക്, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക. ശേഷം ഇതിലേക്ക് ഉള്ളി കൂടെ ചേർത്ത് നന്നായി വഴറ്റി എടുക്കാം. ഉള്ളി നന്നായി വഴണ്ടു വരുമ്പോൾ മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപൊടി, കശ്‌മീരി മുളക്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക.
ശേഷം കുറച്ച് വെള്ളം, തക്കാളി വേവിച്ച് അരിച്ചെടുത്തത്, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കിയ ശേഷം അഞ്ച് മിനിറ്റ് മൂടി വച്ച് വേവിക്കാം. മൂടി മാറ്റിയ ശേഷം ഇതിലേക്ക് ഉണക്കിയ ഉലുവ കൂടെ ചേർത്ത് നന്നായി ഇളക്കുക.
ഇനി ഇതിലേക്ക് നേരത്തെ അരച്ച് വച്ച പയറിൻ്റെയും നിലക്കടലയുടെയും പേസ്‌റ്റ് ചേർത്ത് നന്നായി വേവിച്ചെടുക്കാം. അവസാനമായി കുറച്ച് ഗരം മസാലയും വറുത്ത ഉലുവയും ചേർത്ത് ഇളക്കിയെടുക്കാം. ഇതോടെ സ്വാദിഷ്‌ടമായ മേത്തി തയ്യാറായി കഴിഞ്ഞു. ഇനി ഇത് ചോറിൻ്റെയോ ചപ്പാത്തിയുടെയോ ദോശയുടെയോ കൂടെ വിളമ്പാം.







