നീറ്റ് പിജി 2025 പ്രവേശനത്തിനുള്ള യോഗ്യത മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു

0
69

രാജ്യത്തുടനീളമുള്ള ബിരുദാനന്തര മെഡിക്കൽ സീറ്റുകളുടെ ഒഴിവുകള്‍ പരിഹരിക്കണമെന്ന പരാതി ഉയർന്നതോടെയാണ് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിൻ്റെ ഇടപെടൽ.

ന്യൂഡൽഹി: നീറ്റ് പിജി 2025 പ്രവേശനത്തിനുള്ള യോഗ്യത മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ‌ബി‌ഇ‌എം‌എസ്). സീറ്റുകളില്‍ ഒഴിവ് വരാതിരിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടതായി എൻ‌ബി‌ഇ‌എം‌എസ് വ്യക്തമാക്കി.

രണ്ടാം റൗണ്ട് കൗൺസിലിങ് പൂർത്തിയായതിനെ തുടർന്നാണ് തീരുമാനം. രാജ്യത്തുടനീളമുള്ള ബിരുദാനന്തര മെഡിക്കൽ സീറ്റുകളുടെ ഒഴിവുകള്‍ പരിഹരിക്കണമെന്ന പരാതി ഉയർന്നതോടെയാണ് വ്യക്തത വരുത്തിയതെന്നും എൻ‌ബി‌ഇ‌എം‌എസ് അറിയിച്ചു.

“കഴിഞ്ഞ അധ്യായന വര്‍ഷങ്ങളില്‍ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളജുകളിൽ 18,000-ത്തിലധികം പി‌ജി സീറ്റുകൾ നികത്തപ്പെട്ടിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ലഭ്യമായ സീറ്റുകളില്‍ ഒഴിവ് വരാതിരിക്കുക എന്ന ലക്ഷ്യത്തിനായി പരിഷ്‌കരണങ്ങള്‍ നടത്തിയത്. ഇത് ഇന്ത്യയിലെ പരിശീലനം ലഭിച്ച മെഡിക്കൽ സ്പെഷ്യലിസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. വന്‍ തോതില്‍ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് രാജ്യത്തിൻ്റെ ആരോഗ്യ മേഖലയെ കാര്യമായി ബാധിക്കുന്നു. അതിനോടൊപ്പം രാജ്യത്തിൻ്റെ വിദ്യാഭ്യാസ അവസരങ്ങളും നഷ്‌പ്പെടുന്നതിന് കാരണമാകുന്നു” – എൻ‌ബി‌ഇ‌എം‌എസ് മാധ്യമങ്ങളോട് പറഞ്ഞു.

നീറ്റ്-പിജി ഉദ്യോഗാർഥികളെല്ലാം എംബിബിഎസ് യോഗ്യതയുള്ള ഡോക്‌ടർമാരാണ്. ബിരുദങ്ങളും ഇൻ്റേൺഷിപ്പുകളും പൂർത്തിയാക്കിയവരാണ്. കേന്ദ്രീകൃത കൗൺസിലിങിലൂടെ ന്യായമായും സുതാര്യമായും സീറ്റുകൾ അനുവദിക്കാൻ സഹായിക്കുന്ന ഒരു റാങ്കിങ് സംവിധാനമാണ് നീറ്റ്-പിജി. സീറ്റുകൾ ലഭ്യമായിരുന്നെങ്കിലും പഴയ കട്ട് ഓഫ് പരിധികൾ യോഗ്യരായ ഉദ്യോഗാർഥികളുടെ എണ്ണം പരിമിതപ്പെടുത്തി.

ഇപ്പോഴും പ്രവേശനം നടക്കുന്നത് നീറ്റ്-പിജി റാങ്കിൻ്റെയും ഉദ്യോഗാര്‍ഥികളുടെ തെരഞ്ഞെടുപ്പിൻ്റെയും മെരിറ്റിൻ്റേയും അടിസ്ഥാനത്തിലാണ്. അംഗീകൃത കൗൺസിലിങ് സംവിധാനങ്ങളിലൂടെ മാത്രമേ അലോട്ട്‌മെൻ്റുകൾ നടത്തൂ. നേരിട്ടുള്ളതോ വിവേചനാധികാരമുള്ളതോ ആയ പ്രവേശനം അനുവദനീയമല്ലെന്നും എൻ‌ബി‌ഇ‌എം‌എസ് പറഞ്ഞു.

ഇൻ്റർ-സെ മെറിറ്റും ചോയിസ് അടിസ്ഥാനമാക്കിയുള്ള വിഹിതവും സീറ്റ് വിതരണത്തെ നയിക്കുന്നത് തുടരും. അക്കാദമിക് കാര്യങ്ങള്‍ നിയമപരമായി നടക്കും. എന്നാല്‍ പരിഷ്‌കരിച്ച യോഗ്യത മാനദണ്ഡങ്ങള്‍ എംബിബിഎസ് ഡോക്‌ടർമാരുടെ യോഗ്യത വര്‍ധിപ്പിക്കും. ഇത് സംവിധാനത്തിൻ്റെ സുതാര്യത മെച്ചപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. നീറ്റ് പിജി പ്രവേശന പ്രക്രിയ സുതാര്യതയോടെയും നീതിയോടെയും നടക്കുമെന്നും എൻ‌ബി‌ഇ‌എം‌എസ് പറഞ്ഞു. സീറ്റ് പാഴാക്കൽ തടയുന്നതിനും ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള അടിയന്തര ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

2026 ജനുവരി 12 ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) യോഗ്യതാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ഔദ്യോഗികമായി അഭ്യർഥിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പരിഷ്‌കരണം. രാജ്യത്തിൻ്റെ പൊതുജനാരോഗ്യത്തിനും സമൂഹത്തിൻ്റെ വളര്‍ച്ചയ്‌ക്കും ഇത് നിര്‍ണായകമാകും.

ഇക്കാര്യത്തില്‍ സമയബന്ധിതമായ ഇടപെട്ടതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആരോഗ്യ മന്ത്രി ജെപി നദ്ദയ്ക്കും ഐഎംഎ ഹൃദയംഗമമായ നന്ദി അറിയിച്ചു. ഈ നടപടി അക്കാദമിക് സമഗ്രത നിലനിർത്തുന്നതിനൊപ്പം സീറ്റ് വിനിയോഗം ഉറപ്പാക്കുന്നതിനും കാരണമാകുന്നു. നിലവില്‍ നീറ്റ് പിജി പ്രവേശനം ന്യായവും സുതാര്യവും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതുമാണ്. ഇത് ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള സർക്കാരിൻ്റെ പ്രതിബദ്ധത വര്‍ധിപ്പിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here