പരേഡ്, വെളി മൈതാനങ്ങളിലായി ഇത്തവണ രണ്ട് പാപ്പാഞ്ഞികളെ കത്തിക്കും. പോയവർഷത്തെ തിന്മകളെ ഇതിലൂടെ യാത്രയാക്കും. ആഘോഷങ്ങൾക്ക് പോലീസ് വിപുലമായ സുരക്ഷയൊരുക്കി.
എറണാകുളം: പുതുവത്സരത്തെ വരവേൽക്കാൻ അറബിക്കടലിൻ്റെ റാണിയായ കൊച്ചി പൂർണമായും ഒരുങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പുതുവത്സരാഘോഷ കേന്ദ്രമായ ഫോർട്ട് കൊച്ചിയിലേക്ക് വരുംദിവസങ്ങളിൽ പതിനായിരങ്ങൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിലെ പുതുവത്സരാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ കാർണിവലും കൊച്ചി മുസിരിസ് ബിനാലെയും പാപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങുകളും സജീവമായിട്ടുണ്ട്.
സമീപ ദിവസങ്ങളിൽ തന്നെ വൻ ജനാവലിയാണ് ഫോർട്ട് കൊച്ചിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അലങ്കാര വിളക്കുകളും നക്ഷത്രങ്ങളും ക്രിസ്‌മസ് ട്രീയുമൊക്കയായി ഏറെ മനോഹരമായി ഫോർട്ട് കൊച്ചിയും പരിസരവും അണിഞ്ഞൊരുങ്ങി. ഫോർട്ട് കൊച്ചി ബീച്ചിലും പാപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് മൈതാനിയിലും വെളി മൈതാനിയിലുമായാണ് ആഘോഷങ്ങൾ പ്രധാനമായും നടക്കുക.
വൈകുന്നേരത്തോടെ ആരംഭിക്കുന്ന ആഘോഷങ്ങൾ രാത്രി 12ന് പാപ്പാഞ്ഞിയെ കത്തിക്കുന്നതോടെയാണ് പാരമ്യത്തിലെത്തുക. പോയ വർഷത്തെ തിന്മകളെ അകറ്റി പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിൻ്റെ പ്രതീകമായാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നത്. പോർച്ചുഗീസ് അധീനതയിലായിരുന്ന കാലത്താണ് പാപ്പാഞ്ഞിയെ കത്തിക്കുന്ന ആഘോഷം കൊച്ചിയില്‍ ആദ്യമായി തുടങ്ങിയത്. പാപ്പാഞ്ഞിക്കൊപ്പം പാട്ടും മേളവും കരിമരുന്ന് പ്രയോഗവുമെല്ലാം പുതുവത്സരാഘോഷത്തെ വർണാഭമാക്കും.
ആരാണ് പാപ്പാഞ്ഞി?
പാപ്പാഞ്ഞിക്ക് ഏതെങ്കിലുമൊരു മതവുമായോ ക്രിസ്‌മസ് ആഘോഷവുമായോ യാതൊരു ബന്ധവുമില്ല. പാപ്പാഞ്ഞിയെന്നാൽ സാന്‍റയാണെന്ന തെറ്റായ ധാരണ ചിലർക്കെങ്കിലുമുണ്ട്. എന്നാൽ പാപ്പാഞ്ഞിയെന്ന പോർച്ചുഗീസ് പദത്തിന് മുത്തച്ഛൻ എന്നാണ് അർഥം. പോർച്ചുഗീസുകാർ ദീർഘകാലം ഭരിച്ച കൊച്ചി അവരിൽ നിന്നും ഏറ്റെടുത്തതാണ് പാപ്പാഞ്ഞിയെ കത്തിക്കൽ. കഴിഞ്ഞ നാലര പതിറ്റാണ്ടായി കൊച്ചി കാർണിവൽ കമ്മിറ്റി ജനകീയമായാണ് പാപ്പാഞ്ഞിയെ കത്തിച്ചുള്ള പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നത്. എന്നാൽ കാർണിവൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ വിയോജിപ്പുള്ള ഗാല ഡി ഫോർട്ട് കൊച്ചിയെന്ന കൂട്ടായ്മയും കഴിഞ്ഞ വർഷം മുതൽ പാപ്പാഞ്ഞിയെ തയാറാക്കി വെളി മൈതാനിയിൽ വച്ച് കത്തിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ഇത്തരത്തിൽ പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് പൊലീസ് അനുമതി നിഷേധിച്ചെങ്കിലും സംഘാടകർ ഹൈക്കോടതിയെ സമീപിച്ച് അനുമതി നേടിയെടുക്കുകയായിരുന്നു. ഇത്തവണ എല്ലാവരുടെയും സഹകരണം ലഭിക്കുന്നുണ്ടെന്നും തങ്ങൾ ഇറ്റാലിയൻ മാതൃകയിലുള്ള പാപ്പാഞ്ഞിയെയാണ് തയാറാക്കിയതെന്നും ഗാല ഡി ഫോർട്ട് കൊച്ചിയുടെ രക്ഷാധികാരിയായ ബെനഡിക്ട് ഫെർണാണ്ടസ് പറയുന്നു.
ഇത്തവണത്തെ പാപ്പാഞ്ഞിമാർ
ഓരോ വർഷവും പാപ്പാഞ്ഞിയുടെ ഉയരം വർധിപ്പിച്ച് 80 അടിയിലേക്ക് വരെ എത്തിയിരുന്നു. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ച് പാപ്പാഞ്ഞിയുടെ ഉയരം കുറയ്ക്കാൻ അധികൃതർ നിർദേശം നൽകുകയായിരുന്നു. കാർണിവൽ കമ്മിറ്റി പരേഡ് മൈതാനിയിൽ ഒരുക്കുന്ന പാപ്പാഞ്ഞിയുടെ ഉയരം 50 അടിയാണ്. എന്നാൽ വെളി മൈതാനിയിൽ ഗാല ഡി ഫോർട്ട് കൊച്ചി തയാറാക്കിയത് 55 അടി ഉയരമുള്ള പാപ്പാഞ്ഞിയാണ്. 1500 കിലോയോളം ഇരുമ്പ് പൈപ്പിലാണ് പാപ്പാഞ്ഞിയുടെ ഫ്രെയിം തയാറാക്കിയത്. അര ഡസനിലധികം തൊഴിലാളികൾ ഒരാഴ്‌ചയോളമായി പാപ്പാഞ്ഞിയുടെ നിർമാണത്തിലായിരുന്നു.
ഫ്രെയിമിന് മുകളിൽ പർപ്പിൾ, ചുവപ്പ്, കറുപ്പ് തുടങ്ങിയ ബഹുവർണങ്ങളിലുള്ള തുണി ചുറ്റിയാണ് പാപ്പാഞ്ഞിയുടെ വസ്ത്രം തയാറാക്കുന്നത്. ഇതിനുള്ളിൽ വൈക്കോലും നിയന്ത്രിത അളവിലുള്ള പടക്കവും കൂടി നിറയ്ക്കും. ഇത്രയും വിപുലവും ജനകീയവുമായ പുതുവത്സരാഘോഷം രാജ്യത്ത് തന്നെ വേറെയില്ലെന്ന് കാർണിവൽ കമ്മിറ്റി അംഗവും കൊച്ചി മുൻ മേയറുമായ കെ ജെ സോഹൻ പറഞ്ഞു. പാപ്പാഞ്ഞി നിർമാണം പൂർത്തിയാക്കി ഇന്ന് തന്നെ പരേഡ് മൈതാനിയിൽ പാപ്പാഞ്ഞി ഉയരുമെന്ന് നിർമാണ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന അനിൽകുമാർ വ്യക്തമാക്കി.
അതേസമയം വെളി ഗ്രൗണ്ടിൽ 55 അടി ഉയരമുള്ള പാപ്പാഞ്ഞിയെ സംഘാടകർ നേരത്തെ തന്നെ തയാറാക്കിയിട്ടുണ്ട്. ഇരിക്കുന്ന രീതിയിലാണ് ഈ പാപ്പാഞ്ഞിയെ നിർമിച്ചത്. ക്രിസ്മസ് മുതൽ വൻ ജനാവലിയാണ് ഈ പാപ്പാഞ്ഞിയെ കാണാൻ ഇവിടെയെത്തുന്നത്. പുതുവർഷ രാവിലെ തിരക്ക് പരിഗണിച്ച് നേരത്തെ വന്ന് പാപ്പാഞ്ഞിയെ കണ്ട് മടങ്ങുന്നവരും നിരവധിയാണ്.
ആകർഷണമായി മഴമരം
വെളി മൈതാനിയിലെ 80 അടി ഉയരമുള്ള മഴമരം പ്രകൃതിദത്തമായ ക്രിസ്മസ് ട്രീയായി മാറാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടിലേറെയായി. നൈറ്റ്സ് യുണൈറ്റഡിൻ്റെ നേതൃത്വത്തിലാണ് ഏറ്റവും വലിയ നക്ഷത്ര മരമൊരുക്കിയത്. ഇത്തവണ സ്വർണനിറത്തിലാണ് മഴമരം വെളി മൈതാനിയിൽ പ്രകാശം പരത്തുന്നത്. ഇതിനായി ഒന്നര ലക്ഷത്തോളം സീരിയൽ ബൾബുകളും 50 എൽഇഡി ബോളുകൾ, 100 എൽഇഡി നക്ഷത്രങ്ങൾ തുടങ്ങിയവയും ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്മസ് മുതൽ പുതുവത്സരദിനം വരെ വൈകുന്നേരം ഏഴിന് മരം തെളിഞ്ഞുനിൽക്കും. പുതുവത്സര ആഘോഷത്തിനായി ഫോർട്ട് കൊച്ചിയിലേക്ക് എത്തുന്നവരുടെ ശ്രദ്ധാകേന്ദ്രം കൂടിയാണ് ഈ മരം. സെൽഫിയായും റീലായും ഈ മരം സമൂഹമാധ്യമങ്ങളിലും താരമാണ്.
സുരക്ഷാ വലയത്തിൽ കൊച്ചി
വലിയ തോതിലുള്ള പൊലീസ് സുരക്ഷയാണ് കൊച്ചിയിലെ ആഘോഷങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വിദേശികളായ ടൂറിസ്‌റ്റുകൾക്ക് വേണ്ടി പാപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് മൈതാനിയിൽ പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. നിരീക്ഷണ കാമറകളും നിരീക്ഷണ ടവറും സ്ഥാപിച്ച് പൊലീസ് വലയത്തിലാണ് ഫോർട്ട് കൊച്ചിയിലെ ആഘോഷങ്ങൾ നടക്കുക. മയക്കുമരുന്ന് ഉപയോഗം തടയുന്നതിനും പൊലീസ് വിപുലമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പാർക്കിങ് ഉൾപ്പെടെ പ്രത്യേകം ക്രമീകരിക്കും. നിയന്ത്രണങ്ങളെ കുറിച്ച് ജില്ലാ കലക്ടറും സിറ്റി പൊലീസ് കമ്മിഷണറും ഇന്ന് വ്യക്തമാക്കും.





