മണ്ഡല പൂജയ്ക്കായി ശബരിമല സന്നിധാനത്ത് എത്തിച്ച തങ്ക അങ്കിക്ക് ഭക്തി നിർഭരമായ വരവേൽപ്പ് നൽകി. തുടർന്നു തങ്ക അങ്കി ചാർത്തി ശബരീശനു ദീപാരാധന നടന്നു. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയാണ് മണ്ഡല പൂജയ്ക്കു ചാർത്തുന്നതിനുള്ള തങ്ക അങ്കി 1973ൽ നടയ്ക്കു വച്ചത്. ചൊവ്വാഴ്ച ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് തങ്ക അങ്കി ഘോഷയാത്ര ആരംഭിച്ചത്.
പത്തനംതിട്ട: നാൽപത്തിയൊന്ന് ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീർഥാടനത്തിനു ഇന്ന് (ഡിസംബർ 27) സമാപനം. രാത്രി 10 മണിക്കു ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും.
മണ്ഡലകാല തീർഥാടനത്തിനു സമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ ഇന്ന് രാവിലെ 10.10നും 11.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ നടക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലാണ് മണ്ഡലപൂജ നടക്കുന്നത്.
അതേസമയം, ശബരിമല ദർശനത്തിനെത്തിയവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടു. ഡിസംബർ 25 വരെയുള്ള കണക്കനുസരിച്ച് 30,01,532 പേരാണ് ദർശനം നടത്തിയത്. കഴിഞ്ഞസീസണിൽ ഡിസംബർ 23ന് തന്നെ തീർഥാടകരുടെ എണ്ണം 30 ലക്ഷം പിന്നിട്ടിരുന്നു. (30,78,044 പേർ.) 2024 ഡിസംബർ 25 വരെ 32,49,756 പേരാണു ദർശനം നടത്തിയത്. 2023ൽ ഡിസംബർ 25 വരെ 28.42 ലക്ഷം ഭക്തരാണ് എത്തിയത്്.
ഈ വർഷം സീസണിന്റെ തുടക്കത്തിൽ തന്നെ ഭക്തരുടെ അഭൂതപൂർവമായ തിരക്കിനെത്തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരം വിർച്വൽ ക്യൂവിലും, സ്‌പോട്ട് ബുക്കിങ്ങിലും കർശന നിയന്ത്രണങ്ങൾ പാലിച്ചിരുന്നു. ഇക്കുറി ഏറ്റവും കൂടുതൽ ആളുകൾ ദർശനത്തിനെത്തിയത് നട തുറന്ന് നാലുദിവസം പിന്നിട്ട നവംബർ 19നാണ്. 1,02,299 പേരാണ് അന്ന് എത്തിയത്. ഏറ്റവും കുറവു പേർ എത്തിയത് ഡിസംബർ 1നാണ്. 49,738 പേരാണ് ആ ദിവസം എത്തിയത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് അവധിദിവസമായ ഞായറാഴ്ചകളിൽ തിരക്ക് കുറവായിരുന്നു. ഈ ഞായറാഴ്ച (ഡിസംബർ 21) 61,576 പേരാണ് ദർശനത്തിനെത്തിയത്. ബാക്കി ദിവസങ്ങളിൽ എൺപതിനായിരത്തിനു മുകളിൽ ഭക്തരെത്തി. തിങ്കൾ – 85847, ചൊവ്വ, 83845, ബുധൻ – 85388, വ്യാഴം – 89729.
മണ്ഡല പൂജയോടനുബന്ധിച്ചു വെള്ളി, ശനി (ഡിസംബർ 26, 27) ദിവസങ്ങളിൽ വിർച്വൽ ക്യൂ വഴി ഭക്തരെ അനുവദിക്കുന്നതു യഥാക്രമം 30000, 35000 ആയി ചുരുക്കി. സ്‌പോട്ട്ബുക്കിങ് 2000 ആയും നിജപ്പെടുത്തി. തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ടു വെള്ളിയാഴ്ച രാവിലെമുതൽ പമ്പയിൽ നിന്നു ഭക്തരെ കടത്തിവിടുന്നതിൽ നിയന്ത്രണം ഏർപ്പെട്ടിത്തിയിരുന്നു. രാവിലെ ഒൻപതുവരെയുള്ള കണക്കനുസരിച്ച് 22, 039 പേർ ദർശനം നടത്തി.







